വ്യാജ ചികിത്സയെ തുടര്‍ന്ന് രോഗി മരിച്ചു: ജേക്കബ് വടക്കാഞ്ചേരിക്ക് നാല് ലക്ഷം രൂപ പിഴ

കോഴിക്കോട്: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സ്വദേശിയായ അഭിഭാഷകന്‍ സി വിനയാനന്ദനെ വ്യാജ ചികിത്സയ്ക്ക് വിധേയനാക്കി മരണത്തിലേക്ക് നയിച്ച വ്യാജ ഡോക്ടര്‍ ജേക്കബ് വടക്കഞ്ചരി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. പ്രമേഹവും, അള്‍സറും, വൃക്കയില്‍ കല്ലുമായി വിവിധ ആശുപത്രികളില്‍ കയറി ഇറങ്ങിയ രോഗി അവസാന പ്രതീക്ഷ എന്ന നിലയില്‍ ജേക്കബ് വടക്കാഞ്ചേരിയുടെ നേച്ചര്‍ ലൈഫ് ആശുപത്രിയെ സമീപിക്കുകയായിരുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അലട്ടിയിരുന്ന വിനയാനന്ദനെ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ കാല്‍നടയായി പടികള്‍ കയറ്റുകയും, യോഗ ചെയ്യിക്കുകയും ചെയ്തു. ഇത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കുന്നതിലെ കഴിവില്ലായ്മയാണെന്ന് ഫോറം വിലയിരുത്തി.

2005ല്‍ കൊച്ചി ആശുപത്രിയില്‍ ചികിത്സ നടത്തിയതിലെ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി സഹോദരനും, ഗവ ലോ കോളേജ് അസോസിയേറ്റ് പ്രഫസറുമായ ഡോ സി തിലകാനന്ദനും മറ്റ് കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ നല്‍കിയില്ല എന്ന ഹര്‍ജിക്കാരുടെ വാദവും, ഇത്തരം രോഗികള്‍ക്ക് പൂര്‍ണ്ണ വിശ്രമമാണ് വേണ്ടതെന്ന മെഡിക്കല്‍ കോളെജ് ഡോക്ടര്‍ വികെ ഗിരീശിന്റെ മൊഴിയും സ്വീകരിച്ചാണ് വിധി.

Leave a Reply

Your email address will not be published. Required fields are marked *