ജിഷ വധക്കേസ് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസല്ല, അമീറുള്‍ ഇസ്ലാം വധശിക്ഷ അര്‍ഹിക്കുന്നുമില്ല; കോടതി വിധിക്കെതിരെ അഡ്വ ഹരീഷ് വാസുദേവന്‍

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥി ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതില്‍ പ്രതികരിച്ച് അഡ്വ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് കോടതി വിധിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ജിഷ വധക്കേസ് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസായി തോന്നുന്നില്ലെന്നും അങ്ങനെ ബോധ്യപ്പെടുത്തുന്ന സാഹചര്യങ്ങളും ഈ കേസില്‍ ഇല്ല. അതുകൊണ്ടുതന്നെ, പ്രതി വധശിക്ഷ അര്‍ഹിക്കുന്നുമില്ലെന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. രക്തദാഹികളായ ആള്‍ക്കൂട്ടത്തിന്റെയോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയോ വൈകാരിക സംതൃപ്തിയല്ല പ്രോസിക്യൂഷന്റെയോ കോടതിയുടെയോ ലക്ഷ്യം, അത് ക്രിമിനല്‍ ജസ്റ്റിസ് ഉറപ്പുവരുത്തുക മാത്രമാണ്. ജീവപര്യന്തം (14 വര്‍ഷമല്ല) ആയിരുന്നു ഉചിതമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.

കേസില്‍ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. അമീറുല്‍ കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. പ്രതിക്കുനല്‍കേണ്ട ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ ബുധനാഴ്ച പൂര്‍ത്തിയായതിനു ശേഷമാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്. 2016 ഏപ്രില്‍ 28നാണ് കൊലപാതകം നടന്നത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *