ഗുര്‍മീതിന്‍റെ ആശ്രമത്തില്‍ നിന്ന് 600 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു

പീഢനക്കേസിൽ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്‍റെ ആശ്രമത്തില്‍ നിന്ന് പൊലീസ് 600 ലേറെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. ഗുര്‍മീതിന്‍റെ ആസ്ഥാന ആശ്രമമായ സിര്‍സയില്‍ നിന്നുമാണ് മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

 

ആശ്രമത്തില്‍ വെച്ച് മരിച്ച വിശ്വാസികളുടെ ആഗ്രഹപ്രകാരം മോക്ഷം പ്രാപിക്കുന്നതിനായി അവരെ അവിടെ തന്നെ അടക്കം ചെയ്തതാണെന്നാണ് ഗുര്‍മീതിന്‍റെ അനുയായികളുടെ വാദം. എന്നാല്‍ ഗുര്‍മീതിന്‍റെ ആശ്രമത്തില്‍ വെച്ച് കൊല്ലപ്പെട്ട, ബലാത്സംഗത്തിന് ഇരയായ, പൊയ്‍മുഖം തിരിച്ചറിഞ്ഞ അനുയായികളുടെ മൃതദേഹങ്ങള്‍ ഇവിടെ തന്നെ കുഴിച്ചുമൂടിയതായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിന് കൂടുതല്‍ പരിശോധനകളും അന്വേഷണവും ആവശ്യമാണെന്ന് സംഘം അറിയിച്ചു. നേരത്തെയും ആശ്രമത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഏക്കര്‍ കണക്കിന് വ്യാപിച്ചു കിടക്കുന്ന ആശ്രമ മേഖലയില്‍ വ്യാപക തിരച്ചില്‍ തുടങ്ങിയത്.

നിലവില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍റേതടക്കം രണ്ടു കൊലക്കുറ്റങ്ങളില്‍ പ്രതിയാണ് ഗുര്‍മീത്. 600 ഏക്കറോളം വ്യാപിച്ചു കിടക്കമുള്ള ദേര മേഖലയില്‍ മറ്റൊരു ഭരണകൂടം നിര്‍മിച്ചിരിക്കുകയായിരുന്നു ഇയാള്‍. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അകമഴിഞ്ഞുള്ള പിന്തുണയും ഗുര്‍മീതിനുണ്ടായിരുന്നു. ശിക്ഷ വിധിച്ച് ജയിലിലെത്തിയ ശേഷമാണ് ബിജെപി സര്‍ക്കാര്‍ ഗുര്‍മീതിന് അനുവധിച്ചിരുന്ന സെഡ് പ്ലസ് സുരക്ഷ പിന്‍വലിക്കാന്‍ തയാറായത്. ഒന്നര കോടിയോളം വരുന്ന ഗുര്‍മീതിന്‍റെ വോട്ട് ബാങ്ക് തന്നെയായിരുന്നു ഇയാളുടെ സകല കുറ്റകൃത്യങ്ങള്‍ക്കും ചൂട്ടുപിടിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *