വികാരപരമായി മെസേജ് അയച്ചിട്ടും ധോണി മറുപടി തന്നില്ല, ദ്രാവിഡും സഹായിച്ചില്ല: ശ്രീശാന്ത്

ന്യൂഡൽഹി • ദേശീയ ടീമിൽ തന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയേയും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന രാഹുൽ ദ്രാവിഡിനെയും കുറ്റപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രംഗത്ത്. ആവശ്യസമയത്ത് സഹായം അഭ്യർഥിച്ചപ്പോൾ രാഹുൽ ദ്രാവിഡും എം.എസ്.ധോണിയും പിന്തുണ നൽകിയില്ലെന്നും അതിൽ നിരാശയുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റില്‍നിന്ന് വിലക്കിയിരുന്നു. നിയമസഹായം തേടിയ ശ്രീശാന്തിന് ഹൈക്കോടതി സിംഗിൾബെഞ്ചിൽനിന്ന് അനുകൂല വിധി ലഭിച്ചെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് ഈ വിധി മരവിപ്പിച്ചു. ബിസിസിഐയുടെ ഹർജി പരിഗണിച്ചായിരുന്നു നടപടി. ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്ന ശ്രീശാന്ത് ‘റിപ്പബ്ലിക് ടിവി’ക്കു നല്‍കിയ അഭിമുഖത്തിലാണ് മുൻ ക്യാപ്റ്റൻമാർക്കെതിരെ തിരിഞ്ഞത്.

‘ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ അംഗമായിരിക്കെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നെക്കുറിച്ച്‌ എല്ലാം അറിയാവുന്നയാളാണ് രാഹുല്‍ ദ്രാവിഡ്. ദേശീയ ടീം ക്യാപ്റ്റനായിരുന്ന ധോണിക്കും മൊബൈലില്‍ വികാരപരമായി മെസേജ് അയച്ചെങ്കിലും പ്രതികരിച്ചില്ല’ – ശ്രീശാന്ത് പറഞ്ഞു.

തനിക്കൊപ്പം ദേശീയ തലത്തിൽ മുന്‍നിരയിലുണ്ടായിരുന്ന പത്തോളം ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ഈ പേരുകള്‍ മുഴുവന്‍ പുറത്തുവന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ആകെ അതു ബാധിക്കുമായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തിന്റെ ടീമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) എന്ന സ്വകാര്യ ഏജന്‍സിയുടെ ടീമാണ്. രാജ്യത്തെയല്ല അവര്‍ പ്രതിനിധാനം ചെയ്യുന്നതെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.

ക്രിക്കറ്റ് കളിക്കാന്‍ അനുവാദം നല്‍കിയാല്‍ മറ്റൊരു രാജ്യത്തിന് വേണ്ടിയാകും ഇനി കളിക്കുക. സ്കോട്ട്ലൻഡ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ശ്രീശാന്ത് പറഞ്ഞു. 2013 ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ചിരുന്നപ്പോഴാണ് ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള മത്സരത്തില്‍ ഒത്തുകളിച്ചന്ന കേസില്‍ ശ്രീശാന്തിനെയും ടീമിലെ സഹതാരങ്ങളായ അങ്കിത് ചൗഹാൻ, അജിത് ചാന്ദില എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *