ഡോമ്പിവലിയിലെ ഒറ്റമുറി വീട്ടിൽ നിന്നു വന്നൊരു ഹിറ്റ്മാൻ!!!!!

ഹിറ്റ്മാൻ എന്നാണ് അയാളെ ലോകം വിളിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ 209 റൺസ് ഒരു ഏകദിനത്തിൽ അടിച്ചു കൂട്ടിയതിനു ശേഷം ടീം മേറ്റ്സ് വിളിച്ച പേരാണത്. കമെന്ററി പറയാൻ വന്ന രവി ശാസ്ത്രിയുടെ വായിൽ നിന്നു ആ പേരു പുറം ലോകമറഞ്ഞു. അതെ അയാൾ ഹിറ്റ് മാൻ ആണ്, ലോകത്തിൽ ആദ്യമായി മൂന്നു ഇരട്ട സെഞ്ച്വറി അടിച്ച അയാളെ ഹിറ്റ്മാൻ എന്നല്ലാതെ എന്താണ് വിളിക്കുക. ഇന്ന് പിറന്നത് അയാളുടെ മൂന്നാമത്തെ ഏകദിനത്തിലെ ഡബ്ബിൾ സെഞ്ച്വറി ആണ്. 208 റൺസ് എന്നത് ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ സ്കോറിന്റെ ഇരട്ടിയാണ് ഏകദേശം.

വിശാഖപട്ടണംക്കാരായ പിന്നീട് മുംബൈയിലേക്ക് കുടിയേറി പാർത്ത ഒരു കുടുംബത്തിൽ രോഹിത് ശർമ നാഗ്പൂരിൽ ജനിച്ചത് 1987 ൽ ആയിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നിന്ന കുടുംബത്തിന്റെ ഏക വരുമാനം അച്ഛന്റെ ചെറിയ ജോലിയായിരുന്നു. ഒരു ട്രാൻസ്‌പോർട് ഓഫീസർ ആയിരുന്ന ഗുരുനാഥ ശർമ്മ പ്രതിസന്ധികൾക്കിടയിലും മകന് ക്രിക്കറ്റ്‌ കോച്ചിംഗ് ലഭിക്കാൻ തന്റെ ചെറിയ ശമ്പളത്തിന്റെ വലിയൊരു ഭാഗം ഉപയോഗിച്ചിരുന്നു. നാഗ്പൂരിൽ നിന്നു ക്രിക്കറ്റ്‌ പരിശീലനതിന് പതിവായി പോയി വരാൻ നിവൃത്തിയില്ലാത്തതു കൊണ്ടു മുബൈ ബോറിവള്ളി പ്രദേശത്തു ഉള്ള ബന്ധുവിന്റെ വീട്ടിലാണ് രോഹിത് പഠന സമയത്തു നിന്നത്. ആ ഒറ്റ മുറി വീട്ടിൽ നിന്നാണ് ഇന്നത്തെ ചാമ്പ്യൻ ക്രിക്കറ്റർ ജനിച്ചത്. ആഴ്ചയിൽ ഒരിക്കൽ ഞായറാഴ്ച്ചകളിൽ മാത്രമാണ് രോഹിതിന് അച്ഛനമ്മമാരെ കാണാൻ കഴിഞ്ഞത്.

അങ്കിളിന്റെയും കൂട്ടുകാരുടെയും പണം കൊണ്ടാണ് രോഹിത് ആദ്യമായി ഒരു ക്രിക്കറ്റ്‌ അക്കാദമിയിൽ ചേർന്നത്. ഒരു ഓഫ്‌ സ്പിന്നർ ബൗളർ ആയി തുടങ്ങിയ രോഹിതിന്റെ കഴിവുകൾ കണ്ടു കോച്ച് ദിനേശ് രോഹിത്തിനോട് സ്വാമി വിവേകാനന്ദ സ്കൂളിൽ കൂടുതൽ ട്രെയിനിങ് ഫസിലിറ്റികൾക്കായി ചേരാന്‍ പറഞ്ഞു. പണമില്ലാത്തതു കൊണ്ട് അത് വിസമ്മതിച്ച രോഹിതിന് വേണ്ടി ദിനേശ് സ്കൂൾ അധികൃതരുമായി സംസാരിച്ചു നാലു വർഷത്തേക്ക് ഒരു സ്കോളർഷിപ് നേടിക്കൊടുത്തു. രോഹിതിനെ പറ്റി ദിനേശ് പങ്കു വൈകുന്ന ഒരു കാര്യം ഇങ്ങനെയാണ് ” പണ്ടൊരിക്കൽ എന്നോടൊത്തു പുറത്തേക്ക് വന്ന രോഹിത് വഴിയിൽ ഒരു ആഡംബര കാർ നോക്കി കുറെ നേരം നിന്നു. ഞാൻ വിളിച്ചിട്ടും വരാത്ത അവനോട് ഞാൻ എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ” ഇതുപോലൊരു കാർ ഞാൻ വലുതാകുമ്പോൾ വാങ്ങും സാർ ” എന്നാണ്. അവന്റെ വാക്കുകൾ സത്യമായി അവന്റെ ആഡംബര കാറിൽ എനിക്കും യാത്ര ചെയ്യാൻ പറ്റി”

രോഹിതിന്റെ ക്രിക്കറ്റ്റർ ആയുള്ള വളർച്ച അതി വേഗത്തിൽ ആയിരുന്നു. അയാൾ അലസതയോടെ അടിച്ചു പറത്തിയ ബാളുകൾ ഉടച്ചത് ഒട്ടനവധി കണ്ണാടിചില്ലുകളാണ്. താമസിച്ചിരുന്ന കുടുസു വീടിനു സമീപത്തെ വീടുകളുടെ ഗ്ലാസ്‌ ക്രിക്കറ്റ്‌ കളിച്ചു സ്ഥിരമായി ഉടക്കുന്നതിനു രോഹിതിന്റെ പേരിൽ പോലീസ് കേസ് വരെ അയൽക്കാർ കൊടുത്തിരുന്നു. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ക്രിക്കറ്ററുകളിൽ നിന്നു രോഹിത് വ്യത്യസ്തനാകുന്നത് അയാളുടെ കഷ്ടപ്പാടും കഠിനാധ്വാനവും കൊണ്ടാണ്. മുംബൈ ജീവിതത്തിന്റെ ഭാഗമായ സബ് അർബൻ ട്രെയിനുകളിൽ ദിവസവും ക്രിക്കറ്റ്‌ കിറ്റും വലിച്ചു തിരക്കിനിടയിൽ സ്ഥിരം യാത്ര ചെയ്തിരുന്ന ഒരു ഭൂതകാലം അയാൾക്കുണ്ട്. മറ്റുള്ളവർ സഹായിച്ചത് കൊണ്ടാണ് താൻ ഇതുവരെ എത്തിയതെന്ന് പറയാൻ അയാൾക്കൊരു മടിയുമില്ല.

കമ്പ്യൂട്ടറിൽ ക്രിക്കറ്റ്‌ ഗെയിമിൽ ഈസി മോഡിൽ സിക്സ് അടിക്കുന്നത് പോലെയാണ് രോഹിതിന്റെ ബാറ്റിംഗ് എന്ന് തോന്നാറുണ്ട് അജ്ജാതി ഷോട്ടുകൾ.. അതെ ആ ഷോട്ടുകൾക്ക് ബലം കൂടുതലാകും.. അതയാളുടെ കഷ്ടപ്പാടുകൾ ഭൂതകാലത്തിൽ നിന്നും വന്നു ചേർന്നതാണ്. സല്യൂട്ട് യു ഹിറ്റ്മാൻ…

Leave a Reply

Your email address will not be published. Required fields are marked *