പർദ ഉപയോഗിച്ച് ഇന്ത്യൻ ഡ്രൈവറുടെ ജീവൻ രക്ഷിച്ച ‘ദൈവത്തിന്റെ കൈ’ കണ്ടെത്തി

റാസൽഖൈമ:  വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് മരണവെപ്രാളത്തിൽ ഒാടുകയായിരുന്ന ഇന്ത്യൻ ഡ്രൈവറെ അബായ (പർദ്ദ) ഉപയോഗിച്ച് രക്ഷപ്പെടുത്തിയ സ്വദേശി വനിതയെ തിരിച്ചറിഞ്ഞു. അജ്മാൻ സ്വദേശിനിയായ ജവഹർ സെയ്ഫ് അൽ കുമൈത്തിയാണ് ആ ധീര യുവതി.

റാസൽഖൈമയിലെ രക്തസാക്ഷി റോഡിലായിരുന്നു സഭവം.

‘രണ്ടു ട്രക്കുകൾ റോഡിൽ നിന്ന് കത്തുന്നു. ഇതിലൊന്നിൽ നിന്ന് ഇറങ്ങിയ ഒരാൾ തീ പിടിച്ച വസ്ത്രവുമായി പ്രാണരക്ഷാർഥം നിലവിളിച്ചുകൊണ്ട് ഒാടുന്നു. ഞാൻ മറ്റൊന്നുമാലോചിച്ചില്ല, കാർ റോഡരികിൽ നിർത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അവരുടെ അബായ അഴിച്ചു തരാൻ ആവശ്യപ്പെട്ടു. അവർ യാതൊരു മടിയും കൂടാതെ തന്നു. ഉടൻ തന്നെ ഞാൻ കാറിൽ നിന്നിറങ്ങിയോടി അത് അയാളുടെ ദേഹത്ത് പുതപ്പിച്ചു. ഞാനയാളെ ആശ്വസിപ്പിക്കുകയും, സുരക്ഷാ വിഭാഗം ഉടൻ എത്തുമെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞ് സാന്ത്വനിപ്പിക്കുകയും ചെയ്തു’– ജവഹർ സംഭവം വിവരിക്കുന്നു.

കുറേ തൊഴിലാളികൾ അവിടെയുണ്ടായിരുന്നു. എന്നാൽ ആരും അയാളെ രക്ഷിക്കാൻ മുന്നോട്ട് വന്നില്ലെന്നും ജവഹർ ഒാർക്കുന്നു.
‘ജീവന് വേണ്ടി നിലവിളിക്കുന്ന ആ യുവാവിനെ അവരെല്ലാം നോക്കി നിന്നത് എന്നെ ഞെട്ടിപ്പിച്ചു. ഉടൻ തന്നെ പൊലീസ്, ആംബുലൻസ്, പാരാ മെഡ‍ിക്കൽ ടീം എന്നിവർ സ്ഥലത്തെത്തി, യുവാവിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി’- ഇത്തരമൊരു സത്പ്രവൃത്തി ചെയ്യാൻ ധൈര്യം തന്നതിന് ദൈവത്തെ സ്തുതിക്കുകയാണ് യുവതി.

ഇന്ത്യൻ ഡ്രൈവറെ രക്ഷിച്ച സ്വദേശി യുവതിയുടെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായെങ്കിലും ഇവരാരെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ കണ്ടെത്തിയതോടെ ജവഹറിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ട്രക്കിലെ ഡ്രൈവർക്കും 40 മുതൽ 50 ശതമാനം വരെ പൊള്ളലേറ്റതായി റാക് പൊലീസ് ആംബുലൻസ് ആൻഡ് റെസ്ക്യു വിഭാഗം തലവൻ മേജർ താരിഖ് മുഹമ്മദ് അൽ ഷർഹാൻ പറഞ്ഞു. ഖലീഫ ആശുപത്രിയിൽ നിന്ന് ഇരുവരെയും സഖർ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *