നല്ല ഉറക്കമാണോ ആഗ്രഹിക്കുന്നത് ? ഗുളികയല്ല, കിടക്കാന്‍ നേരം ഈ ജ്യൂസാണ് കുടിക്കേണ്ടത്

ചുവന്ന് തുടുത്ത ചെറിപ്പഴം കഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ബേക്കറികളിലെ കണ്ണാടിക്കുപ്പികളില്‍ പഞ്ചസാരവെള്ളത്തില്‍ മുങ്ങിക്കുളിച്ച് കിടക്കുന്ന ഈ ചുവന്നസുന്ദരിമാരെ വാങ്ങി ആര്‍ത്തിയോടെ തന്നെയാണ് നമ്മള്‍ ഓരോരുത്തരും കഴിക്കാറുള്ളത്. കേക്ക്, ബ്രഡ് എന്നിങ്ങനെയുള്ള പല ബേക്കറി പലഹാരങ്ങളും ചെറിപ്പഴം പീസ് പീസാക്കി അലങ്കരിക്കാറുമുണ്ട്.

നിരവധി ആരോഗ്യഗുണങ്ങളും ഈ പഴത്തിനുണ്ട്. നല്ല ഉറക്കം നല്‍കാന്‍ കഴിയുന്ന ഒരു പഴമാണ് ചെറി എന്നാണ് വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല കണ്ണടയ്ക്കുന്ന സമയം കൂട്ടാനും ഈ പഴത്തിന് സാധിക്കും. ഉറക്കപ്രശ്‌നങ്ങള്‍ ഉള്ള ഏതൊരാളും രാത്രിയില്‍ അല്പം ചെറിജ്യൂസ് കഴിക്കുകയാണെങ്കില്‍ സുഖമായി ഉറങ്ങാമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ബ്രിട്ടനിലെ നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിച്ചവരെയും മറ്റ് പാനീയങ്ങള്‍ കുടിച്ചവരെയുമാണ് അവര്‍ നിരീക്ഷിച്ചത്. തുടര്‍ന്നാണ് ചെറി ജ്യൂസ് കുടിച്ചവര്‍ക്ക് ദീര്‍ഘസമയത്തേക്ക് നല്ല ഉറക്കം കിട്ടിയെന്നും പകല്‍ ഉറക്കം തൂങ്ങുന്നതുപോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതായെന്നും മനസിലായത്.

ചെറിയിലടങ്ങിയിരിക്കുന്ന മെലാടോണിന്‍ എന്ന വസ്തുവാണ് ഉറക്കത്തെ സഹായിക്കുന്ന പ്രധാന ഘടകം. നമ്മുടെ ഉറക്ക രീതിയും മറ്റും പാരമ്പര്യത്തിന്റെ ഘടകമായ ഡി എന്‍ എയാണ് നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മര്‍ദം, രോഗം, ജോലിസ്വഭാവം, മാനസിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും ഉറക്കം കുറയ്ക്കാറുണ്ട്. ചെറുചൂട് പാല്‍ കുടിക്കുന്നത് ഉറക്കം നല്‍കും. അതിനേക്കാള്‍ മെച്ചമാണ് ചെറി ജ്യൂസ് കുടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *