മോഹന്‍ലാലിന്‍റെ ഉയര്‍ച്ചയ്ക്ക് കാരണം മമ്മൂട്ടിയെന്ന് ഫാസില്‍; അഭിനയം ഒരു മത്സരമല്ലെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ സിനിമയിലെ ഉയര്‍ച്ചയ്ക്ക് മമ്മൂട്ടി കൂടി ഒരു കാരണമാണെന്ന് സംവിധായകന്‍ ഫാസില്‍. തിരിച്ച് മമ്മൂട്ടിയുടെ ഉയര്‍ച്ചയ്ക്കും മോഹന്‍ലാല്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണ്ട് കാലങ്ങളില്‍ ഡബ്ബിങിനൊന്നും ഒരു താരങ്ങളും വലിയ പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഞാന്‍ ചെന്നപ്പോള്‍ അവിടെ സത്യനും ശ്രീനിയും ഉണ്ട്. അവര്‍ പറഞ്ഞു കഴിഞ്ഞ ദിവസം ഞങ്ങള്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമകണ്ടു. അസാധ്യമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നത്. എന്തൊരു വോയ്‌സ് മോഡുലേഷനാണ് അദ്ദേഹത്തിന്റേത്, ഞങ്ങള്‍ ഇന്ന് മോഹന്‍ലാലിനെ കാണുമ്പോള്‍ അത് പറയാനിരിക്കുകയാണ്. ഈ സിനിമ പോയി കാണൂ, എന്നിട്ട് മമ്മൂട്ടിയുടെ വോയ്‌സ് മോഡുലേഷന്‍ ശ്രദ്ധിക്കണമെന്ന്. സത്യന്‍ അത് വളരെ ഗൗരവത്തോടെയാണ് എന്നോട് പറഞ്ഞത്. ലാല്‍ അത് കണ്ടുകാണും. അതിന് ശേഷം ലാലിന്റെ വോയ്‌സ് മോഡുലേഷന്റെ റെയ്ഞ്ച് അദ്ദേഹം തന്നെ മാറ്റി എഴുതി. പലതും നമ്മള്‍ അറിയുന്നില്ല, അറിയുമ്പോള്‍ പഠിക്കുകയാണ്. അറിയുമ്പോള്‍ പഠിക്കാന്‍ കഴിയുന്ന മനസ്സ് മോഹന്‍ലാലിനുണ്ട്. ഫാസില്‍ പറഞ്ഞു. ‘അഭിനയം ഒരു മത്സരമല്ല. മത്സരമെന്നത് കൃത്യതയ്ക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഒന്നാണ്.’-മോഹന്‍ലാല്‍ പറഞ്ഞു.‘മോഹന്‍ലാല്‍ വലിയ താരമായതിന് ശേഷം എന്നെ തിരിഞ്ഞുനോക്കിയില്ല, ഡേറ്റ് തന്നില്ല എന്നൊരു പരിഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മോഹന്‍ലാലിന് പറ്റിയ സബ്ജകട് വന്നിട്ടില്ലെന്നതാണ് സത്യം. ഇനി ഒരു കഥ ഉണ്ടായി അദ്ദേഹത്തോട് പറഞ്ഞാല്‍ അത് ഇഷ്ടമായാല്‍ തീര്‍ച്ചയായും അത് ചെയ്യും. മോഹന്‍ലാല്‍ വളരെ പ്രൊഫഷണനലായ നടനാണ്.’-ഫാസില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *