ബർമുഡ ട്രയാങ്കിൾ; ചുരുളഴിയാത്ത ദുരൂഹതകളുടെ മരണച്ചുഴി

ഉത്തര അറ്റ്ലാന്‍ടിക്ക് സമുദ്രത്തിലെ മനുഷ്യവാസമില്ലത്ത  നിഗൂഢമായ  പ്രദേശമാണ് ബെര്‍മുഡ ട്രെയാങ്കിൾ. വടക്കന്‍ അമേരിക്കയുടെ ഫ്ലോറിഡതീരത്തുനിന്ന് തെക്കോട്ട്‌ ക്യുബ, പ്യൂട്ടോ റിക്കോ, ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മദ്ധ്യത്തിലായി അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ പരന്നുകിടക്കുന്ന ഈ ആഴിപ്പരപ്പില്‍ ലോകമറിഞ്ഞതും അറിയാതെയുമായി അപ്രത്യക്ഷമായ നിരവധി കപ്പലുകളും, വിമാനങ്ങളും ആരാലും കണ്ടെത്തപ്പെടാതെ ദുരൂഹമായി ഒളിഞ്ഞുകിടക്കുന്നു.

1945ല്‍ യു.എസ് നേവിയിലെ ആറു ബോംബർ വിമാനങ്ങൾ  ഇവിടെ അപ്രത്യക്ഷമായി. അവരെ രക്ഷപ്പെടുത്താന്‍ പുറപ്പെട്ട 27 നേവി ഉദ്യോഗസ്ഥന്‍മാരെയും അവിടെ വെച്ച് കാണാതായി. കൂട്ടത്തിൽ ഒരാള്‍ അവസാനം അയച്ച സന്ദേശം ഇങ്ങനെ  “എല്ലാം വളരെ വിചിത്രമായിരിക്കുന്നു, ഈ കടലുപോലും”  എന്നായിരുന്നു. ശരാശരി ഒരു വര്‍ഷത്തില്‍ 4 വിമാനങ്ങളും 20 ചെറു വള്ളങ്ങളും ഇവിടെ കാണാതാകുന്നു എന്നാണ് കണക്ക്.

ഈ പ്രദേശം ചതുപ്പ് നിലമാണ്‌ എന്നും, അമിതമായ കാന്തിക ശക്തിയുള്ള സ്ഥലമാണ് ഇതെന്നുമുള്ള വാർത്തകൾ ഏറെക്കുറെ എല്ലാവർക്കും അറിയാം. എന്നാൽ എന്ത് കൊണ്ടാണ് ഈ പ്രദേശം അങ്ങനെ ആയി തീർന്നത് എന്ന് കണ്ടു പിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.   ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും കാലം ഏറെ മുന്നോട്ടു പോയിട്ടും  ബർമൂഡ ട്രെയാങ്കിൾ എന്ത് കൊണ്ട് ഇങ്ങനെ  എന്നത് മാത്രം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു.

വിൻസെന്റ് ഗാഡ്‍ഡിസ് എന്ന എഴുത്തുകാരനാണ് ‘ബർമൂഡ ട്രെയാങ്കിൾ’ എന്ന് പേര് ആദ്യമായി ഈ പ്രദേശത്തെക്കുറിച്ച് ഉപയോഗിക്കുന്നത്. അതിനുശേഷമാണ് ലോകം ഈ കടൽഭാഗത്തിന്റെ ദുരൂഹതകളെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നത്. ഡെവിള്‍സ് ട്രയാന്‍ഗിള്‍, ഡ്രാഗന്‍ ട്രയാന്‍ഗിള്‍ തുടങ്ങിയ പേരുകളിലും ബർമൂഡ ട്രെയാങ്കിൾ അറിയപ്പെടുന്നു.

ഷേക്സ്പിയറുടെ ‘ടെംപെസ്റ്’ എന്ന നാടകം ഈ പ്രദേശത്തു നടന്ന കപ്പലപകടത്തിന്റെ ആവിഷ്‌ക്കാരമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ദുരൂഹമായ എന്തിനെക്കുറിച്ചും മനുഷ്യൻ സൃഷ്ടിക്കുന്ന മിത്തുകളും, അന്ധവിശ്വാസങ്ങളും ബർമുഡ ട്രയാങ്കിളിന്റെ കാര്യത്തിൽ അതിന്റെ അങ്ങേയറ്റത്തുതന്നെ നിൽക്കുന്നു. അതിൽ പ്രേതബാധയും, അന്യഗ്രഹ ജീവികളുമൊക്കെയാണ് വില്ലന്മാർ. വിഖ്യാതനായ കൊളമ്പസ് തന്റെ കടൽ യാത്രക്കിടെ ഈ പ്രദേശത്തുവച്ച്‌ ഒരു തീഗോളം കണ്ടതായി ഒരു വിവരണമുണ്ടത്രെ.

അമിതമായ കാന്തിക ശക്തിയുള്ള സ്ഥലമായതിനാൽ ഉപരിതലത്തിലൂടെ പോകുന്ന വാഹനങ്ങളെ ഈ പ്രദേശം ഉള്ളിലേക്ക് വലിച്ചെടുക്കുന്നു എന്നും, ചുഴലിക്കാറ്റ് ഇടയ്ക്കിടെ വീശുന്നതിനാൽ കപ്പലുകളും വിമാനങ്ങളും ഇടയ്ക്കിടെ അപകടത്തില്‍ പെടുന്നു എന്നുമാണ് പ്രാഥമികമായ ശാസ്ത്രീയ നിരീക്ഷണം

ഈ ഭാഗത്ത്‌ കടലിനു അടിയില്‍ നല്ല ശക്തമായ ഒഴുക്കുണ്ട് അതിനെ ഗള്‍ഫ്‌ സ്ട്രീം എന്നാണു വിളിക്കുക .വീഴുന്ന കപ്പലുകളെയും വിമാനങ്ങളെയും ഈ ഒഴുക്ക് ദൂരേക്ക്‌ കൊണ്ട് പോകുന്നു. അതുകൊണ്ട് കണ്ടെത്തൽ എളുപ്പമാവാറില്ല. നരബോജികളായ മത്സ്യങ്ങളും സ്രാവുകളും കൂടുതല്‍ ഉള്ള പ്രദേശം ആയതിനാല്‍ ഇവിടെ വീഴുന്ന ആള്‍ക്കാരുടെ അവശിഷ്ടങ്ങള്‍ കരക്ക്‌ അടിയുന്നില്ല. സ്രാവിന്റെയോ മറ്റോ പല്ല്പതിഞ്ഞ ശവശരീരങ്ങള്‍ സമീപസ്ഥമായ തീരങ്ങളിൽ കണ്ടെടുത്തിട്ടുണ്ട്.

എന്തായാലും, അറ്റ്ലാന്റിക്കിന്റെ ആഴമാർന്ന നീലിമയിൽ ആണ്ടുകിടക്കുകതന്നെയാണ് ബെര്‍മുഡ ട്രയാങ്കിളിന്റെ നിഗൂഢതകൾ. ഒരു പക്ഷെ ആധുനിക മനുഷ്യന്റെ മുന്നിലെ ഏറ്റവും വലിയ പ്രഹേളികയായി.

Leave a Reply

Your email address will not be published. Required fields are marked *