കൈകൾ സ്ഫോടനത്തിൽ തകർന്നെങ്കിലും റബ്ബർ ബാൻഡിൽ പേന വച്ചെഴുതി പഠിച്ചു; മാളവിക നേടിയത് ഡോക്ട്രേറ്റ്

വിധിയെ തോൽപ്പിക്കാം, പക്ഷെ മരണമല്ലാത്തതെയൊന്നും നമ്മെ പരാജയപ്പെടുത്താൻ അനുവദിക്കാതെ ഇരുന്നാൽ’…ഇതു പറയുമ്പോൾ മാളവിക അയ്യർ എന്ന പിഎച്ച്ഡി ജേതാവിന്റെ ഉൾക്കരുത്ത് ഒരു പക്ഷെ നമുക്ക് പൂർണമായും മനസ്സിലാകണമെന്നില്ല. പക്ഷെ ഒരിക്കൽ ഡോ. മാളവിക അയ്യർ തളർന്നു വീണതാണ് ജീവിതത്തിനു മുന്നിൽ. 13 ാം വയസ്സിൽ ബോംബ് ആണെന്നറിയാതെ എന്തോ ഒന്ന് തന്റെ ജീൻസിന്റെ പോക്കറ്റിനുള്ളിലിടുമ്പോൾ കൈകൾ രണ്ടും കവർന്നെടുത്ത, ശരീരത്തെ ചലനമറ്റതാക്കി മാറ്റുന്ന ബോംബാണതെന്ന് അറിയുന്നത് ഏതോ ആശുപത്രിയുടെ അതി തീവ്ര പരിചരണ വിഭാഗത്തിൽ ബോധം തെളിയുമ്പോഴായിരുന്നു.

ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമുതലാക്കി അവിടെ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ മാളവിക പറന്നുയർന്നു. തന്റെ സ്വപ്നങ്ങളിലേക്ക്. കുറവുകളിലും തന്നെ പ്രാണനോളം സ്നേഹിക്കുന്ന പ്രിയപ്പെട്ടവരുടെ പ്രതീക്ഷയിലേക്ക്. 2002 ൽ പ്രോജക്ട് വർക്കിന്റെ ഭാഗമായി എന്തോ അന്വേഷിച്ച് പരതുകയായിരുന്ന മാളവികയ്ക്ക് പൊതിഞ്ഞ് വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഗ്രനേഡ് തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല.

അതും എടുത്തു നടക്കുമ്പോഴാണ് ആ അപകടം. പക്ഷെ കയ്യിൽ റബ്ബർ ബാൻഡ് കെട്ടി വച്ച് അതിലെ പേനയിൽ പരീക്ഷകളെഴുതാൻ പഠിച്ച് നേടിയത് പത്താം ക്ലാസ്സിൽ 500 ൽ 483 മാർക്ക്. അവിടെ നിന്നും പഠിച്ച് പഠിച്ച് ഇപ്പോൾ ഡോക്ട്രേറ്റും നേടി.

ടെഡ്–എക്സിലെ മോട്ടിവേഷണൽ സ്പീക്കറായും മറ്റും തിളങ്ങുന്ന മാളവികയെ ഒരിക്കൽ യു.എന്നിലും പ്രസംഗിക്കാൻ ക്ഷണിച്ചിരുന്നു. മാളവികയുടെ കഥ കേട്ട് യു.എൻ അംഗങ്ങൾ അന്ന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഇപ്പോൾ തന്റെ പ്രിയപ്പെട്ടവനുമായി വിവാഹ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയ മാളവിക കൈകളില്ലെങ്കിലും മികച്ച കുക്കുമാണ്.

Leave a Reply

Your email address will not be published. Required fields are marked *