ചെയ്ത തെറ്റിന് പിഴയടക്കാന്‍ തയ്യാറായി ഫഹദ് ; പിഴയടയ്ക്കാതെ ന്യായീകരണവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസില്‍ നിയമം അനുസരിക്കാന്‍ പൂര്‍ണ സന്നദ്ധത പ്രകടിപ്പിക്കുമ്പോള്‍ ധാര്‍ഷ്ട്യവുമായി സുരേഷ് ഗോപിയും അമല പോളും. ഒരുതരത്തിലും കേരളത്തിലെ നിയമം അനുസരിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. എംപി കൂടിയായ സുരേഷ് ഗോപിയുടെ ഇത്തരമൊരു നിലപാട് ബിജെപിക്കകത്തും ചര്‍ച്ചയായിക്കഴിഞ്ഞു.

വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ കേരളത്തിലെ നികുതി അടയ്ക്കാമെന്നാണ് ഫഹദ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. തന്റെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും രജിസ്‌ട്രേഷന്‍ കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും ഫഹദ് പറയുന്നു. എത്ര പിഴ വേണമെങ്കിലും അടയ്ക്കാന്‍ തയാറാണെന്നും ഫഹദ് പറഞ്ഞു.

അതേസമയം, വ്യാജരേഖയാണ് സമര്‍പ്പിച്ചതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായിട്ടും നടി അമല പോളും സുരേഷ് ഗോപിയും പിഴയടയ്ക്കാന്‍ കൂട്ടാക്കുന്നില്ല. പിഴ അടയ്ക്കില്ലെന്നും ഇന്ത്യയില്‍ എവിടെയും സ്വത്തുക്കള്‍ വാങ്ങിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നുമാണ് അമല നേരത്തെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നത്.

സുരേഷ് ഗോപിയുടെ നിലപാടും വ്യത്യസ്തമല്ല. പ്രമുഖര്‍ പരസ്യമായി നികുതി വെട്ടിപ്പ് നടത്തുകയും അതിന് ന്യായീകരണം നടത്തുകയും ചെയ്യുമ്പോള്‍ മറ്റുള്ളവരും അത് അനുകരിക്കുമെന്നാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ കര്‍ശനം നടപടിയുണ്ടാകും. കോടതിയില്‍ വ്യാജരേഖയുടെ തെളിവുകള്‍ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ചും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *