ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് പ്രസവ വാര്‍ഡാക്കി സല്‍മയ്ക്ക് സുഖപ്രസവം: റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും, ഡോക്ടര്‍ക്കും പൊതുജനങ്ങളുടെ കയ്യടി

മുംബൈ: മുംബൈ കല്യാണില്‍ നിന്നും ഛത്രപതി ശിവജി ടെര്‍മിനസിലേക്ക് ട്രെയിന്‍ കയറിയ സല്‍മ ഷെയ്ക്ക് ഒരിക്കിലും വിചാരിച്ചില്ല തന്റെ ജീവിത യാത്രയിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമായിരിക്കും ഈ ട്രെയിന്‍ യാത്ര സമ്മാനിക്കുക എന്നത്. ലോക്കല്‍ ട്രെയിന്‍ ദാദര്‍ എത്തിയതും സല്‍മയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങി. എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ച് നില്‍ക്കുമ്പോളാണ് സഹയാത്രികര്‍ സഹായ ഹസ്തവുമായി എത്തുന്നത്.

ഉടന്‍ തന്നെ റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ദാദര്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു രൂപ ക്ലിനിക്കിലെ ഡോക്ടറുമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ ട്രെയിന്‍ കമ്പാര്‍ട്‌മെന്റില്‍ എത്തുകയായിരുന്നു. സല്‍മയെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് സമയമില്ലാത്തതിനാല്‍ ട്രെയിനിനുള്ളില്‍ തന്നെ പ്രവസമെടുക്കാന്‍ ഡോക്ടര്‍ പ്രജ്‌വാളിത് കമ്പളി നിര്‍ദ്ദേശിച്ചു. ശേഷം ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് പ്രസവവാര്‍ഡായി മാറുകയായിരുന്നു.

ജിആര്‍പി വനിത കോണ്‍സ്റ്റബള്‍ നിതാ മാഞ്ചി, നഴ്‌സായ സഞ്ജീവനി പട്വാളും ചേര്‍ന്ന് പ്രസവശിശ്രൂഷ നടത്തി. 10.17ന് സല്‍മ പ്രസവിക്കുകയും, തുടര്‍ന്ന് അമ്മയെയും, കുഞ്ഞിനെയും കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. റെയില്‍വേ മന്ത്രാലയത്തിന്റെയും, ഒരു രൂപ ആശുപത്രി ഡോക്ടര്‍മാരുടേയും സമയോചിതമായ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിച്ച സഹയാത്രികര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *