8 ലക്ഷം രൂപയ്‌ക്ക്‌ നിർമ്മിച്ച ഈ വീടാണ് ഇപ്പോൾ താരം

കയറിക്കിടക്കാനൊരു സ്വന്തം വീട് എല്ലാ മലയാളികളുടെയും സ്വപ്നമാണ്. സ്വപ്ന സൗധം നിര്‍മ്മിച്ച് കഴിഞ്ഞാലുണ്ടാകുന്ന ലക്ഷങ്ങളുടെ ബാധ്യതയുമായി അതേ വീടിനുള്ളില്‍ ഉറക്കമില്ലാത്ത ജന്മങ്ങളായി മാറുന്ന ഗൃഹനാഥന്മാരും കുറവല്ല. അങ്ങനെ വരാതിരിക്കാനിതാ ഒരു നല്ല പ്ളാന്‍. കല്‍പ്പറ്റയിലെ റിയാ മന്‍സില്‍ എന്ന 730 സ്ക്വയര്‍ ഫീറ്റിലുള്ള വീട് നിര്‍മ്മിക്കാന്‍ കഴിഞ്ഞ വർഷം (2016ൽ) ആകെ ചിലവായത് എട്ട് ലക്ഷം രൂപയാണ്.

ചെലവിനെ പിടിച്ച പിടിയിലൊതുക്കി പോക്കറ്റ് ചോരാതെ ഒരു കോണ്‍ട്രാക്റ്റര്‍ പണിതുയര്‍ത്തിയ വീട് എന്ന വിശേഷണമാണ് വയനാട് കല്‍പ്പറ്റയിലെ റിയാ മന്‍സിലിന് നന്നായി ഇണങ്ങുക. വീടുപണിയെന്നത് ലക്ഷങ്ങളുടെ ഇടപാടായി മാറികൊണ്ടിരിക്കുന്ന ഇക്കാലത്ത് റിയാ മന്‍സിലിന് ഏറെ പ്രസക്തിയുണ്ട്. കാരണം 8 ലക്ഷം രൂപയ്ക്കാണ് 730 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഈ വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എട്ടു ലക്ഷത്തിനു നിര്‍മ്മാണം പൂര്‍ത്തിയയോ എന്ന് അത്ഭുതപ്പെടുത്താന്‍ വരട്ടെ? സംഗതി സത്യമാണ്. അല്ലെങ്കിലും, വീട്ടുകാരനും ഡിസൈനറും കോണ്‍ട്രാക്റ്ററുമൊക്കെ ഒരാള്‍ തന്നെയാവുമ്പോള്‍ ബഡ്ജറ്റിന് വരുതിയ്ക്ക് നിന്നല്ലേ പറ്റൂ.

സൗകര്യവും ഭംഗിയും ഒന്നിച്ചുകൊണ്ടുവരുമ്പോഴേക്കും ബഡ്ജറ്റ് കൂടുന്ന നിര്‍മ്മാണസമവാക്യങ്ങളെ കുറിച്ചാണ് നമ്മള്‍ കൂടുതലും കേട്ടിട്ടുണ്ടാവുക. എന്നാല്‍ റിയാ മന്‍സില്‍ ഒരു തിരുത്താണ്. ഇവിടെ പതിവു സമവാക്യങ്ങളെയെല്ലാം തിരുത്തിയെഴുതുക തന്നെ വേണം. ഭംഗിയോടോ സൗകര്യങ്ങളോടോ ഒന്നും നിര്‍മ്മാണത്തിന്‍റെ ഒരു ഘട്ടത്തിലും ഈ വീട് കോംപ്രമൈസ് ചെയ്തിട്ടില്ല.

നാലരസെന്‍റു വരുന്ന പ്ലോട്ടിലാണ് ഈ വീടിരിക്കുന്നത്. നിരപ്പായ ഉറച്ച സ്ഥമായിരുന്നു ഇത്. അതുകൊണ്ടു തന്നെ മണ്ണിട്ട് നിരത്തല്‍, ഇടിച്ചു നിരപ്പാക്കല്‍, പരുവപ്പെടുത്തല്‍ തുടങ്ങിയ കലാപരിപാടികളൊന്നും തന്നെ ഈ വീടിന്‍റെ കാര്യത്തില്‍ വേണ്ടി വന്നില്ല. ഈ ഇനത്തില്‍ പണം ചെലവാക്കേണ്ടതായും വന്നില്ല. വീടിന്‍റെ ഒരു ഭാഗമെന്ന രീതിയിലാണ് കോമ്പൗണ്ട് വാള്‍ ഒരുക്കിയത്. വീടിന്‍റെ ഇടതുവശത്തേയും പിന്‍ഭാഗത്തേയും ഭിത്തികളുടെ റോള്‍ നിര്‍വ്വഹിക്കുന്നതും ഈ കോമ്പൗണ്ട് വാള്‍ തന്നെ. ഭിത്തി, മതില്‍ എന്നിവയെ ഒന്നാക്കി പണിതതുവഴി ഭിത്തിനിര്‍മ്മാണത്തിനു വേണ്ടി വരുന്ന ചെലവ് നല്ലൊരു ശതമാനം വരെ ലാഭിക്കാന്‍ മുജീബിന് കഴിഞ്ഞിട്ടുണ്ട്. തേക്കും മഹാഗണിയുമൊക്കെ ചെലവു കൂട്ടും എന്നതിനാല്‍ ബദല്‍ മരങ്ങളെയാണ് ഡിസൈനര്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വിലക്കൂടിയ മരങ്ങള്‍ക്കു പകരം കുന്നിമരത്തിന്‍റെ തടികൊണ്ടുള്ള ജനലുകളും വാതിലുകളും നിര്‍മ്മിച്ചു.

സ്പെയ്സുകള്‍
ബെഡ് റൂം, കിച്ചന്‍, കോമണ്‍ ബാത് റൂം, ചെറിയൊരു സ്റ്റോര്‍ റൂം എന്നിവ അടങ്ങുന്നതാണ് ഇവിടുത്തെ ഇന്‍റീരിയര്‍ സ്പെയ്സുകള്‍. കോമണ്‍ ബാത്ത് റൂമില്‍നിന്നും കിടപ്പുമുറിയിലേക്ക് ഒരു എന്‍ട്രന്‍സും നല്‍കിയിട്ടുണ്ട്. ലളിതമായ ഡിസൈനും കണ്‍ടെംപ്രറി ലുക്കുമാണ് വീടിന്‍റെ സവിശേഷതകള്‍. പണിക്കൂലിയും സാധനങ്ങളുടെ വിലയും ബഡ്ജറ്റിനെ താളം തെറ്റിക്കുമെന്ന് കണ്ട് റെഡിമെയ്ഡ് ഫര്‍ണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ 50 രൂപ വില വരുന്ന ഇടത്തരം വിട്രിഫൈഡ് ടൈലാണ് ഫ്ളോറില്‍ ഉപയോഗിച്ചത്.

വെട്ടുകല്ല് ഉപയോഗിച്ചാണ് വീടിന്‍റെ ചുമരുകള്‍ ഒരുക്കിയത്. ചെലവു ചുരുക്കാനായി ഉള്ളിലെ ഭിത്തികളുടെ കനം കുറച്ചിരിക്കുന്നു. ഏഴ് ഇഞ്ചാണ് അകത്തെ ഭിത്തികളുടെ കനം. ഹോളോബ്രിക്സ് ആണ് ചുറ്റുമതില്‍ കെട്ടാന്‍ തെരെഞ്ഞെടുത്തത്. അഞ്ചുമാസം കൊണ്ടാണ് വീടിന്‍റെ നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയാക്കിയത്. അപ്പോക്സി പെയിന്‍റാണ് വീടിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. പ്ലംബിങ്, ഇലക്ട്രിക് ജോലികളും വീട്ടുടമസ്ഥന്‍ നേരിട്ടാണ് ചെയ്തത്. ഭാവിയില്‍ ആവശ്യം വരികയാണെങ്കില്‍ മുകളില്‍ ഒരു നില പണിയാനായി റൂഫില്‍ കോണ്‍ക്രീറ്റ് വാര്‍ത്ത്, സ്റ്റെയര്‍ കെയ്സും നല്‍കിയിട്ടുണ്ട്.

കുറഞ്ഞ ബജറ്റില്‍ വീടുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാകുന്നൊരു പ്രൊജക്റ്റാണ് റിയാമന്‍സില്‍. ആവശ്യമാണ് സൃഷ്ടിയുടെ മാതാവെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നുണ്ട് ഈ ബഡ്ജറ്റ് ഹോം.

സാക്ഷ്യപ്പെടുത്തുന്നു.
ചിത്രങ്ങൾ: ബാദുഷ
കടപ്പാട്‌: മനോരമ

Leave a Reply

Your email address will not be published. Required fields are marked *