കേരളത്തെ ഭീതിയിലായ്ത്തി ഓഖി ചുഴലിക്കാറ്റ്

തെക്കന്‍ കേരളത്തില്‍ പരക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്. ഇതോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ വിഷ്ണു ആണ് മരിച്ചത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പാറശ്ശാലയിലെ കലോത്സവ വേദി തകര്‍ന്നു വീണു. വിദ്യാര്‍ഥികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൊട്ടാരക്കരയില്‍ പിഡബ്ല്യൂഡി കെട്ടിടം തകര്‍ന്നു. മരം വീണ് കൊല്ലം ചെങ്കോട്ട ദേശീയ പാത ഗതാഗതം തടസ്സപ്പെട്ടു. അമ്പൂരി, അച്ചൻകോവിൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. അമ്പൂരി മായം കുരമാകുളം ഭാഗത്ത് വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപത്തെ പത്തോളം വീടുകളില്‍ വെള്ളം കയറി. ആളുകളെ അവിടെനിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

സുനാമിക്ക് സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തും. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. തെക്കന്‍ കേരളത്തിലുടനീളം ഇന്ന് രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

ലക്ഷദ്വീപിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഇന്നുച്ചയ്ക്ക് 12നു ശേഷം തിരുവനന്തപുരം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ പലഭാഗത്തും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഉടുമ്പന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയത്തും രാവിലെ മുതല്‍ മൂടികെട്ടിയ അന്തരീക്ഷവും മഴയുമാണ്. കനത്ത മഴയെ തുടര്‍ന്നു ചില ട്രെയിനുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ചിലത് റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *