വിദേശത്തു നിന്നു വരുന്നവര്‍ക്കു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം?

വിദേശത്തു നിന്നു വരുന്നവര്‍ക്കു കസ്റ്റംസ് തീരുവ(Duty) അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം?

ഏതൊക്കെ സാധനങ്ങള്‍ക്കു തീരുവ ഇളവു ലഭിക്കും?

ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?

തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു പ്രവാസികള്‍ക്കും വിദേശയാത്രികര്‍ക്കും സംശയങ്ങള്‍ ഏറെയാണ്. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ചൂഷണത്തിനു വിധേയരാവുകയും അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഒട്ടേറെയുണ്ട്.

ആനുകൂല്യങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും യാത്രക്കാര്‍ക്ക് അറിവുണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം. എല്‍ സി ഡി, എല്‍ ഇ ഡി ടിവി കൊണ്ടുവരുന്നതിനെ പറ്റിയാണു പ്രവാസികളുടെ പ്രധാന സംശയം. ഇവ കൊണ്ടുവരുന്നതില്‍ നിയമതടസമില്ല. പക്ഷേ, വിലയുടെ 36.5% കസ്റ്റംസ് തീരുവ അടക്കേണ്ടി വരും.

യാത്രക്കാര്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കുന്ന തരത്തില്‍ ബാഗേജ് ചട്ടങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുണ്ട് ആനുകൂല്യങ്ങള്‍ രണ്ടു വിഭാഗങ്ങളിലായാണു ക്രമീകരിച്ചിരിക്കുന്നത് – യാത്രക്കാര്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കും ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് പദ്ധതിയില്‍ നാട്ടിലെത്തിക്കാവുന്ന അണ്‍ അക്കംപനീഡ് ബാഗേജുകള്‍ക്കും.

രണ്ടു വയസിനു താഴെയുള്ളവര്‍ക്ക് അവരുടെ സ്വന്തം ഉപയോഗത്തിനുള്ള സാധനങ്ങള്‍ക്കു മാത്രമേ തീരുവ ഇളവു ലഭിക്കൂ.
തീരുവ ഇളവുകള്‍ രണ്ടു വയസിനു മുകളിലുള്ളവര്‍ക്കു മാത്രം.
യാത്രയില്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കുള്ള പരമാവധി തീരുവ ഇളവ് 50,000 രൂപയാണ്.
തീരുവ അടയ്‌ക്കേണ്ട സാധനങ്ങള്‍ കൈയിലില്ലെന്നു ബോധ്യമുള്ളവര്‍ക്കു കസ്റ്റംസിന്റെ ഗ്രീന്‍ ചാനല്‍ ഉപയോഗിക്കാം. സംശയകരമായ സാഹചര്യത്തിലല്ലാതെ പരിശോധനയുണ്ടാവില്ല.
കൊണ്ടുവരുന്ന സാധനങ്ങള്‍ എല്ലാം കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന നിബന്ധന. ഇപ്പോള്‍, തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കസ്റ്റംസിനെ അറിയിച്ചാല്‍ മതി.
തീരുവ ഇളവുകള്‍ യാത്രക്കാര്‍ പരസ്പരം വച്ചുമാറാനോ ഒരുമിച്ചു കണക്കാക്കാനോ അനുവദിക്കില്ല.
വിദേശത്തു പോകുമ്പോള്‍ ധരിച്ച അതേ ആഭരണങ്ങള്‍ക്കു തിരിച്ചു വരുമ്പോള്‍ തീരുവ അടയ്‌ക്കേണ്ടതില്ല. ഇതിന്, വിദേശത്തു പോകുമ്പോള്‍ തന്നെ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറുടെ എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിച്ചു വയ്ക്കുകയും തിരിച്ചു വരുമ്പോള്‍ ഹാജരാക്കുകയും വേണം.
യാത്രയില്‍ ഒപ്പം കരുതുന്ന ഹാന്‍ഡ്, റജിസ്റ്റേഡ് ബാഗേജുകള്‍ അഥവാ അക്കംപനീഡ് ബാഗേജുകള്‍ക്കുള്ള തീരുവ സൗജന്യങ്ങള്‍

നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നൊഴിച്ചുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി എന്നിവര്‍ക്ക് അര ലക്ഷം രൂപ വരെയുള്ള സാധനങ്ങള്‍ക്കു തീരുവ വേണ്ട.
വിദേശിയായ വിനോദസഞ്ചാരിക്ക് 15,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കു തീരുവ അടയ്‌ക്കേണ്ട.
നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി, വിദേശ വിനോദസഞ്ചാരി എന്നിവര്‍ ആകാശമാര്‍ഗമാണു യാത്രയെങ്കില്‍ 15,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കു തീരുവ വേണ്ട.
നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി, വിദേശ വിനോദസഞ്ചാരി എന്നിവര്‍ കര മാര്‍ഗമാണു യാത്രയെങ്കില്‍ തീരുവ സൗജന്യം ലഭിക്കില്ല. ഇവര്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ മാത്രമേ തീരുവയില്ലാതെ കൊണ്ടുവരാന്‍ അനുവാദമുള്ളു.
ഇതിനു പുറമെ, ഏതു രാജ്യത്തു നിന്നു വരുന്നയാള്‍ക്കും നിബന്ധനയ്ക്കു വിധേയമായി തീരുവ പൂര്‍ണമായി ഒഴിവുള്ള സാധനങ്ങള്‍: (അക്കംപനീഡ് ബാഗേജിനു മാത്രമാണ് ഈ ഇളവുകള്‍ ലഭിക്കുക.)
പതിനെട്ടില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഒരു ലാപ്‌ടോപ്. രണ്ടു ലിറ്റര്‍ മദ്യം അല്ലെങ്കില്‍ വൈന്‍. 100 സിഗരറ്റ് അല്ലെങ്കില്‍ 25 ചുരുട്ട് അല്ലെങ്കില്‍ 125 ഗ്രാം പുകയില.
ഒരു വര്‍ഷത്തില്‍ അധികം വിദേശത്തു കഴിഞ്ഞവര്‍ക്കു നിശ്ചിത അളവില്‍ സ്വര്‍ണാഭരണം. ഇതില്‍ സ്വര്‍ണാഭരണം ഒഴിച്ചുള്ളവയുടെ ഇളവു ലഭിക്കുന്നതിനു വിദേശതാമസപരിധി ബാധകമല്ല.
തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ക്ക് 36.05% തീരുവ ചുമത്തും. ഇതു വിദേശ കറന്‍സിയിലാണ് അടക്കേണ്ടത്. എന്നാല്‍, 25,000 രൂപ വരെയാണെങ്കില്‍ ഇന്ത്യന്‍ കറന്‍സിയില്‍ അടക്കാന്‍ അനുവാദമുണ്ട്. ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ അനുവദനീയമല്ല.
തീരുവ നിയന്ത്രണമുള്ള സാധനങ്ങളും അളവും

രണ്ടു ലിറ്ററിധികം മദ്യം, വൈന്‍
ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി
എല്‍ഇഡി, പ്ലാസ്മ ടിവി
100 ല്‍ ഏറെ സിഗരറ്റുകള്‍
25ല്‍ ഏറെ ചുരുട്ടുകള്‍
125 ഗ്രാമില്‍ ഏറെ പുകയില
നിശ്ചിത പരിധിക്കപ്പുറത്തുള്ള അളവില്‍ ഇവ കൊണ്ടുവന്നാല്‍ അടക്കേണ്ട തീരുവ നിരക്ക്:

. രണ്ടു ലീറ്റലിധികം ബീയര്‍ – 103%

. രണ്ടു ലീറ്ററിലധികം വിദേശമദ്യം, വൈന്‍ – 154.5%

. ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടിവി – 36.5%

. നൂറിലേറെ സിഗരറ്റുകള്‍, 25ല്‍ ഏറെ ചുരുട്ടുകള്‍, 125 ഗ്രാമില്‍ ഏറെ പുകയില – 103%

സ്വര്‍ണം

മലയാളികളുടെ ഇഷ്ടപ്പെട്ട സ്വര്‍ണം കൊണ്ടുവരുന്നതിനുള്ള സൗജന്യങ്ങളും നിബന്ധനകളും എന്തൊക്കെ?

കുറഞ്ഞത് ആറു മാസം വിദേശത്തു താമസിച്ചവര്‍ക്ക്, ആഭരണ രൂപത്തിലോ അല്ലാതെയോ ഒരു കിലോ വരെ സ്വര്‍ണമോ പത്തു കിലോ വരെ വെള്ളിയോ 10.3% തീരുവ അടച്ചു കൊണ്ടുവരാം.

തീരുവ, വിദേശ കറന്‍സിയില്‍ തന്നെ അടയ്ക്കണം. വരുമാനം സംബന്ധിച്ച വ്യക്തമായ വിവരം കസ്റ്റംസിനു നല്‍കുകയും വേണം. ഒരു വര്‍ഷത്തിലധികം വിദേശത്തു താമസിച്ച ഇന്ത്യന്‍ വനിതയ്ക്ക് 40 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി വില ഒരു ലക്ഷം രൂപ) ഇന്ത്യന്‍ പുരുഷന് 20 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി അര ലക്ഷം രൂപ) തീരുവയടക്കാതെ കൊണ്ടുവരാം. ഈ ഇളവ് യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതുന്ന (അക്കംപനീഡ് ബാഗേജ്) സ്വര്‍ണാഭരണങ്ങള്‍ക്കു മാത്രമേ ലഭിക്കൂ.

ഇളവു പരിധിക്കപ്പുറത്ത് ആഭരണ രൂപത്തിലോ അല്ലാതെയോ സ്വര്‍ണമുണ്ടെങ്കില്‍ 10.3% തീരുവ അടക്കണം. ആറു മാസത്തില്‍ താഴെ വിദേശത്തു കഴിഞ്ഞവര്‍ക്കു സ്വര്‍ണമോ വെള്ളിയോ കൊണ്ടുവരാന്‍ അനുവാദമില്ല.

കറന്‍സി

ഇന്ത്യന്‍, വിദേശ കറന്‍സികള്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതേണ്ടി വരും. ഇതു സംബന്ധിച്ച നിബന്ധനകളും ഇളവുകളും ഇങ്ങനെ:

ഇന്ത്യയില്‍ നിന്നു പുറത്തേക്ക് പോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം.
ഇന്ത്യയില്‍ താമസിക്കുന്നവര്‍ വിദേശ സന്ദര്‍ശനത്തിനു പോയി മടങ്ങുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം.
വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് എത്ര അളവിലും വിദേശ കറന്‍സി കൊണ്ടുവരാം.
5000 യുഎസ് ഡോളറില്‍ കൂടുതല്‍ വിദേശ കറന്‍സി കൊണ്ടുവരുന്നവര്‍ കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. വിദേശ കറന്‍സി, ട്രാവലേഴ്‌സ് ചെക്ക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് 10,000 യുഎസ് ഡോളറില്‍ കൂടതല്‍ വിദേശനാണ്യം കൈയിലുള്ളവരും കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കില്‍, ഇത്രയും വിദേശ കറന്‍സി തിരിച്ചു കൊണ്ടുപോകാന്‍ കഴിയും. ഇന്ത്യയിലെ താമസത്തിനിടെ പരിശോധനയുണ്ടായാല്‍ കസ്റ്റംസിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും കേസ് ഒഴിവാക്കുകയും ചെയ്യാം.
അംഗീകൃത ഏജന്‍സിയില്‍ നിന്നു വാങ്ങിയതാണെന്ന രേഖ ഹാജരാക്കിയാല്‍, എത്ര തുകയ്ക്കുള്ള വിദേശനാണ്യവും ഇന്ത്യക്കാര്‍ക്കു വിദേശത്തേക്കു കൊണ്ടുപോകാം.
എല്‍ഇഡി, പ്ലാസ്മ ‌ടിവിക്ക് തീരുവ ഇളവില്ല; വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാനാകില്ല
കണ്ണൂർ∙ വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍, അവര്‍ക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ നിശ്ചിത കാലത്തിനു ശേഷം നാട്ടിലേക്കു വരുമ്പോള്‍ മുഴുവന്‍ ബാഗേജുകളും യാത്രയില്‍ ഒപ്പം കൊണ്ടുവരണമെന്നില്ല. ഇവ കാര്‍ഗോ കോംപ്ലക്‌സിലെ അണ്‍ അക്കംപനീഡ് ബാഗേജ് കേന്ദ്രങ്ങളിലൂടെ നാട്ടിലെത്തിക്കാം. ഇവയാണ് അണ്‍ അക്കംപനീഡ് ബാഗേജുകള്‍ (യുബി). ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് അഥവാ ടിആര്‍ പദ്ധതി പ്രകാരം അണ്‍ അക്കംപനീഡ് ബാഗേജുകള്‍ക്കു തീരുവ ഇളവുകളുണ്ട്.

ഈ ബാഗേജുകള്‍ കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ അയയ്ക്കാം. കേരളത്തില്‍ കൊച്ചിയില്‍ കടല്‍മാര്‍ഗവും കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ വിമാനമാര്‍ഗവും അണ്‍ അക്കംപനീഡ് ബാഗേജുകള്‍ അയയ്ക്കാം. യാത്രക്കാരന്‍ നാട്ടിലെത്തിയ ശേഷമാണെങ്കില്‍ ഒരു മാസത്തിനകം വിദേശത്തു നിന്ന് ബാഗേജ് അയച്ചിരിക്കണം. യാത്രക്കാരന്‍ നാട്ടിലേക്കു വരുന്നതിനു മുന്‍പ് ആണെങ്കില്‍ യാത്രാ തീയതിക്കു തൊട്ടു മുന്‍പുള്ള രണ്ടു മാസത്തിനകം ഇന്ത്യയിലേക്ക് അയച്ചിരിക്കണം. ഈ സമയപരിധിയില്‍ ഇളവു നല്‍കാന്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കും അസി. കമ്മിഷണര്‍ക്കും അധികാരമുണ്ട്.

തീരുവ ആനുകൂല്യം ലഭിക്കുന്ന സാധനങ്ങള്‍ രണ്ടു പട്ടികകളിലായാണു ക്രമീകരിച്ചിരിക്കുന്നത്. എത്രനാള്‍ വിദേശത്തു കഴിഞ്ഞുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ഓരോ പട്ടികയിലെയും സാധനങ്ങള്‍ കൊണ്ടുവരാനുള്ള അര്‍ഹത നിശ്ചയിച്ചിരിക്കുന്നത്. പട്ടികകളില്‍ പറയുന്ന സാധനങ്ങളുടെ ഓരോ എണ്ണത്തിനു മാത്രമാണ് ഇളവ്. കുടുംബത്തിലെ ഒരംഗത്തിനു മാത്രമാണ് ഈ ഇളവു ലഭിക്കുക. (താഴെ പട്ടിക 1, 2 കാണുക).

ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് അഥവ ടിആര്‍ പദ്ധതി പ്രകാരം അണ്‍ അക്കംപനീഡ് ബാഗേജുകള്‍ക്കുള്ള ആനുകൂല്യങ്ങളും സമയപരിധിയും:

മൂന്നു മുതല്‍ ആറു മാസം വരെ വിദേശത്തു കഴിഞ്ഞവര്‍

* പട്ടിക ഒന്നിലുള്ളവയടക്കം വ്യക്തിപരമായ ഉപയോഗത്തിനുള്ള, 60,000 രൂപവരെ വിലയുള്ള സാധനങ്ങള്‍.

* പട്ടിക രണ്ടിലെ സാധനങ്ങള്‍ക്കു തീരുവ ഇളവു ലഭ്യമല്ല. അഥവാ കൊണ്ടുവന്നാല്‍ 36.05% തീരുവ അടയ്ക്കണം.

ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ വിദേശത്തു കഴിഞ്ഞവര്‍

* പട്ടിക ഒന്നിലുള്ളവയടക്കം വ്യക്തിപരമായ ഉപയോഗത്തിനുള്ള, ഒരു ലക്ഷം രൂപവരെ വിലയുള്ള സാധനങ്ങള്‍.

* പട്ടിക രണ്ടിലെ സാധനങ്ങള്‍ക്കു തീരുവ ഇളവു ലഭ്യമല്ല. അഥവാ കൊണ്ടുവന്നാല്‍ 36.05% തീരുവ അടയ്ക്കണം.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു വര്‍ഷമെങ്കിലും വിദേശത്തു കഴിഞ്ഞവര്‍

* പട്ടിക ഒന്നിലും രണ്ടിലുമുള്ളവയടക്കം വ്യക്തിപരമായ ഉപയോഗത്തിനുള്ള, രണ്ടു ലക്ഷം രൂപവരെ വിലയുള്ള സാധനങ്ങള്‍.

* പട്ടിക രണ്ടില്‍ പെടുന്ന സാധനങ്ങള്‍ക്ക് 15.45% തീരുവ അടയ്ക്കണം.

* മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ വിദേശത്തു കഴിഞ്ഞവര്‍

* പട്ടിക ഒന്നിലും രണ്ടിലുമുള്ളവയടക്കം വ്യക്തിപരമായ ഉപയോഗത്തിനുള്ള , അഞ്ചു ലക്ഷം രൂപവരെ വിലയുള്ള സാധനങ്ങള്‍.

* പട്ടിക രണ്ടില്‍ പെടുന്ന സാധനങ്ങള്‍ക്ക് 15.45% തീരുവ അടയ്ക്കണം.

* മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

* വരുന്നതിനു തൊട്ടു മുന്‍പത്തെ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ താമസം പരമാവധി ആറു മാസമായിരിക്കണം.

* രണ്ടു വര്‍ഷത്തെ കുറഞ്ഞ താമസമെന്ന നിബന്ധനയില്‍ രണ്ടു മാസത്തെ ഇളവ് അനുവദിക്കാന്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കും അസി. കമ്മിഷണര്‍ക്കും അധികാരമുണ്ട്.

അണ്‍ അക്കംപനീഡ് ബാഗേജ് ഇളവുകള്‍ക്ക് അര്‍ഹമായ സാധനങ്ങള്‍

പട്ടിക1

വിഡിയോ കസെറ്റ് റെക്കോര്‍ഡര്‍, വിഡിയോ കസെറ്റ് പ്ലേയര്‍, വിഡിയോ ടെലിവിഷന്‍ റിസീവര്‍, വിഡിയോ കസെറ്റ് ഡിസ്‌ക് പ്ലേയര്‍

ഡിജിറ്റല്‍ വിഡിയോ ഡിസ്‌ക് പ്ലേയര്‍

മ്യൂസിക് സിസ്റ്റം

എയര്‍ കണ്ടീഷണര്‍

മൈക്രോ വേവ് അവന്‍

വേഡ് പ്രൊസസിങ് മെഷീന്‍

ഫാക്‌സ് മെഷീന്‍

പോര്‍ട്ടബിള്‍ ഫൊട്ടോ കോപ്പിയര്‍

വാഷിങ് മെഷീന്‍

ഇലക്ട്രിക്കല്‍, എല്‍പിജി കുക്കിങ് റേഞ്ച്

ലാപ്‌ടോപ് കംപ്യൂട്ടര്‍

300 ലീറ്റര്‍ വരെ ശേഷിയുള്ള റഫ്രിജറേറ്ററുകള്‍

ഡസ്‌ക് ടോപ് കംപ്യൂട്ടര്‍

പട്ടിക 2

കളര്‍ ടിവി (എല്‍ഇഡി, എല്‍സിഡി, പ്ലാസ്മ ഒഴിച്ചുള്ളവ)

വിഡിയോ ഹോം തിയറ്റര്‍

ഡിഷ് വാഷര്‍

300 ലീറ്റര്‍ വരെ ശേഷിയുള്ള റഫ്രിജറേറ്റര്‍

ഡീപ് ഫ്രീസര്‍

ടെലിവിഷന്‍ റിസീവര്‍, ശബ്ദലേഖന സംവിധാനം, വിഡിയോ സംവിധാനം എന്നിവയില്‍ ഏതെങ്കിലുമുള്ള വിഡിയോ ക്യാമറയോ, ക്യാമറയുടെ സങ്കലനമോ

35 എംഎനു മുകളിലുള്ള സിനിമാഫിലിം

വളര്‍ത്തുമൃഗങ്ങളെ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കൊണ്ടുവരാന്‍ പറ്റില്ല. അനിമല്‍ ക്വാറന്റൈന്‍ പരിശോധനയ്ക്കു സംവിധാനമില്ലാത്തതാണു കാരണം. കേരളത്തിലെ വിമാനത്താവളങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുമായി വരികയും അവയെ പുറത്തേക്കു കൊണ്ട് പോകാന്‍ പറ്റാതെ തിരിച്ചു പോകേണ്ടിവരികയും ചെയ്ത ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുട ക്വാറന്റൈന്‍ പരിശോധന സാധ്യമായ ഏറ്റവും അടുത്ത വിമാനത്താവളങ്ങള്‍ ബെംഗലൂരുവും ചെന്നൈയും ആണ്.

യാത്രക്കാര്‍ക്ക് ഒട്ടേറെ തീരുവ ഇളവുകള്‍: ഡോ. കെ.എന്‍.രാഘവന്‍, കമ്മിഷണര്‍, കസ്റ്റംസ്, കൊച്ചി

വിദേശത്തു നിന്നു വരുന്ന യാത്രക്കാര്‍ക്ക് ഒട്ടേറെ തീരുവ ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന പല നിയന്ത്രണങ്ങളും നീക്കിയിട്ടുമുണ്ട്. ഇവ പരമാവധി ഉപയോഗിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. ഇളവുകള്‍ വ്യക്തമായി മനസിലാക്കുകയും അവ പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കണം. അതേസമയം, നിയമവിധേയമല്ലാത്ത സാധനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കരുത്.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട വസ്തുക്കള്‍ (ഉദാഹരണത്തിനു ലഹരിമരുന്ന്, വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന സസ്യ, ജന്തുജാലങ്ങള്‍, വ്യാജ കറന്‍സി, ദേശസുരക്ഷയെ അപകടപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ തുടങ്ങിയവ) കൊണ്ടുവരാനോ കൊണ്ടുപോകാനോ അനുവദിക്കില്ല. ബാഗേജുകള്‍ നഷ്ടപ്പെട്ടാല്‍, എയര്‍ലൈന്‍ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിക്കണം. ഇതില്‍, ലഭിച്ചതും ലഭിക്കാത്തതുമായ ഇളവകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കൊണ്ടു രേഖപ്പെടുത്തിക്കണം. തോക്കുകള്‍, എയര്‍ഗണ്ണുകള്‍, വെടിത്തിരകള്‍ എന്നിവ കൊണ്ടുവരുന്നതു ഒഴിവാക്കണം. അര്‍ഹമായ ആനുകൂല്യങ്ങള്‍ മുഴുവന്‍ നല്‍കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരാണ്. നിയമപരമായ എല്ലാ രേഖകളും കൈയിലുണ്ടാകണം.

സംശയം തീര്‍ക്കാന്‍ ഫേസ്ബുക്ക് പേജുകള്‍

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കസ്റ്റംസ് വിഭാഗങ്ങള്‍ക്കു വെവ്വേറെ ഫേസ്ബുക്ക് പേജുകളുണ്ട്.

Customs Cochin Airport, Customs Calicut Airport, Customs Trivandrum Airport എന്നിങ്ങനെ സെര്‍ച്ച് ചെയ്താല്‍ മതിയാകും. വിശദമായ വിവരങ്ങളും യാത്രക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ഫേസ്ബുക്ക് പേജുകളിലുണ്ട്.

ആര്‍ക്കൊക്കെ പരാതി നല്‍കാം?

കോഴിക്കോട്

ഡപ്യൂട്ടി/ അസി. കമ്മിഷണര്‍, കോഴിക്കോട് വിമാനത്താവളം 04832 713398

അഡീ. കമ്മിഷണര്‍, സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കോഴിക്കോട് 04952 727895.

ജോയിന്റ് കമ്മിഷണര്‍, സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കോഴിക്കോട് 04952 727896.

കൊച്ചി

വിമാനത്താവളം: ഡപ്യൂട്ടി കമ്മിഷണര്‍, എയര്‍ കസ്റ്റംസ്, നെടുമ്പാശേരി, എറണാകുളം. 04842610078.

എയര്‍ കാര്‍ഗോ: അസി. കമ്മിഷണര്‍, എയര്‍ കാര്‍ഗോ കോംപ്ലക്‌സ്, നെടുമ്പാശേരി, 04842610099.

തുറമുഖം : അസി. കമ്മിഷണര്‍, അണ്‍ അക്കംപനീഡ് ബാഗേജ് കേന്ദ്രം, കസ്റ്റം ഹൗസ്, വെല്ലിങ്ടണ്‍ ഐലന്‍ഡ്, കൊച്ചി. 04842 669030.

തിരുവനന്തപുരം

ഡപ്യൂട്ടി കമ്മിഷണര്‍, കസ്റ്റംസ്, തിരുവനന്തപുരം വിമാനത്താവളം 09496521002., 0471 250800.

Leave a Reply

Your email address will not be published. Required fields are marked *