നോട്ട് നിരോധനം പാളി: കോടികളുടെ കള്ളപ്പണം വീണ്ടും ഒഴുകുന്നു; പിടിച്ചെടുത്തിൽ ഏറെയും പുതിയ രണ്ടായിരം നോട്ട്

സ്വന്തം ലേഖകൻ

കൊച്ചി: നോട്ട് നിരോധനം ഒന്നാം വർഷത്തിലേയ്ക്കു കടക്കുമ്പോൾ കള്ളപ്പണവും, കുഴൽപ്പണവും കള്ളനോട്ടും ഒഴുകുന്നു. വൻ തോതിൽ പുതിയ രണ്ടായിരം രൂപയുടെ നോട്ടാണ് ഇപ്പോഴും കള്ളപ്പണമാർക്കറ്റിൽ ഒഴുകുന്നതെന്നാണ് റിപ്പോർട്ട്. കർണാടകയിൽ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന രണ്ട് കോടി രൂപയിലധികം വരുന്ന കുഴൽപ്പണം തലശേരിയിൽ പിടികൂടിയതോടെയാണ് വീണ്ടും രാജ്യം കള്ളപ്പണത്തിന്റെ പിടിയിൽ കുടുങ്ങിയത്. തലശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം, സിഐ കെ.വി. പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ എസ്ഐ എം. അനിൽ, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ അജയൻ, ബിജുലാൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലാണ് കുഴൽപ്പണ സംഘം പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ കരുവംപൊയിൽ പൊൻപാറയ്ക്കൽ ഇഖ്ബാൽ (30), പെരുന്തോട്ടത്തിൽ മുഹമ്മദ് (21) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്.

ഇന്നു രാവിലെ 9.30 ഓടെ തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഘത്തെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കേരളത്തിലേക്ക് പണം കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *