വിദേശികളെ ഒഴിവാക്കാൻ സൗദിയുടെ പുതിയ തന്ത്രം; മലയാളികൾ അടക്കം ലക്ഷങ്ങൾക്ക് സാമ്പത്തിക ബാധ്യത; ജോലി നഷ്ടമാകുക പതിനായിരങ്ങൾക്ക്

പ്രവാസി ഡെസ്‌ക്

സൗദി: വിദേശ രാജ്യങ്ങളിൽ നിന്നു സൗദിയിൽ എത്തിയവർക്കുള്ള ലെവി എല്ലാ വിഭാഗം തൊഴിലാളികൾക്കും ഏർപ്പെടുത്താൻ സൗദി ഒരുങ്ങുന്നു. ഇത്തരത്തിൽ ലെവി ഏർപ്പെടുത്തിയാൽ മലയാളികൾ അടക്കം ലക്ഷങ്ങൾക്ക് അധികസാമ്പത്തിക ബാധ്യതയാവും ഉണ്ടാകുക. ഇതോടൊപ്പം ലെവി ഏർപ്പെടുത്തുന്നതോടെ ജോലി നഷ്ടമാകുക പതിനായിരങ്ങൾക്കാവും. വിദേശികളെ നിയമിക്കുന്ന കമ്പനികളും അടുത്ത വർഷം മുതൽ ലെവി അടയ്ക്കണമെന്ന നിർദേശമാണ് മലയാളികൾക്കും ഇന്ത്യക്കാർക്കും തൊഴിൽ നഷ്ടമാകുമെന്ന ഭീഷണി ഉയർത്തുന്നത്.
നിലവിൽ തദ്ദേശീയരേക്കാൾ എണ്ണത്തിൽ കൂടുതലുള്ള വിദേശികൾ മാത്രം സൗദിയിൽ ലെവി അടച്ചാൽ മതി. എന്നാൽ, അടുത്ത വർഷം മുതൽ ഈ ലെവി എല്ലാ വിദേശികളും അടയ്ക്കണമെന്ന ചട്ടമാണ് ഈ വർഷം മുതൽ നടപ്പാക്കുന്നത്. സ്വകാര്യ മേഖലയിലെ വിദേശികളുടെ നിയമനം നിരുത്സാഹപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ലെവി ഏർപ്പെടുത്തുന്നത്.
എക്‌സിറ്റ് അടിച്ചു കിട്ടി പുറത്തേയ്ക്കു പോകുന്ന വിദേശികൾ ആശ്രിത ലെവി അടയ്ക്കണമെന്നതും നിർബന്ധമാക്കിയിട്ടുണ്ട്. ആശ്രിത ലെവി പ്രാബല്യത്തിലാക്കിയ തീയതി മുതൽ ഇഖാമ കാലാവധി അവസാനിക്കുന്ന ദിവസം വരെയുള്ള കാലത്തേയ്ക്കുള്ള ആശ്രിത ലെവിയാണ് ഇത്തരക്കാർ അടയ്‌ക്കേണ്ടി വരുന്നത്. പ്രതിമാസം നൂറു റിയാൽ വീതമാണ് സർക്കാരിനു ആശ്രിത നിയമത്തിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം മുതലാണ് ആശ്രിത നിയമനത്തിനു ലെവി നടപ്പാക്കിയിരിക്കുന്നത്.
അടുത്ത വർഷം മുതൽ ജൂലൈയിൽ ആശ്രിത നിയമനം 200 റിയാലായി വർധിക്കും. 2019 ജൂലൈയിൽ ഇത് 300 റിയാലായും, 2020 മുതൽ നാനൂറ് റിയാലായും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികളുടെ പേരിൽ 2018 ജനുവരി ഒന്നു മുതൽ പ്രതിമാസം 300 റിയാലും 2019 ജനുവരി മുതൽ 500 റിയാലും 2020 മുതൽ 700 റിയാലുമാവും നൽകേണ്ടി വരിക. സൗദി ജീവനക്കാരേക്കാൾ കൂടുതലാണ് വിദേശികളുടെ എണ്ണമെങ്കിൽ 400,600, 800 റിയാൽ വീതം നൽകേണ്ടി വരും. സൗദിക്കാരായ തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശ തൊഴിലാളികളുള്ളവർ നിലവിൽ പ്രതിമാസം 200 റിയാൽ എന്ന നിരക്കിൽ പ്രതിവർഷം 2400 റിയാലാണ് നൽകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *