നന്മ ചെയ്യാന്‍ മാത്രം ഉദ്ദേശിക്കുന്ന ഭര്‍ത്താവിന്റെ ഭാര്യയെന്ന അഭിമാനം മാത്രമേയുള്ളൂ, അല്ലാതെ ഗമയില്ല; ട്രോളുന്നവരോട് പ്രതികരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയുടെ അഭിമുഖ വീഡിയോയും, ഇതിനെതിരെയുള്ള ട്രോളുകളും. ഭാര്യയെ ട്രോളുന്നതിനെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയിരിന്നു, ഇതിനു പിന്നാലെയാണ് കണ്ണന്താനത്തിന്റെ ഭാര്യ തന്നെ ട്രോളുന്നതും വീഡിയോ പോസ്റ്റ് ചെയ്തതിനുമുള്ള മറുപടി നല്‍കിയത്.

കണ്ണന്താനത്തിന്റെ ഭാര്യയുടെ വാക്കുകള്‍ ”ദുഷ്ടന്‍മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയുംപരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയുംകഴിഞ്ഞുപോയാല്‍ ഭാഗ്യവാന്‍”ബൈബിളില്‍ സങ്കീര്‍ത്തനം ഒന്നാം വാചകത്തിന്റെ ചുരുക്കമിതാണ്….ഇതൊക്കെ ഞാന്‍ എന്നും വായിക്കുന്നതാണ്. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. എന്നെ പരിഹസിച്ച് ഇറങ്ങിയ വിഡിയോ മൂന്നു ലക്ഷത്തി മുപ്പതിനായിരം പേരു കണ്ടെന്നാരോ വിളിച്ചു പറഞ്ഞു. ഇതിനൊക്കെ പ്രകാശത്തേക്കാള്‍ വേഗമാണ്.

ഇപ്പോള്‍ പെണ്‍പിള്ളാരു കറുത്ത കണ്ണാടിയൊക്കെ വച്ച് വീണ്ടും കളിയാക്കി ഡബ്‌സ്മാഷ് വിഡിയോ ഒക്കെ ഇറക്കിയെന്നും കേട്ടു. കൂട്ടുകാരൊക്കെ വിളിക്കുന്നുണ്ട് ഇതൊക്കെ കണ്ട് സങ്കടപ്പെട്ട്. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാന്‍ തമാശയിഷ്ടപ്പെടുന്നയാളുമാണ്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നതു നീതിയല്ലെന്നു വിശ്വസിക്കുന്നു. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പുപറഞ്ഞിട്ട് അതൊക്കെ ചാനലുകളില്‍ കാണിച്ചു. ഇങ്ങനെ പരിഹസിച്ചു പുറത്തും വിട്ടു. അതൊക്കെ അതിന്റെ വഴിക്ക് പോകട്ടെ… ഇതൊക്കെ ആര്‍ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്‍ ആയിക്കോട്ടെയെന്നാണ് എന്റെ പ്രാര്‍ഥന’.

വീഡിയോയില്‍ താന്‍ കൂളിംഗ് ഗ്ലാസ് വെച്ച് സംസാരിച്ചതാണ് ട്രോളന്മാര്‍ക്കിടയിലെ തുറുപ്പ് ചീട്ട്. എന്നാല്‍ സത്യം മറ്റൊന്നാണെന്ന് ഷീല കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ചൂടിന് അവിടെ ഗ്ലാസ് വെക്കാതെ ഇറങ്ങാന്‍ സാധിക്കില്ലെന്നും, വെക്കാതെ ഇറങ്ങിയാല്‍ അത് കാഴ്ചയെ ബാധിക്കുമെന്നുമുള്ളതുകൊണ്ടാണ് താന്‍ ഗ്ലാസ് വെച്ച് ക്യാമറക്ക് മുന്‍പില്‍ എത്തിയതെന്ന് ഷീല പ്രതികരിച്ചു. ആളുകള്‍ പറയുന്നതല്ല യഥാര്‍ത്ഥ്യത്തില്‍ സത്യം. തനിക്ക് ഇംഗ്ലീഷില്‍ പരിജ്ഞാനമൊന്നുമില്ല. മുക്കി മൂളിയാണ് താന്‍ ഇംഗ്ലീഷ് സംസാരിക്കാറുള്ളതെന്നും ഷീല കൂട്ടിച്ചേര്‍ത്തു. കാര്യം അറിയാതെ ട്രോളുന്നതില്‍ ചിലപ്പോഴൊക്കെ സങ്കടം തോന്നാറുണ്ടെന്നും വ്യക്തമാക്കി.

ഇംഗ്ലീഷ് ചാനലുകള്‍ അഭിമുഖത്തിനു വിളിച്ചു കഴിഞ്ഞപ്പോഴാണ് മലയാളം മാധ്യമങ്ങള്‍ വന്നത്. ആ ആശ്വാസത്തില്‍ പറഞ്ഞ വാക്കുകളാണ് ഇന്ന് തനിക്ക് വിനയായി മാറിയതെന്ന് ഷീല പ്രതികരിച്ചു. ജീവിതത്തിന്റെ ഉയര്‍ച്ചകളും താഴ്ചകളും കണ്ടവരാണു ഭര്‍ത്താവും ഞാനും. അധികാരത്തിന്റെ പല കസേരകളും ചുവപ്പ് പരവതാനിയും ഒക്കെ ദൈവം കൊണ്ടു തന്നു. അതൊക്കെ നന്മ ചെയ്യാന്‍ മാത്രം ഉപയോഗിച്ച ഭര്‍ത്താവിന്റെ ഭാര്യയെന്ന അഭിമാനം മാത്രമേയുള്ളൂ എനിക്ക്, അല്ലാതെ ഗമയില്ലെന്നും കണ്ണന്താനത്തിന്റെ ഭാര്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *