ഭരണം കൈവിട്ടു പോയപ്പോള്‍ എല്ലാം പോകുന്നു… കോളേജ് ഹോസ്റ്റലില്‍ ഒളിപ്പിച്ച സ്വര്‍ണ, വജ്ര ശേഖരം അമ്പരപ്പിക്കുന്നത്; നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ കണ്ടെത്തിയത് ആരും ചിന്തിക്കാത്തത്

ശശികലയില്‍ നിന്നും ഭരണം അകന്നതോടെ കഷ്ടകാലമായി. മന്നാര്‍ ഗുഡി മാഫിയക്ക് കനത്ത പ്രഹരമായി ജയലളിതയുടെ തോഴി ചിന്നമ്മയുടെയും ബന്ധുക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 1430 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി. എന്നാല്‍ കണ്ടെത്തിയ വിവരങ്ങളില്‍ പരിശോധന തുടരുന്നതിനാല്‍ ഔദ്യോഗികമായി ഇക്കാര്യം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിലും എത്രയോ അധികമാണ് പിടിച്ചെടുത്ത പണത്തിന്റെയും സ്വര്‍ണവും വജ്രവും ഉള്‍പ്പെടെയുള്ള ആഭരണങ്ങളുടേയും ശേഖരവും എന്ന വിവരമാണ് പുറത്തുവരുന്നത്.

അഞ്ചുദിവസമായി തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായി 187 ഇടങ്ങളില്‍ ശശികല കുടുംബത്തിന്റെ വിവിധ ഗ്രൂപ്പുകളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടന്നുവരികയാണ്. പണമായി ഏഴുകോടി രൂപയും അഞ്ചുകോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1800ല്‍പ്പരം ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് പരിശോധന നടന്നത്.

ശശികലയുടെ സഹോദരന്‍ ദിവാകരന്റെ കോളേജ് ഹോസ്റ്റലില്‍ നിന്നും 65 ലക്ഷം രൂപ പണമായി പിടിച്ചെടുത്തു. കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഒളിപ്പിച്ച നിലയില്‍ വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ മൂല്യം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. ഇത്തരത്തില്‍ പിടിച്ചെടുത്തവയെല്ലാം സീല്‍ ചെയ്ത് മാറ്റിയിരിക്കുകയാണ്.
ശശികലയുടെ സഹോദരി ഇളവരശിയുടെ മകനും ജയ ടിവിയുടെ എംഡിയുമായ വിവേകിന്റെ പേരില്‍ അറുപതോളം വ്യാജ കമ്പനികള്‍ (ഷെല്‍ കമ്പനികള്‍) രൂപീകരിച്ച് വന്‍തോതില്‍ നികുതി വെട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എത്രത്തോളം തുക ഈ കമ്പനികളുടെ മറവില്‍ നികുതിവെട്ടിച്ച് വെളുപ്പിച്ചുവെന്ന വിവരമാണ് അന്വേഷിക്കുന്നത്. പ്രവര്‍ത്തനം നിര്‍ത്തിയ കമ്പനികളാണ് ഇവയില്‍ പലതും.

നോട്ടുനിരോധന കാലത്ത് വന്‍തോതില്‍ കള്ളപ്പണം ഇവയുടെ അക്കൗണ്ടുകളിലൂടെ വെളുപ്പിച്ചെടുത്തുവെന്നും വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അ്‌ന്വേഷണത്തിലൂടെയെ ഇത് എത്രത്തോളമെന്ന വിവരം പുറത്തുവരൂ. ശശികല കുടുംബം കള്ളപ്പണം വെളുപ്പിച്ചത് ഈ കമ്പനികളിലൂടെ ആണെന്ന അനുമാനമാണ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. പിടിച്ചെടുത്ത രേഖകളും മറ്റു വസ്തുക്കളും തിട്ടപ്പെടുത്തുന്ന മുറയ്ക്കാവും എത്രത്തോളം വ്യാപ്തിയുണ്ട് മന്നാര്‍ ഗുഡി മാഫിയയുടെ തട്ടിപ്പുകള്‍ക്ക് എന്ന് വ്യക്തമാകൂ.

ജയലളിതയുടെ മരണശേഷം അവരുടെ സ്വത്തുക്കള്‍ ഏതാണ്ട് പൂര്‍ണമായും കൈവശപ്പെടുത്തിയത് ശശികലയും കൂട്ടരുമാണ്. ഇപ്പോള്‍ ശശികല സ്വത്തു തട്ടിപ്പു കേസില്‍ അകത്തായതോടെയാണ് ഇവരുടെ സ്വത്തുക്കളുടെ പരിശോധന നടത്തുന്നത്. വന്‍തോതില്‍ നികുതി വെട്ടിപ്പുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ആദായനികുതി റെയ്ഡ് തുടങ്ങിയത്. ഏതായാലും രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കള്ളപ്പണ വേട്ടയായി ഇത് മാറുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

One thought on “ഭരണം കൈവിട്ടു പോയപ്പോള്‍ എല്ലാം പോകുന്നു… കോളേജ് ഹോസ്റ്റലില്‍ ഒളിപ്പിച്ച സ്വര്‍ണ, വജ്ര ശേഖരം അമ്പരപ്പിക്കുന്നത്; നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ കണ്ടെത്തിയത് ആരും ചിന്തിക്കാത്തത്

Leave a Reply

Your email address will not be published. Required fields are marked *