ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു; ഫഹദ് ഫാസില്‍ അറസ്റ്റില്‍

പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യം നേടിയത് കൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്.കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് രാവിലെ പത്തുമണിയോടെ പോലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഫഹദ് ഹാജരായിരുന്നു.

ഐജിയും എസ്പിയും അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്തത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഫഹദിന്റെ ആഡംബര കാറായ മേഴ്സിഡസ് ഇ ക്ലാസ് ബെന്‍സിന് 70 ലക്ഷം രൂപ വിലവരും. ഈ കാര്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നല്‍കണം. പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ കാര്‍ റജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസം ഉണ്ടാക്കി ഫഹദ് കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അറിയാതെ പറ്റിയ തെറ്റാണെന്നും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയിരുന്നത് മറ്റു ചിലര്‍ ആയിരുന്നെന്നും ചോദ്യം ചെയ്യലില്‍ ഫഹദ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.എത്ര പിഴയടക്കാനും താന്‍ ഒരുക്കമാണെന്ന് അദ്ദേഹം ക്രൈംബ്രഞ്ചിനെ അറിയിച്ചു. ആള്‍ ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിലുമാണ് അദ്ദേഹത്തെ ഇന്ന് ജാമ്യത്തില്‍ വിട്ടത്‌

പുതുച്ചേരി ആര്‍ടി ഓഫിസിലെ രേഖകളില്‍ നമ്പര്‍ -16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന വിലാസമാണ് ഫഹദ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ മേല്‍വിലാസമാണെന്ന് കണ്ടെത്തിയിരുന്നു. പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത ആഡംബര കാര്‍ കേരളത്തില്‍ ഫഹദ് ഫാസില്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയായിരുന്നു.

നടി അമല പോളും പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഫഹദിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പുറത്ത് പോകുന്നതിന് തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമുതി വാങ്ങണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകണമെന്നും കോടതി നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *