പെണ്ണായാല്‍ ഇങ്ങനെ വേണം: വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തില്‍ കത്തിവെച്ച യുവാവിനെ വീട്ടമ്മ നേരിട്ടതിങ്ങനെ

ന്യുഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് പെരുകി വരികയാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയരക്ഷാര്‍ത്ഥം അക്രമങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ പര്യാപ്തമാകണമെന്ന ബോധവത്കരണവും ഇന്ന് നടക്കുന്നുണ്ട്. അത്തരം ബോധവത്കരണങ്ങള്‍ സമൂഹത്തിന്റെ ഒരു വിഭാഗത്തിലെങ്കിലും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധ്യമാക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഡല്‍ഹി, വസ്ന്ത് നഗരയിലെ ഒരു അപാര്‍ട്‌മെന്റില്‍ നടന്ന സംഭവം തെളിയിക്കുന്നത്.

വീട്ടില്‍ അതിക്രമിച്ച് കയറിയ ആളെ ഒറ്റയ്ക്ക് നേരിട്ടാണ് 30 വയസുള്ള പൂജ എന്ന വീട്ടമ്മ അവശ്യ ഘട്ടങ്ങളില്‍ പകച്ച് പോകുന്ന സ്ത്രീകള്‍ക്ക് മാതൃകയാകുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. വസന്ത് നഗറിലെ ഗുല്‍മോഹര്‍ സൊസൈറ്റിയിലെ രണ്ടാം നിലയിലുള്ള അപാര്‍ട്ട്‌മെന്റില്‍ റസൂല്‍ ഖാന്‍ എന്നയാള്‍ അതിക്രമിച്ച് പ്രവേശിച്ചത്. ഈ അവസരത്തില്‍ പൂജയും, മകന്‍ ഖുശും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വൈകിട്ട് ഏഴ് മണിയായപ്പോള്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് പൂജ വാതില്‍ തുറന്നത്. ഷിന്ദേ ഉണ്ടോ എന്നായിരുന്നു റസൂലിന്റെ ആദ്യ ചോദ്യം. ഇത് ഷിന്ദേയുടെ വീടല്ലെന്നും, നിങ്ങള്‍ക്ക് വീട് മാറിയതാണെന്നും പറഞ്ഞ ശേഷം പൂജ വാതിലടച്ചു. മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ റസൂല്‍ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. അടുത്ത് നിന്ന ഖുശിനെ വലിച്ചെറിഞ്ഞ ശേഷം റസൂല്‍ പൂജയുടെ വായപ്പൊത്തി, കഴുത്തില്‍ കത്തിവെച്ചു.

എന്നാല്‍ പിന്നീടുണ്ടായത് റസൂല്‍ എന്ന ക്രമിനലിന് തീര്‍ത്തും അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു. റസൂലിന്റെ ഭീഷണിയില്‍ പതറി പോകാതെ പൂജ അയാളുടെ കയ്യില്‍ ആഞ്ഞ് കടിച്ചു. റസൂല്‍ കുതറി മാറിയ അവസരം നോക്കി സമീപത്തിരുന്ന ഹോക്കി സ്റ്റിക്ക് അവര്‍ കയ്യിലെടുത്തു. മകന്‍ ഖുശിനോട് മുറിയില്‍ കയറി പൂട്ടി ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. അക്രമിയെ ആക്രമിച്ച് അവശനാക്കി പൂജ സമീപ വാസികളെ വിളിച്ച് കൂട്ടുകയും, പോലീസിനെ അറിയിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ പോലീസ് റസൂല്‍ ഈ പ്രദേശത്ത് സ്ഥിരം ക്രമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന പ്രതിയാണെന്ന് കണ്ടെത്തി. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ അപാര്‍ട്ട്‌മെന്റില്‍ വീടുകളില്‍ അതിക്രമിച്ച് കയറിയ ഇയാളെ പിടികൂടാനാകാതെ വന്നപ്പോള്‍ സ്വയരക്ഷാര്‍ത്ഥം വീട്ടുകാര്‍ ഹോക്കി, ക്രിക്കറ്റ് ബാറ്റുകള്‍ കരുതിയിരുന്നു. പൂജയുടെ ധൈര്യത്തെയും,ആത്മവിശ്വാസത്തെയും വാനോളം പുകഴ്തുകയാണ് ഇപ്പോള്‍ സുഹൃത്തുക്കളും,സമീപ വാസികളും.

Leave a Reply

Your email address will not be published. Required fields are marked *