ചിരിച്ചുകൊണ്ട് മരണത്തെ പുൽകിയ സിസ്റ്റർ

അര്‍ജന്റീനക്കാരിയായ സിസ്റ്റര്‍ സിസിലിയ എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നു. ശരിക്കും ചിരിച്ചുകൊണ്ടുതന്നെ അവര്‍ മരണത്തെ പുല്‍കി.

മനോഹരമായി ചിരിക്കുന്ന മുഖത്തോടെ മരിച്ചുകിടക്കുന്ന സിസ്റ്ററിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ശ്വാസകോശാര്‍ബുദം മൂലം ഏറെ ക്ലേശിച്ചിരുന്ന സിസ്റ്റര്‍ സിസിലിയ, പക്ഷേ എപ്പോഴും സന്തോഷവതിയായിരുന്നു

അര്‍ജന്റീനയിലെ കാര്‍മല്‍ ഓഫ് സാന്താ ഫേ സന്യാസസമൂഹത്തിലെ അംഗമാണു സിസ്റ്റര്‍ സിസിലിയ. സിസ്റ്ററിന്റെ മരണം സംബന്ധിച്ചു കാര്‍മല്‍ സന്യാസസമൂഹം പുറത്തുവിട്ട ചരമ അറിയിപ്പ് അതിലും ഹൃദ്യമായി.

“അതികഠിനമായ വേദനകള്‍ക്കൊടുവില്‍ സമാധാനത്തോടെ നമ്മുടെ പ്രിയപ്പെട്ട കുഞ്ഞ് സിസ്റ്റര്‍ അതീവ സന്തോഷവതിയായി നാഥന്റെ കൈകളില്‍ ഗാഢനിദ്രയില്‍ അമര്‍ന്നു. അവള്‍ നേരിട്ടു സ്വര്‍ഗം പൂകിയെന്നു ഞങ്ങള്‍ക്കുറപ്പുണെ്ടങ്കിലും അവള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന മുടക്കരുത്” എന്നു പറഞ്ഞാണു കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിനൊപ്പം പുറത്തുവിട്ട ചിത്രം പതിനായിരം വാക്കുകളെക്കാള്‍ വാചാലമാണ്. സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി ഹിറ്റുകള്‍ വര്‍ധിക്കുന്നതിന് കാരണവും മറ്റൊന്നല്ല. ആശുപത്രിയിലായിരുന്നപ്പോള്‍ പുറത്തു പൂന്തോട്ടത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും സമ്മേളിച്ചു സന്തോഷം പങ്കുവയ്ക്കുന്നതു പുഞ്ചിരിയോടെ സിസ്റ്റര്‍ നോക്കിക്കണ്ടു. വേദനകളെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന സിസ്റ്റര്‍ സിസിലിയയുടെ ആരോഗ്യസ്ഥിതി മോശമായ വാര്‍ത്ത വളരെ വേഗത്തിലാണു പുറത്തുവന്നത്. അതു സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുക്കുകയും ചെയ്തു.

ഫ്രാന്‍സിസ് മാര്‍പാപ്പ പോലും സിസ്റ്ററിനെ സംബന്ധിച്ചു കൂടുതല്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിച്ചു. കടുത്ത വേദന അനുഭവിക്കുമ്പോഴും സന്തോഷം കൈവിടാന്‍ അവര്‍ ഒട്ടും തയാറായിരുന്നില്ല. വേദനയെ പ്രാര്‍ഥനയായി തിരുസന്നിധിയില്‍ അര്‍പ്പിച്ചുകൊണ്ട് ആന്തരിക ദൈവാനുഭവം ആസ്വദിക്കുകയായിരുന്നിരിക്കാം സിസ്റ്റര്‍.

Leave a Reply

Your email address will not be published. Required fields are marked *