‘ദിലീപിനെ കുടുക്കിയത് മലയാളസിനിമയിലെ അഹങ്കാരിയായ നടന്‍’; ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി.സി ജോര്‍ജ്

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ആരോപണങ്ങളുമായി പിസി ജോര്‍ജ് എംഎല്‍എ. കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. അതേസമയം ഈ നടന്റെ പേര് പറയാന്‍ പിസി ജോര്‍ജ് തയ്യാറായില്ല. ഫഹദ് അല്ല. പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് പിസി ജോര്‍ജ് ചിരിച്ചൊഴിഞ്ഞു.

പൃഥ്വിക്ക് ദിലീപിനെ കുടുക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് ചോദ്യത്തിന് അത് പിന്നീട് തെളിയുമെന്നും പിസി ജോര്‍ജ് പറഞ്ഞു. മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്. അതേസമയം പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നും. ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ടെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു. ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ല. അതിനാല്‍ ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നുവെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചു. ശ്രീകുമാര്‍ മേനോന്‍ ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു എന്നാണ് പിസി ജോര്‍ജിന്റെ ആരോപണം. കേരളത്തിലെ ജനം ഇക്കാര്യം അറിയട്ടെ. ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോനാണ്. തന്റെ ആരോപണം തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ കേസ് കൊടുക്കട്ടെ. കേസ് കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

കേസില്‍ തുടക്കം മുതല്‍ ദിലീപിനൊപ്പം നില്‍ക്കുന്ന ജനപ്രതിനിധിയാണ് പിസി ജോര്‍ജ്. അന്വേഷണ സംഘത്തിനെതിരെയും സര്‍ക്കാരിനെതിരെയും പിസി ജോര്‍ജ് ആഞ്ഞടിച്ചിരുന്നു. ദിലീപിന്റെ ജാമ്യഹര്‍ജിയിലും ശ്രീകുമാര്‍ മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ട്. തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി. സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് തന്റെ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *