രജനീകാന്ത് പോലും ശശിസാര്‍ എന്ന് വിളിക്കുന്ന സംവിധായകന്‍ താരാദാസിന്റെ സെറ്റില്‍ ഒറ്റക്കിരുന്ന് കരയുമായിരുന്നു ; ചിത്രത്തില്‍ മമ്മൂട്ടിയുടെ കൈകടത്തലുകള്‍ അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു

2006ൽ എടുത്ത ബൽറാം വേഴ്‌സസ് താരാദാസ് എന്ന ചിത്രം തീർത്തും കൈപ്പേറിയ അനുഭവമാണ് ഐവി ശശി എന്ന സംവിധായകന് സമ്മാനിച്ചത്. രജനീകാന്ത് പോലും ശശിസാര്‍ എന്ന് വിളിക്കുന്ന സംവിധായകന്‍ താരാദാസിന്റെ സെറ്റില്‍ ഒറ്റക്കിരുന്ന് കരയുമായിരുന്നു . ചിത്രത്തില്‍ മമ്മൂട്ടിയുടെ കൈകടത്തലുകള്‍ അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു .

കാസ്റ്റിങ്ങ് തൊട്ട് തിരക്കഥയും ഡയലോഗുകളുംവരെ മമ്മൂട്ടിയെന്ന സൂപ്പർതാരം തീരുമാനിക്കുന്ന അവസ്ഥ കണ്ട് ഐ.വി ശശിയും അമ്പരന്നുപോയി.

‘പണ്ടൊക്കെ ഞങ്ങൾ ഒന്നിച്ച് ജോലിചെയ്ത് നടനെന്നോ, ടെക്‌നീഷ്യനെന്നോ ഭേദമില്ലാതെ ഒന്നിച്ച് കഴിയുകയായിരുന്നു പതിവ്. ആ കൂട്ടായ്മ എപ്പോഴോ നഷ്ടമായി. കാരവാൻ സംസ്‌ക്കാരം ഇവിടെയും വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ബൽറാം വേഴ്‌സസ് താരാദാസ് എന്ന ചിത്രം എടുത്തതോടെയാണ് മലയാളത്തിൽ സംവിധകയകന്റെ റോൾ കുറഞ്ഞുവരികയാണെന്ന് മനസ്സിലായത്’- അന്ന് ഐ.വി ശശി പറഞ്ഞതാണ് ഈ വാക്കുകൾ.

എല്ലാകാര്യവും മമ്മൂട്ടി തീരുമാനിക്കുന്നത് കടുത്ത മാനസിക പീഡനമാണ് ഐ.വി ശശിക്ക് ഉണ്ടാക്കിയത്.ശശിയുടെ ഹിറ്റ്‌മേക്കർ ടി.ദാമോദരൻ എഴുതിയ തിരക്കഥയുടെ പുറത്ത് എസ്.എൻ സ്വാമിയെക്കൂടി സഹഎഴുത്തുകാരനായി കൊണ്ടുവന്നത് മമ്മൂട്ടിയാണ്. അതിന്റെ ഫലമോ,ദാമോദരന്മാഷുടെ തീപ്പൊരി ഡയലോഗുകൾ തുമ്പില്ലാതെ മാറിയെന്ന് മുമ്പൊരു അഭിമുഖത്തില്‍ ലിബർട്ടി ബഷീർ തുറന്നടിച്ചിരുന്നു. ബൽറാം വേഴ്‌സസ് താരാദാസ് വലിയ ഫ്‌ളോപ്പായി മാറിയതോടെ കുറ്റം ഐ.വി ശശിയുടെ തലയിലുമായി.

തുടർന്ന് അദ്ദേഹം സ്വന്തം കൈയിൽനിന്ന് പണം മുടക്കി 2009ൽ ഇറക്കിയ ‘വെള്ളത്തൂവൽ’ എന്ന ചിത്രവും പരാജയമായി. അദ്ദേഹത്തിന്റെ അവസാന ചിത്രവും ഇതുതന്നെയാണ്. പല പരാജയ ചിത്രങ്ങളുടെയും നിർമ്മാതാവും ശശിതന്നെയായിരുന്നതിനാൽ അവസാനകാലത്ത് അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. എന്നാൽ സിനിമ ഉയർച്ച താഴ്ചകളുടെ മേഖലയാണെന്ന് പറയുകയല്ലാതെ തന്റെ വിഷമങ്ങൾ അദ്ദേഹം ആരെയും അറിയിച്ചില്ല.

മോഹൻലാലുമായും നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന ഐ.വി ശശി , പുതിയ പടത്തിന് ലാലിന്റെ ഡേറ്റിനായിഏറെക്കാലം കാത്തിരുന്നിരുന്നു.മൂന്നുവർഷത്തോളം ലാൽ ഇങ്ങനെ അദ്ദേഹത്തെ വട്ടംകറക്കി.ഒടുവിൽ ശശിതന്നെ ആ പ്രൊജക്റ്റ് ഒഴിവാക്കുകയായിരുന്നു. അപ്പോഴും നല്ലൊരു സ്‌ക്രിപ്റ്റ് വന്നാൽ ഏത് നിമിഷവും തന്റെ സഹകരണം ഉണ്ടാവുമെന്ന് ലാൽ അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നു.

സീമയുമായുള്ള വിവാഹബന്ധം വേർപിരിയുകയാണെന്ന വാർത്തകളാണ് ഐ.വി ശശിയെ ഏറ്റവും കൂടതൽ വേദനിപ്പിച്ചത്. സിനിമാലോകത്ത് തന്നെയുള്ള ചിലരാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നതും അദ്ദേഹത്തിന്റെ വിഷമം വർധിപ്പിച്ചു. ഈ ഗോസിപ്പികൾക്കുള്ള മറുപടി ഐ.വി ശശി നൽകിയത് തങ്ങളുടെ 37ാം വിവാഹവാർഷികത്തിൽ സീമയെ വീണ്ടും ‘വിവാഹം കഴിച്ചു’കൊണ്ടായിരുന്നു! ശശിയുടെ പ്രിയ സുഹൃത്തും ചലച്ചിത്ര നിർമ്മതാവുമായ പി.വി ഗംഗാധരൻ എന്ന പി.വി.ജിയുടെ കോഴിക്കോട്ടെ വീട്ടിൽവച്ചായിരുന്നു ‘പുനർ വിവാഹം’.

മാങ്കാവിലെ പി.വി.ജിയൂടെ കേരളകലയെന്ന വീട്ടിൽവച്ച് ശശി-സീമ ദമ്പതികളുടെ വിവാഹവാർഷികമായ ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നായിരുന്നു ചടങ്ങ് നടന്നത്. വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കാനായിരുന്നു ഈ ചടങ്ങ്. പതിവുപോലെ മാലയിടൽ, കേക്ക് മുറിക്കൽ, സദ്യ എന്നിവയെല്ലാം കൂട്ടിന് ഉണ്ടായിരുന്നു. ‘ഇല്ല ഞങ്ങൾ ഗോസിപ്പിനുപിറകെ പോവില്ല, ഒരിക്കലും പിരിയില്ല’ എന്ന് പറഞ്ഞ് നിറഞ്ഞ സന്തോഷത്തോടെയാണ് അവർ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *