വയനാട് കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

വയനാടന്‍ കാടുകളിലേക്ക് ഒരു യാത്ര… മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും.. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍.. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്.. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി…

ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട്‌ അനുഗ്രഹീതഭൂമിയാണ്‌ വയനാട്‌. കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട്‌ ജില്ല വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്‌. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ്‌ വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസവും എത്തിച്ചേരുന്നത്‌. തിരക്കുകളുടെ ലോകത്തുനിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക്‌ ചുറ്റിക്കറങ്ങി രസിക്കാനുള്ളതെല്ലാം വയനാട്ടിലുണ്ട്‌.

പച്ചപ്പ്‌ നിറഞ്ഞ പശ്ചിമഘട്ട മലനിരകള്‍ സഞ്ചാരികളെ വയനാട്ടിലേക്ക്‌ ആകര്‍ഷിക്കുന്നു. മഴയും മഞ്ഞും വയനാടിന്റെ പ്രകൃതിഭംഗിക്ക്‌ കൊട്ടംവരുത്താറില്ല. ചരിത്രപരമായും വയനാടിന്‌ വളരെ പ്രധാന്യമുണ്ട്‌. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്കെതിരെ പഴശ്ശിരാജ നടത്തിയ പോരാട്ടത്തിന്‌ സാക്ഷിയായ വനമേഖലയാണിത്‌. കാടും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ നേര്‍ക്കാഴ്‌ച തന്നെയാണ്‌ വയനാട്‌. നിരവധി ഗുഹകളുടെയും ശില്‍പങ്ങളുടെയും നാടാണിത്‌. പുറംലോകത്തിന്റെ കാപട്യങ്ങളൊന്നും അറിയാത്ത ഗോത്രവര്‍ഗ്ഗക്കാരുടെ ഇടംകൂടിയാണ്‌ ഇവിടം. കാടിനുപുറത്തുള്ള മനുഷ്യരുമായി ഇടപഴകാനോ ബന്ധപ്പെടാനോ അവര്‍ ആഗ്രഹിക്കുന്നില്ല.

ഇടതൂര്‍ന്ന കാടും പച്ചപ്പ്‌ നിറഞ്ഞ തേയില തോട്ടങ്ങളും വയനാടിന്‌ കൂടുതല്‍ മനോഹാരിതയേകുന്നു. സുഗന്ധവ്യഞ്‌ജനങ്ങളുടെ കലവറകൂടിയാണ്‌ ഈ ദേശം. കാപ്പി, ഏലം, കുരുമുളക്‌, തേയില തുടങ്ങിയവയുടെയൊക്കെ കയറ്റുമതിയില്‍ വയനാടിന്‌ സ്വന്തമായൊരു സ്ഥാനം തന്നെയുണ്ട്‌. വയനാട്ടിലെ കുറുവാദ്വീപ്‌, ഇടക്കല്‍ ഗുഹ, പൂക്കോട്ട്‌ തടാകം, മുത്തങ്ങ വനം, പക്ഷിപ്പാതാളം, സൂചിപ്പാറ വെളളച്ചാട്ടം, ബാണാസുര സാഗര്‍ ഡാം, പഴശ്ശിയുടെ സ്‌മരണയുറങ്ങുന്ന മാനന്തവാടി എന്നിവയാണ്‌ വയനാട്ടിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍ . കബനീനദിയിലുള്ള കുറുവാദ്വീപ്‌ വയനാട്ടിലെ പ്രധാന ആകര്‍ഷണമാണ്‌. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. ചരിത്രമുറങ്ങുന്ന ഇടക്കല്‍ ഗുഹ ശിലായുഗ സംസ്‌കാര കാലഘട്ടത്തിന്റെ പ്രഭാവം വിളിച്ചോതുന്നതാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 4000 അടി ഉയരത്തിലുള്ള അംബുകുത്തി മലയുടെ മുകളില്‍ ഒരു വലിയ പാറയില്‍ രൂപപ്പെട്ട വിള്ളലില്‍ മുകളില്‍ നിന്ന്‌ വീണുറച്ചകൂറ്റന്‍ പാറയാണ്‌ ഇടക്കല്‍ ഗുഹയെന്ന അത്ഭുതസൃഷ്‌ടിക്ക്‌ രൂപം നല്‍കിയത്‌. പുരാതനമായ രാജവംശത്തെപ്പറ്റി സൂചന നല്‍കുന്ന ശിലാലിഖിതങ്ങളും കൊത്തുപണികളുംകൊണ്ട്‌ നിറഞ്ഞതാണ്‌ ഗുഹ.

ബോട്ടിംഗ്‌ സവാരിയാണ്‌ പൂക്കോട്ട്‌ തടാകത്തിലെ പ്രധാന ആകര്‍ഷണം. തടാകത്തിന്‌ ചുറ്റും നടപ്പാതയുണ്ട്‌. ഇത്‌ തടാകത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക്‌ സൗകര്യപ്രദമാണ്‌. നീലത്താമര വിരിഞ്ഞു നില്‍ക്കുന്ന തടാകത്തിന്റെ ഭംഗി എത്ര കണ്ടാലും മതിവരില്ല. നയനാനന്ദകരമായ സൂചിപ്പാറ വെള്ളച്ചാട്ടവും സഞ്ചാരികളുടെ മനംകവരുന്നതാണ്‌. 100 മുതല്‍ 300 അടിവരെ ഉയരത്തിലുള്ള സൂചിപ്പാറ വെള്ളച്ചാട്ടം പ്രകൃതിഭംഗിയുടെ മറ്റൊരു ഉദാഹരണം കൂടിയാണ്‌. 200 മീറ്ററിലധികം ഉയരമുള്ള സൂചിപ്പാറ സാഹസിക മലകയറ്റക്കാരുടെ പ്രിയപ്പെട്ട ഇടമാണ്‌. കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ നിന്നും ഒഴിച്ചുകൂടാനാവത്തതാണ്‌ വയനാട്‌. പ്രകൃതിയോട്‌ ഇഴുകിച്ചേരാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക്‌ വയനാട്‌ മറക്കാനാവാത്ത ഒരു പ്രകൃതി വിസ്‌മയം തന്നെയാണ്‌

Leave a Reply

Your email address will not be published. Required fields are marked *