ഷാര്‍ജ ശൈഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങള്‍, ആ 149 ല്‍ ഒരാള്‍; യുവാവിന്റെ ചിത്രം വൈറലാകുന്നു

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഷേഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനവും ചരിത്രപരമായ പ്രഖ്യാപനവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

മൂന്ന് വര്‍ഷമായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരിയുടെ വാക്കുകളെ സന്തോഷത്തോടെയാണ് കേരളം സ്വീകരിച്ചത്.

ഇതിന് പിന്നാലെ പിണറായി വിജയനെ അഭിനന്ദം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ‘ആ 149 ല്‍ ഒരാളെന്ന് അവകാശപ്പെടുന്ന’ ജസീം എം എന്നയാളുടെ ചിത്രമാണ്.
ഷാര്‍ജ ഷെയ്ക്കിനും സഖാവ് പിണറായി വിജയനും അഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് യുവാവിന്റെ കൈകൂപ്പിയുള്ള ചിത്രമാണ് ഇത്. സഖാവ് പിണറായിയെ എന്നും വിമര്‍ശിക്കുന്നവര്‍ ഇത് കാണണം എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം ചിലര്‍ ഷെയര്‍ ചെയ്യുന്നത്.
എന്നാല്‍ ഇത് യഥാര്‍ത്ഥ ചിത്രമല്ലെന്നും ദുബായില്‍ നിന്നും തിരിച്ചെത്തുന്ന ജസീമിന് സഹമുറിയന്‍മാര്‍ നല്‍കിയ പണിയാണെന്നും പറഞ്ഞു സുഹൃത്തുക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ പേരില്‍ അവിടെ കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം അവിടെ ജയിലിലൊന്നും ആയിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
കോഴിക്കോട് സ്വദേശിയായ ജസീം കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്നും തിരിച്ചെത്തിയത്. ദുബായിലെ അല്‍ ഖൂസിലുള്ള പ്ലാന്റേഴ്‌സ് എന്ന കമ്പനിയിലെ ജീവനക്കാരന്‍ ആയിരുന്നു ഇദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജസീമിന് സുഹൃത്തുക്കള്‍ നല്‍കിയ യാത്രയയപ്പായിരുന്നു ഈ ചിത്രം. ജസീലിനൊപ്പം മുറിയില്‍ ഇരുന്ന് ബാഗേജില്‍ എഴുന്ന ചിത്രങ്ങളും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലായിരുന്നു 149 ഇന്ത്യക്കാരെ പൊതുമാപ്പിന്റെ ബലത്തില്‍ ഷാര്‍ജയിലെ ജയിലില്‍ നിന്നും മോചിതരാക്കുമെന്ന ഉറപ്പ് ഷാര്‍ജ ഭരണാധികാരി നല്‍കിയത്.
ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന തടവുകാരെ നാട്ടിലേക്ക് തിരിച്ചയക്കണം എന്നായിരുന്നു പിണറായി വിജയന്‍ സുല്‍ത്താനോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ എന്തിനാണ് അവര്‍ തിരിച്ചുപോകുന്നത്, അവര്‍ ഷാര്‍ജയില്‍ നില്‍ക്കട്ടെ. ഷാര്‍ജ അവര്‍ക്ക് ജോലി നല്‍കും എന്നായിരുന്നു സുല്‍ത്താന്റെ മറുപടി.
ഇതിന് പിന്നാലെ 149 ഇന്ത്യക്കാര്‍ മോചിതരാകുന്ന വാര്‍ത്ത പിണറായി വിജയനും ഷാര്‍ജ ഭരണാധികാരിയും സംയുക്ത പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ സംസാരിക്കവേ ഗുരുതരമല്ലാത്ത കേസുകളില്‍ പെട്ടിട്ടുള്ള മുഴുവന്‍ മലയാളികളും പുറത്ത് വരുമെന്നും ഷാര്‍ജ ഭരണാധികാരിയും പ്രഖ്യാപിച്ചിരുന്നു. ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന പ്രവാസി മലയാളികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു ഈ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *