വെറും നാലുലക്ഷത്തിന് അത്യുഗ്രന്‍ വീട് റെഡി

വീടുകളുടെ നിര്‍മാണ ചിലവ് കോടികളും പിന്നിട്ട് മുന്നേറുമ്പോള്‍ വെറും നാലുലക്ഷം രൂപ ചിലവില്‍ വീട് നിര്‍മിക്കാനാകുമെന്നത് പലര്‍ക്കും വിശ്വസിക്കാനാകില്ല. പക്ഷേ സംഗതി സത്യമാണ്. വില തുച്ഛമാണെങ്കിലും വീട് അത്യുഗ്രനാണ്. കണ്ടാല്‍ ആരുമൊന്നു കൊതിച്ചുപോകും.
രണ്ട് ചെറിയ കിടപ്പുമുറി, അടുക്കള, ബാത്ത് റൂം, എന്നിവയാണ് വീട്ടിലുള്ളത്. മൊത്തം നാനൂറ് ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം.

കിടപ്പുമുറികളുടെ വലുപ്പം 72 ചതുരശ്ര അടിയാണ്.. ഒരു ഡബിള്‍കോട്ടു കിടക്കയും, ചെറിയൊരു അലമാരയും വായിക്കുവാനൊരിടവും ഇതിനുള്ളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കിടക്കയ്ക്കു താഴെ സ്റ്റോറേജ് സൗകര്യമുണ്ട്.
ഫൗണ്ടേഷനും, ബേസ്‌മെന്റുമുള്‍പ്പെടെയുള്ള പൊക്കം 3 അടിയാണ്. ഒന്നരയടി താഴ്ചയില്‍ ഫൗണ്ടേഷനും ഒന്നരയടി പൊക്കത്തില്‍ ബേസ്‌മെന്റും

കരിങ്കല്ലില്‍ പണിയുന്ന ബേസ്‌മെന്റിന്റെ മുകളില്‍ ചെറിയ ഒരു പ്ലിന്ത് കോണ്‍ക്രീറ്റും അതിനു മുകളില്‍ ഇന്റര്‍ലോക്ക് കൊണ്ടുള്ള ഇഷ്ടികക്കെട്ടുമാണുള്ളത്. മുന്‍വശത്തെയും, പുറകിലത്തെയും വാതിലുകള്‍ തടിയിലും, രണ്ട് കിടപ്പു മുറികളുടെ വാതില്‍ പാര്‍ട്ടിക്കിള്‍ ബോര്‍ഡു പോലുള്ളവ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ബാത്ത്‌റൂമിന്റെ വാതില്‍ നിര്‍മാണത്തിന് പി.വി.സിയാണ് ഉപയോഗിച്ചിരിക്കുന്നത്.

120 സെന്റീമീറ്റര്‍ പൊക്കമുള്ള ജനാലകള്‍ നിര്‍മിക്കാന്‍ ഇരുമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു പാളിയുടെയും ഒരു പാളിയുടെയും ജനാലകളാണ് വീട്ടില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്റര്‍ലോക്ക് കട്ടകളാണ് വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് മൂലം വീടിനകത്ത് ചൂടു കുറയ്ക്കാനാകും. ഭിത്തിയുടെ അകവും, പുറവും പോയിന്റ് ചെയ്ത് പെയ്ന്റു ചെയ്തിട്ടുമുണ്ട്.
വീടിന്റെ മേല്‍ക്കൂര ഓടുവച്ച് വാര്‍ക്കുന്ന ഫില്ലര്‍ സ്ലാബ് കോണ്‍ക്രീറ്റ് രീതിയാണ് പണിചെയ്തിരിക്കുന്നത്. ചെലവു കുറയുക മാത്രമല്ല, വീടിനുള്ളിലെ ചൂടു കുറയുവാനും ഇതു മൂലം സാധിയ്ക്കും. സെറാമിക് ടൈല്‍ ഉപയോഗിച്ചാണ് തറയുടെ നിര്‍മാണം.

അത്യാവശ്യത്തിനുള്ള ഇലക്ട്രിക് പോയിന്റുകള്‍ മാത്രമാണ് വീട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു മുറിയില്‍ ഒരു ലൈറ്റ്, ഒരു ഫാന്‍, ഒരു പ്ലഗ് പോയിന്റ് ശുചിമുറിയില്‍ ഒരു പൈപ്പും, ക്ലോസറ്റും ആണ് ക്രമീകരിച്ചിരിക്കുന്നത്. അടുക്കളയുടെ സ്ലാബ് ഗ്രാനൈറ്റ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

പ്രമുഖ നിര്‍മാതാക്കളായ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നാലുലക്ഷത്തിന്റെ വീട് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്.

വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചിലവ് കുറഞ്ഞ മാതൃകാ ഭവനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രധാനമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ഭവന പദ്ധതിയില്‍ പങ്കാളികളാകുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വീടുകള്‍.

ഉറപ്പുള്ള സ്ഥലവും, സൈറ്റിലേയ്ക്ക് വാഹനസൗകര്യവും ഉണ്ടെങ്കില്‍ നാലു ലക്ഷം രൂപയ്ക്ക് വീട് പൂര്‍ത്തിയാക്കാമെന്ന് ഹാബിറ്റാറ്റ് അവകാശപ്പെടുന്നു, ആവശ്യക്കാരന്റെ സാമ്പത്തികസ്ഥിതിയനുസരിച്ച് രൂപകല്‍പ്പനയില്‍ മാറ്റം വരുത്താവുന്നതാണ്. പൂജപ്പുര മുടവന്‍മുഗള്‍ പറമ്പില്‍ ക്ഷേത്രത്തിന് സമീപമുള്ള ഹാബിറ്റാറ്റ് സെന്ററിലാണ് വീടുകളുടെ മാതൃക നിര്‍മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *