ലോകത്ത് പലയിടങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്, എന്നാല്‍ മലയാളികളെ പോലെ സ്‌നേഹമുള്ളവരെ താന്‍ എവിടെയും കണ്ടിട്ടില്ല: ഇര്‍ഫാന്‍ പത്താന്‍

മുംബൈ: കേരളത്തിലുള്ളവരുടെ ആരാധന തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ചില സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനായിട്ടാണ് മാസങ്ങള്‍ക്ക് മുമ്പ് കേരളം അദ്ദേഹം സന്ദര്‍ശിച്ചത്. വയനാട്, ഈരാറ്റുപേട്ട, തൊടുപുഴ, കോട്ടയം, മൂവാറ്റുപുഴ, മാരാരികുളം എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടുത്തെ ഗ്രാമീണര്‍ പോലും തന്നെ തിരിച്ചറിഞ്ഞുവെന്നും, അതില്‍ തനിക്ക് അതിയായ സന്തോഷവും, അതിലപ്പുറം അത്ഭുതവുമുണ്ടെന്ന് ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കേരളീയരെയും, കേരളത്തിനെയും കുറിച്ച് വാചാലനായത്. അഹങ്കാരം കുറവുള്ളവരാണ് മലയാളികള്‍. ലോകത്തു പലയിടങ്ങില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുപോലുള്ള സ്‌നേഹം താന്‍ അനുഭവിച്ചിട്ടില്ല. പലയിടങ്ങിലും കുടുംബമായിട്ടാണ് ആളുകള്‍ തന്നെ കാണാന്‍ എത്തിയത്. ഈ മലയാളി സംസ്‌കാരവും തനിക്ക് കേരളത്തെ പ്രിയങ്കരമാക്കുന്നുവെന്ന് ഇര്‍ഫാന്‍ പറഞ്ഞു.

കേരളത്തിലെ മീന്‍ വിഭവങ്ങളോടുള്ള തന്റെ ഇഷ്ടവും ഇര്‍ഫാന്‍ മറിച്ചുവെച്ചില്ല. റോഡിലൂടെ സഞ്ചരിച്ചപ്പോള്‍, വഴിയില്‍ കണ്ട ഹോട്ടലുകള്‍ കയറിയറങ്ങി താന്‍ ഭക്ഷണം കഴിച്ചുവെന്നും ഇര്‍ഫാന്‍ അഭിമുഖത്തില്‍ പറഞ്ഞു. രഞ്ജി ട്രോഫിയില്‍ കേരളം നടത്തുന്ന മികച്ച പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം അഭിമുഖം ഉപസംഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *