മോദിയുടെ ജനനം നോസ്ട്രജഡാമസ് പ്രവചിച്ചിരുന്നു; ലോകത്താകെ പ്രശസ്തനാകുന്ന മികച്ച ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് ജിഗ്നേഷ് മേവാനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ജ്‌ഗ്നേഷ് മേവാനി. മോദിയുടെ ജനനം ലോകം കണ്ട വലിയ പ്രവാചകനായ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്നാണ് ജിഗ്നേഷ് പറയുന്നത്. 21-ാം നൂറ്റാണ്ടില്‍ ലോകം കണ്ട മികച്ച നടനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ജിഗ്‌നേഷ് പരിഹസിച്ചു. ദലിതര്‍ക്ക് പ്രധാനമന്ത്രി നല്‍കുന്ന പിന്തുണ വ്യാജമാണ്.

‘ലോകത്താകെ പ്രശസ്തനാകുന്ന മികച്ച ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് അസാധാരണങ്ങളായ പ്രവചനങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രഞ്ചുകാരന്‍ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു’- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ട്വിറ്ററില്‍ ജിഗ്‌നേഷ് കുറിച്ചു. ദലിതുകളെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളുടെ വിഡിയോകളടക്കമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിപ്പണി ഉപേക്ഷിച്ച് നരേന്ദ്ര മോദി ഹിമാലയത്തിലേക്ക് പോകണമെന്ന് ജിഗ്‌നേഷ് ആവശ്യപ്പെട്ടിരുന്നു.

പുണെയിലെ ദലിത് നേതാവിന്റെ സമാധി വലതുപക്ഷ നേതാക്കളായ സംഭാജി ഭീടെ, മിലിന്ദ് എക്‌ബോധ് എന്നിവരുടെ നേതൃത്വത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ വ്യാപകമായി ദലിത് പ്രക്ഷോഭങ്ങളും ഉടലെടുത്തു. ഭീമ കൊറിഗാവ് യുദ്ധഅനുസ്മരണ സംഭവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ ഇരു നേതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കോപനപരമായ പ്രസംഗം നടത്തിയെന്ന കുറ്റത്തിന് ജിഗ്‌നേഷിനെതിരെയും കേസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *