ടോക്കന്‍ നല്‍കാതെ രോഗികളെ മണിക്കൂറുകളോളം ക്യുവില്‍ നിര്‍ത്തിയ പൈനാവ് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി പൈനാവ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ടോക്കണ്‍ നല്‍കാതെ രോഗികളെ ക്യൂവില്‍ നിര്‍ത്തി ബുദ്ധിമുട്ടിപ്പിച്ച ജീവനക്കാരിക്കു സസ്‌പെന്‍ഷന്‍. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇടുക്കി ഡിഎംഒയെ ചുമതലപ്പെടുത്തിയിരുന്നു. പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തുവെന്നും മന്ത്രി അറിയിച്ചു. വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെ പൂര്‍ണ്ണമായും രോഗീ സൗഹൃദമാക്കുവാന്‍ ഉള്ള തീവ്ര യജ്ഞ പരിപാടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ആ പ്രയാണത്തിന് തടസം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകള്‍ വച്ചുപുലര്‍ത്താനാവില്ലെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

വൃദ്ധരും കൈക്കുഞ്ഞുങ്ങളും അടങ്ങുന്ന രോഗികളെയാണ് ആശുപത്രി ജീവനക്കാരി ടോക്കണ്‍ നല്‍കാതെ ഒരുമണിക്കൂറോളം ക്യൂവില്‍ നിര്‍ത്തിയത്. രോഗികളെ ടോക്കണ്‍ നല്‍കാതെ നിര്‍ത്തിയിരിക്കുന്നത് ചോദ്യംചെയ്തയാള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രോഗികള്‍ക്ക് മനപ്പൂര്‍വ്വം ടോക്കണ്‍ നല്‍കാതിരുന്ന ആശുപത്രി ജീവനക്കാരിയുടെ നടപടിയെ ചോദ്യം ചെയ്‌തെങ്കിലും ടോക്കണ്‍ നല്‍കാന്‍ ജീവനക്കാരി തയ്യാറായില്ല. ജീവനക്കാരുടെ നടപടി വീഡിയോയില്‍ പകര്‍ത്തിയ ആളെ ജയിലില്‍ അടയ്ക്കുമെന്ന് ആശുപത്രി ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആശുപത്രി ജീവനക്കാരുടെ ധിക്കാരപരമായ നടപടി രോഗികള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ടോക്കണ്‍ നല്‍കുന്ന ജീവനക്കാരി സീറ്റില്‍നിന്നും എഴുന്നേറ്റ് പോവുകയും ചെയ്തു. തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ എത്തി രോഗികളോട് സംസാരിച്ചതിനു ശേഷമാണ് രോഗികള്‍ക്ക് ആശുപത്രി ജീവനക്കാരി ടോക്കണ്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *