ചെരിപ്പിടാത്ത സാധാരണക്കാരനായ അപ്പച്ചനു വേണ്ടി ഗള്‍ഫില്‍ ഉന്നത സ്ഥാനത്തുള്ള ഒരു മകന്‍; വായിക്കുന്നവരുടെ കണ്ണുനനയിച്ച് പ്രവാസിയുവാവ്

തൃശ്ശൂര്‍ : സ്വന്തം പിതാവിന് വേണ്ടി ചെരുപ്പ് ഉപേക്ഷിച്ച് മുണ്ട് സ്വീകരിച്ച യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ഏറെ ക്ഷണിച്ചിട്ടും തന്റെ ജോലി സ്ഥലത്തേക്ക് അപ്പച്ചന്‍ വരാത്തതെന്തെന്നായിരുന്നു ഈ യുവാവിനെ കുഴക്കുന്ന സംശയം. ഒടുവില്‍ അയാള്‍ അത് കണ്ടെത്തി.

തനി നാട്ടിന്‍പുറത്തുകാരനായ പിതാവിന് ചെരുപ്പും പാന്റ്‌സും ഒന്നും ശീലമില്ല, അതൊന്നുമില്ലാതെ മകന്റെ സുഹൃത്തുക്കളുടെ മുന്നിലേക്ക് എത്തിയാല്‍ മകന് അതൊരു നാണക്കേടായാലോ എന്നതായിരുന്നു ആ പിതാവിനെ ക്ഷണം സ്വീകരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്. എന്നാല്‍ പിതാവിന്റെ മനസ് മനസ്സിലാക്കിയ മകന്‍ അദ്ദേഹത്തിന് വേണ്ടി ചെരിപ്പ് ഉപേക്ഷിച്ച് പിതാവിന്റെ ഇഷ്ടവസ്ത്രമായ മുണ്ട് സ്വീകരിച്ചിരിക്കുകയാണ്.

ഇനി അപ്പച്ചന്‍ സന്ദര്‍ശനം കഴിഞ്ഞ് അറബിനാട്ടില്‍ നിന്നും പോവുന്നതുവരെ ഇതേതരത്തില്‍ അപ്പച്ചനോടൊപ്പം കൂടാന്‍ തന്നെയാണ് ഈ യുവാവിന്റെ തീരുമാനം.

എന്തായാലും താന്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് അച്ഛന്‍ വരാതിരിക്കുന്നതിനു പിന്നിലെ കാരണം കണ്ടെത്തി മാതൃകാപരമായി വിഷയം കൈകാര്യം ചെയ്ത യുവാവിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.

യുവാവ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് വായിക്കാം.

‘ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’

ഞാന്‍ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലെക്ക് കുറേക്കാലമായി എന്റെ അപ്പച്ചനെ ഞാന്‍ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചന്‍ അത് നിരസിക്കുമായിരുന്നു. അതിനിടയില്‍ മൂന്ന് പ്രാവശ്യം എന്റെ അമ്മച്ചി ബഹറനില്‍ വന്ന് പോയീ. അപ്പോഴും അപ്പച്ചന്‍ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയിന്നുന്നത്, അപ്പച്ചന്‍ വരാന്‍ മടിക്കുന്നതിന്റെ കാരണം.

കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ എന്റെ അപ്പച്ചന്‍ ചെരിപ്പ് ധരിച്ചിട്ടില്ല. PANTS എന്നാ പാശ്ചാത്യരുടെ കോണകവും ഇടാറില്ല. അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്‍പില്‍ ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന്‍ വരാന്‍ മടിക്കുന്നത് എന്ന്.

ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന്‍ ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് എന്റെ പിതാവിന്റെ ആ നഗ്‌നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്റെ പ്രതിഫലം ആണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം കേട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലോരു സുഖം കിട്ടുന്നത്, മാതാപിതാക്കള്‍ നമ്മള്‍ക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. മാതപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് ഞാനും ഒരു പിതാവ് ആയപ്പോഴാണ്. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാം.

വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും ആണന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു.

ദൈവമേ അങ്ങേക്ക് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *