504 അക്കൗണ്ടുകളിലായി ഗുര്‍മീതിന്റെ ആശ്രമത്തിന് 75 കോടി, ഹണിപ്രീതിനായി മാത്രം കോടികള്‍ വേറേ

ചണ്ഡിഗഡ്: ബലാത്സംഗകേസില്‍ 20 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ കോടികളുടെ സ്വത്തു വിവരങ്ങള്‍ പുറത്ത്. ദേരാ സച്ചാ സൗദ ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 500 ല്‍ അധികം അക്കൗണ്ടുകളിലായി കോടികളുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്.

കണ്ടെത്തിയ 504 അക്കൗണ്ടുകളില്‍ 473 എണ്ണം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളാണ്. മറ്റു അക്കൗണ്ടുകള്‍ ലോണ്‍ അക്കൗണ്ടുകളാണ്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലായി 75 കോടി രൂപയുടെ നിക്ഷേപമാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.

ഗുര്‍മീത് റാം റഹിം സിങ്ങിനും ദത്തുപുത്രിയും, മനസാക്ഷി സൂക്ഷിപ്പുകാരിയുമായ ഹണീപ്രീത് സിങ്ങിനുമായി വേറെ നിരവധി അക്കൗണ്ടുകളിലായി കോടികളുടെ നിക്ഷേപവും ഭദ്രമായിരുന്നു. ഗുര്‍മീതിന് 12 അക്കൗണ്ടുകളിലായി 7.72 കോടി രൂപയാണ് നിക്ഷേപം. ഹണിപ്രീതിനു ഏഴു അക്കൗണ്ടുകളിലായി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.

ഇതു കൂടാതെ ഗുര്‍മീതിന്റെ സിനിമാ നിര്‍മ്മാണ യൂണിറ്റിനകത്ത് ഹക്കിക്കാത്ത് എന്റെര്‍ടെയിന്‍മെന്റിന്റെ പേരില്‍ ഇരുപതു അക്കൗണ്ടുകളിലായി അമ്പതുകോടി രൂപയുണ്ട്. കണ്ടെത്തിയ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. ദേരാ സച്ചാ സൗദയുടെ സ്വത്തുവിവരങ്ങളുടെ കണക്ക് തയാറാക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇരു സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിക്കു പിന്നാലെ ഉണ്ടായ കലാപത്തിലെ നാശ നഷ്ടങ്ങങ്ങള്‍ക്കു ദേരാ ആശ്രമത്തിന്റെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *