തോമസ് ചാണ്ടി രാജി വയ്ക്കും; ഗതാഗതം സി.പി.എം ഏറ്റെടുക്കും; സി.കെ ശശീന്ദ്രൻ മന്ത്രിയാകും

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: കായൽകയ്യേറ്റ വിവാദത്തിൽ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം രാജിവയ്പ്പിക്കുമെന്നു ഉറപ്പായി. സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിഛായക്കു കനത്ത അടിയാകുമെന്നു തിരിച്ചറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടപെട്ടാണ് തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കുന്നതിലേയ്ക്കു നീങ്ങുന്നത്.
തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പകരം ഫോൺ കെണിയിൽപ്പെട്ട് മന്ത്രി സ്ഥാനം രാജിവച്ച ശശീന്ദ്രനെ മന്ത്രിയാക്കില്ലന്നാണ് സൂചന. ഇവർ രണ്ടു പേർ മാത്രമാണ് എൻ.സി.പി എം.എൽ.എമാർ എന്നതിനാൽ പുതിയ അവകാശവാദവുമായി രംഗത്തു വരാൻ എൻ.സി.പി ദേശീയ നേതൃത്വത്തിനും കഴിയില്ല. സി.പി.എം തന്നെ എൻ.സി.പി കൈകാര്യം ചെയ്ത ഗതാഗത വകുപ്പ് ഏറ്റെടുക്കാനാണ് സാധ്യത.
പുതിയ മന്ത്രിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ മുൻ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിയാക്കണമെന്ന അഭിപ്രായം ചില സി.പി.എം നേതാക്കൾക്കുണ്ട്. എന്നാൽ ബന്ധുനിയമന കേസിൽ നിന്നും തലയൂരിയെങ്കിലും ഒരു കമ്മ്യൂണിസ്റ്റുകാരൻ പുലർത്തേണ്ട ജാഗ്രത ജയരാജൻ കാണിക്കാതിരുന്നതിനാൽ തൽക്കാലം മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷ നേതാക്കളുടെയും നിലപാട്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി തന്നെ ജയരാജനെ ശാസിച്ചതിനാൽ ഇനി ഒരവസരം നൽകണമെങ്കിൽ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരവും അനിവാര്യമാണ്.
സി.പി.എം മന്ത്രിയാണ് ചാണ്ടിക്ക് പകരം വരികയെങ്കിൽ കോട്ടയത്തുനിന്നുള്ള സുരേഷ് കുറുപ്പ് , പത്തനം തിട്ടയിൽ നിന്നുള്ള രാജു എബ്രഹാം എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. സുരേഷ് കുറുപ്പിനെ സ്പീക്കറാക്കി ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിലെടുക്കണമെന്ന നിർദേശം ഇ.പി.ജയരാജൻ രാജിവച്ചതു മുതൽ സജീവമായതിനാൽ ഇതിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. അതേസമയം ശതകോടീശ്വരനായ തോമസ് ചാണ്ടിയുടെ പകരക്കാരൻ ‘പാൽക്കാരനായ’ കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രനെയാക്കി ഉയർന്നു വന്ന വിമർശനങ്ങളുടെ മുനയൊടിക്കണമെന്ന അഭിപ്രായവും സി.പി.എമ്മിലുണ്ട്.
ചാനൽ മേധാവി കൂടിയായ കോടീശ്വരൻ ശ്രേയസ് കുമാറിനെ വൻ ഭൂരിപക്ഷത്തിന് മലർത്തിയടിച്ചാണ് ശശീന്ദ്രൻ കൽപ്പറ്റ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയത്. സി.പി.എം പ്രവർത്തകരുടെ അഭിമാനമായ ഈ നേതാവ് ചെരിപ്പു പോലും ജീവിതത്തിൽ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറി ആയാലും എം.എൽ.എ ആയാലും സഞ്ചാരം സൈക്കിളിലാണ്. അതും പാൽ ചുമന്ന് . . മണ്ണിൽ പണിയെടുക്കുന്നത് അഭിമാനത്തോടെ കാണുന്ന ഒരു യഥാർത്ഥ കമ്യൂണിസ്റ്റ്. ശശീന്ദ്രന്റെ ഈ വ്യക്തിത്വം തന്നെയാണ് അദ്ദേഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചിരുന്നത്. ആ പരിഗണന ഇനി മന്ത്രി സ്ഥാനത്തേക്ക് എത്തിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
നിലവിൽ വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, ജില്ലകളിൽ നിന്നുമാണ് മന്ത്രിസഭയിൽ പ്രതിനിധികളില്ലാത്തത്.
ചാണ്ടിയുടെ കാര്യമായാലും ജയരാജന്റെ കാര്യമായാലും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടായിരിക്കും നിർണ്ണായകമാവുക. മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ശനിയാഴ്ചയാണ് കളക്ടർ അനുപമ സമർപ്പിച്ചത്.
റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
മാർത്താണ്ഡം കായലിൽ തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നതെന്നാണ് അറിയുന്നത്. കടുത്ത നടപടിക്കും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ബോയ സ്ഥാപിക്കാൻ ആർ.ഡി.ഒ നൽകിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
താൻ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും തലസ്ഥാനത്ത് എത്തിയ ശേഷം ഫയൽ പരിശോധിച്ച് പ്രതികരിക്കാമെന്നുമാണ് റവന്യൂ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഈ റിപ്പോർട്ട് കോർട്ടലക്ഷ്യമാണെന്ന വിചിത്ര വാദവുമായാണ് തോമസ് ചാണ്ടി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
കുറ്റക്കാരായ ആളുകളെ ഒരു നിമിഷം പോലും മന്ത്രി സഭയിൽ ഇരുത്തില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ആനത്തലവട്ടം ആനന്ദൻ റിപ്പോർട്ട് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അഭിപ്രായപ്പെട്ടത്. പാർട്ടി സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കെ ഇനിയും തോമസ് ചാണ്ടിയെ ചുമക്കേണ്ടതില്ലെന്ന അഭിപ്രായം സി.പി.എമ്മിൽ ശക്തമാണെന്നതിന്റെ തെളിവാണിത്.
ഇടതു ജാഥകൾ നടന്നുകൊണ്ടിരിക്കെ മന്ത്രിയെ മാറ്റേണ്ടി വന്നാൽ ‘ക്ഷീണ’മാകുമെന്നതിനാൽ ജാഥക്കു ശേഷം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്ന നിലപാടും മുതിർന്ന നേതാക്കൾക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *