ചരിത്ര ഗോൾ പിറന്നു!! കൊളംബിയയെ വിറപ്പിച്ച് ഇന്ത്യൻ കുട്ടികൾ

ചരിത്ര ഗോൾ പിറന്നു. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ഗോൾ. അതു മാത്രം മതി ഇന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷിക്കാൻ. ഭാഗ്യം ഇന്ത്യയുടെ കൂടെയില്ല. അല്ലായിരുന്നു എങ്കിൽ ഇന്ത്യൻ കുട്ടികൾ ഇന്ന് നമ്മുടെ ഫുട്ബോൾ ചരിത്രത്തിൽ പോയന്റോടെ പുതിയ ഒരു അദ്ധ്യായം എഴുതി ചേർത്തേനെ. അണ്ടർ പതിനേഴ് ലോകകപ്പിലെ രണ്ടാം മത്സരത്തിൽ കൊളംബിയയെ നേരിട്ട ഇന്ത്യ 2-1ന്റെ പരാജയം ഏറ്റുവന്നു എങ്കിലും ഇതിലും മികച്ച ഒരു ഫലം ഇന്ത്യ അർഹിച്ചിരുന്നു.

കഴിഞ്ഞ കളിയിലെ സ്റ്റാർ കോമൾ തട്ടാൽ ഉൾപ്പെടെ മൂന്നു താരങ്ങളെ ബെഞ്ചിലിരുത്തി പുതിയ തന്ത്രങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ലാറ്റിനമേരിക്കൻ ശക്തികളായ കൊളംബിയയെ പിടിച്ചുകെട്ടിയ പ്രകടനമായിരുന്നു ഇന്ത്യ തുടക്കം മുതൽ കാഴ്ചവെച്ചത്. പ്രതിരോധം ഭദ്രമാക്കുന്ന ടാക്ടിക്സ് പ്രയോഗിച്ചത് കൊളംബിയയെ വലച്ചു. കളിയിലെ ആദ്യ സുവർണ്ണാവസരം ഇന്ത്യക്കായിരുന്നു ലഭിച്ചത്. 15ആം മിനുട്ടിൽ അഭിജിത്തിന്റെ ശ്രമം ഉഗ്രൻ സേവിലൂടെ കൊളംബിയൻ ഗോളി രക്ഷപ്പെടുത്തി.

ആദ്യ പകുതിയിലെ ഇന്ത്യയുടെ മികച്ച താരമായത് ഗോൾ കീപ്പർ ധീരജ് സിംഗ് ആയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ധീരജ് വലയ്ക്കു മുന്നിൽ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഹാഫ് ടൈം വിസിലിന് തൊട്ടുമുന്നേയാണ് ഇന്ത്യയുടെ നിർഭാഗ്യം ക്രോസ് ബാറായി അവതരിച്ചത്. ഡിഫൻസിൽ നിന്ന് വിങ്ങിലേക്ക് സ്ഥാനകയറ്റം കിട്ടിയ മലയാളി താരം രാഹുൽ തൊടുത്ത ഇടം കാലൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. ആദ്യ മത്സരത്തിലും ഇന്ത്യയെ ക്രോസ് ബാർ തടഞ്ഞിരുന്നു.

രണ്ടാം പകുതിയിൽ 48ആം മിനുട്ടിലാണ് ഗ്യാലറിയെ നിശബ്ദതയിലാഴ്ത്തിയ ഗോൾ പിറന്നത്. ബോക്സിന് തൊട്ടുപുറത്ത് നിന്ന് പെനലോസ തൊടുത്ത ഷോട്ട് ധീരജിനെ കീഴടക്കി. ഗോൾ വീണതിനു ശേഷമുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് 82ആം മിനുട്ടിൽ ഫലമുണ്ടായി. ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ ജിക്സണിലൂടെ ഇന്ത്യ നേടി. കോർണറിൽ നിന്ന് ഒരു ടോപ്പ് ക്ലാസ് ഹെഡറിലൂടെ ആയിരുന്നു ചരിത്ര ഗോൾ പിറന്നത്.

പക്ഷെ ഇന്ത്യയുടെ ആഹ്ലാദങ്ങൾ ഒടുങ്ങും മുമ്പ് പെനലോസ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. 83ആം മിനുട്ടിലായിരുന്നു കൊളംബിയ ഗോൾ. ഇന്ത്യ രണ്ടാം ഗോളിന് ശ്രമിച്ചു എങ്കിലും കുട്ടികൾക്ക് രണ്ടാമതും ഗോൾവല കണ്ടെത്താൻ കഴിഞ്ഞില്ല. പരാജയപ്പെട്ടെങ്കിലും കൊളംബിയ പോലൊരു ടീമിനെതിരെ ഇന്ത്യ നടത്തിയ പൊരുതൽ ചരിത്രം എന്നും ഓർമ്മിക്കും. ഒപ്പം ഒരു ലോകകപ്പ് ഗോളെന്ന സ്വപ്നവും പൂർത്തിയായിരിക്കുന്നു. വ്യാഴാഴ്ച ഘാനയ്ക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *