നന്ദി, ദൈവത്തിന്റെ ആ കൈകൾക്ക്; പർദ ഉപയോഗിച്ച് ഇന്ത്യൻ ഡ്രൈവറുടെ ജീവൻ രക്ഷിച്ച യുവതിക്ക് അഭിനന്ദന പ്രവാഹം

റാസൽഖൈമ ∙ വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് മരണവെപ്രാളത്തിൽ ഒാടുകയായിരുന്ന ഇന്ത്യൻ ഡ്രൈവറെ അബായ (പർദ്ദ) ഉപയോഗിച്ച് രക്ഷപ്പെടുത്തിയ അജ്മാൻ സ്വദേശിനിയായ ജവഹർ സെയ്ഫ് അൽ കുമൈത്തിയ്ക്ക് അഭിനന്ദന പ്രവാഹം. യുവതിയുടെ നടപടിയെ ‘ദൈവത്തിന്റെ കൈ’ എന്നായിരുന്നു റാസൽഖൈമ പൊലീസ് വിശേഷിപ്പിച്ചത്. ജവഹർ സെയ്ഫ് അൽ കുമൈത്തിയെയും അവരുടെ പിതാവിനെയും റാസൽഖൈമ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ സാബി ഡിപ്പാർട്ട്മെന്റ് ആസ്ഥാനത്തേക്ക് ക്ഷണിച്ചാണ് അഭിനന്ദിച്ചത്

കരുണയുടെയും മനുഷ്യത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് യുവതിയുടെ ഇടപെടൽ. പെൺകുട്ടിയുടെ സമയോചിതമായ ഇടപെടൽ കാരണം തീപിടിത്തത്തിൽ നിന്നും ഒരു ഡ്രൈവറുടെ ജീവനാണ് രക്ഷിക്കാൻ സാധിച്ചതെന്നും ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ സാബി പറഞ്ഞു. യുവതിയുടെ ധീരമായ നടപടിയ്ക്കുള്ള സമ്മാനമായി, അവരുടെ വീട്ടിൽ സ്മോക്ക് ഡിക്റ്ററ്റേഴ്സ് സ്്ഥാപിക്കുമെന്ന് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു

യുഎഇ ഇന്റീരിയർ മന്ത്രി ലഫ്. ജനറൽ ഷെയ്ഖ് സയ്ഫ് ബിൻ സയീദ് അൽ നഹ്‍യാനും യുവതിയെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കാൻ ഉത്തരവിട്ടു. റാസൽഖൈമ പൊലീസ് നേരത്തെ തന്നെ യുവതിയുടെ ധീരമായ പ്രവർത്തിയെ അഭിനന്ദിച്ചിരുന്നു. റാസൽഖൈമ പൊലീസ് ഡെപ്യൂട്ടി ചീഫ് കമാൻഡന്റ് ബ്രിഗേഡിയർ അബ്ദുല്ല ഖാമിസ് അൽ ഹിദാദി പെൺകുട്ടിയെയും അവരുടെ പിതാവിനെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അഭിനന്ദനം അറിയിച്ചു

റാസൽഖൈമ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ സന്ദർശിച്ച് മറ്റൊരു സുഹൃത്തിനോടൊപ്പം അജ്മാനിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ജവഹർ സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ ഇന്ത്യൻ ഡ്രൈവറെ രക്ഷിച്ചത്.റാസൽഖൈമയിലെ രക്തസാക്ഷി റോഡിലായിരുന്നു സഭവം.

സംഭവം ധീരയായ പെൺകുട്ടി വിവരിക്കുന്നത് ഇങ്ങനെ

രണ്ടു ട്രക്കുകൾ റോഡിൽ നിന്ന് കത്തുന്നു. ഇതിലൊന്നിൽ നിന്ന് ഇറങ്ങിയ ഒരാൾ തീ പിടിച്ച വസ്ത്രവുമായി പ്രാണരക്ഷാർഥം നിലവിളിച്ചുകൊണ്ട് ഒാടുന്നു. ഞാൻ മറ്റൊന്നുമാലോചിച്ചില്ല, കാർ റോഡരികിൽ നിർത്തി. കൂടെയുണ്ടായിരഉന്ന സുഹൃത്തിനോട് അവരുടെ അബായ അഴിച്ചു തരാൻ ആവശ്യപ്പെട്ടു. അവർ യാതൊരു മടിയും കൂടാതെ തന്നു. ഉടൻ തന്നെ ഞാൻ കാറിൽ നിന്നിറങ്ങിയോടി അത് അയാളുടെ ദേഹത്ത് പുതപ്പിച്ചു. ഞാനയാളെ ആശ്വസിപ്പിക്കുകയും,സുരക്ഷാ വിഭാഗം ഉടൻ എത്തുമെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞ് സാന്ത്വനിപ്പിക്കുകയും ചെയ്തു. കുറേ തൊഴിലാളികൾ അവിടെയുണ്ടായിരുന്നു. എന്നാൽ ആരും അയാളെ രക്ഷിക്കാൻ മുന്നോട്ട് വന്നില്ല. ജീവന് വേണ്ടി നിലവിളിക്കുന്ന ആ യുവാവിനെ അവരെല്ലാം നോക്കി നിന്നത് എന്നെ ഞെട്ടിപ്പിച്ചു. ഉടൻ തന്നെ പൊലീസ്, ആംബുലൻസ്,പാരാ മെഡ‍ിക്കൽ ടീം എന്നിവർ സ്ഥലത്തെത്തി, യുവാവിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി’‌

Leave a Reply

Your email address will not be published. Required fields are marked *