ശ്രീകൃഷ്ണ ജയന്തിയില്‍ പുലര്‍ച്ചെ ഗുരുവായൂരില്‍ തൊഴുകൈകളുമായി മന്ത്രി കടകംപളളി; മടങ്ങിയത് ഒരു ദിവസം ചെലവഴിച്ച് പ്രശംസ ചൊരിഞ്ഞ്

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ദിവസം മുഴുവന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടി മന്ത്രി കടകംപളളി സുരേന്ദ്രന്‍. അവസാനം ക്ഷേത്രത്തില്‍ നിന്നും മടങ്ങിയതാകട്ടെ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും ധന്യവുമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന പ്രശംസാ വാചകത്തോടെയും. ഇന്നലെ പുലര്‍ച്ചെ ഗുരുവായൂരിലെത്തിയ മന്ത്രി പന്തീരടി പൂജക്ക് നടയടക്കും മുമ്പെ ക്ഷേത്രത്തിലെത്തി തൊഴുതു. കസവുമുണ്ടും കസവുഷാളും അണിഞ്ഞാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്.

ദേവസ്വം ചെയര്‍മാന്‍ പീതാംബരക്കുറുപ്പിനൊപ്പം കൊടിമരത്തറയ്ക്ക് അടുത്ത് വലിയ ബലിക്കല്ലിന് സമീപം നിന്നാണ് മന്ത്രി പ്രതിഷ്ഠയെ വണങ്ങിയത്. തുടര്‍ന്ന് നാലമ്പലത്തില്‍ പ്രവേശിച്ച് ശ്രീകൃഷ്ണനെയും തൊഴുതു. മേല്‍ശാന്തിക്ക് ദക്ഷിണ നല്‍കി പ്രസാദവും സ്വീകരിച്ചു. നാലമ്പലത്തിന് പുറത്തുകടന്ന് ചുറ്റമ്പലത്തിലെ ഉപദേവതകളായ ഗണപതി, ഇടത്തരികത്തുകാവില്‍ ഭഗവതി, അയ്യപ്പന്‍ എന്നിവരെയും തൊഴുതു. കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാടിന് പണമടച്ചു

കൊടുത്ത പണത്തിന്റെ ബാക്കി വാങ്ങാതെ അത് ക്ഷേത്രത്തിലെ അന്നദാനത്തിന് സംഭാവനയായും നല്‍കി. പിന്നാലെ ആധ്യാത്മിക ഹാളില്‍ കയറി ഭാഗവത പ്രഭാഷണം കേട്ടു. ഒരു മണിക്കൂറില്‍ അധികം ക്ഷേത്രസന്നിധിയില്‍ അദ്ദേഹം ചെലവിട്ടു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന പിറന്നാള്‍ സദ്യക്ക് വിളമ്പുകയും അവിടെ നിന്നും പ്രസാദഭക്ഷണം കഴിക്കുകയും ചെയ്തു.ക്ഷേത്രമതിലില്‍ ചുമര്‍ചിത്ര കലാകാരന്മാര്‍ ഒരുക്കിയ ചിത്രങ്ങളുടെ നേത്രോന്മീലനവും മന്ത്രി നടത്തി. ദേവസ്വത്തിന്റെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും പങ്കെടുത്തശേഷമാണ് മടങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *