കമ്മിഷനടിക്കാൻ 250 കെ.എസ്.ആർ.ടി.സി ബസ് വാങ്ങാൻ തോമസ് ചാണ്ടിയും കൂട്ടരും; മന്ത്രി രാജി വച്ചതോടെ സർക്കാരിനു ഒഴിവായത് വൻ നഷ്ടം; ചാണ്ടിയുടെ രാജി കെ.എസ്.ആർ.ടി.സിയുടെ ലാഭം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ നിന്നും കുട്ടനാട്ടെ ക്‌യ്യേറ്റക്കാരൻ തോമസ് ചാണ്ടി രാജിവച്ചതോടെ കെ.എസ്ആർടിസിയ്ക്ക ഒഴിവായത് വൻ നഷ്ടം. ചാണ്ടിയുടെ രാജിക്കു പിന്നാലെ, വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, 250 എസി ബസ് വാങ്ങാനുള്ള തോമസ് ചാണ്ടിയുടെയും കൂട്ടരുടെയും നീക്കത്തിനു തടയിടുകയായിരുന്നു. ഇതോടെ ബസ് വാങ്ങി കമ്മിഷൻ അടിക്കാനുള്ള വൻ നീക്കത്തിനാണ് ചുവപ്പുകാർഡ് വീണത്.
പരമാവധി 60 ബസുകൾ മാത്രം ഓടാവുന്ന കേരളത്തിൽ കമ്മീഷൻ അടിച്ച് മാറ്റാനായി കിഫ്ബി വായ്പയിൽ 250 എ.സി. ബസുകൾ വാങ്ങാനുള്ള സാങ്കേതികവിഭാഗത്തിന്റെ നീക്കം കെ.എസ്.ആർ.ടി.സി. മേധാവി എ. ഹേമചന്ദ്രൻ തടഞ്ഞിരിക്കുകയാണ്. തോമസ് ചാണ്ടി കായൽ മുക്കുന്ന സമയത്ത് ആരും അറിയാതെ കെ.എസ്.ആർ.ടി.സിയിൽ നിന്നും മുക്കാനായിരുന്നു ചിലരുടെ ശ്രമം കെ.എസ്.ആർ.ടി.സി വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും പുതിയ കെ.എസ്.ആർ.ടി.സി. മേധാവി എ. ഹേമചന്ദ്രനും ഇത് തിരിച്ചറിഞ്ഞു.
മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതോടെ ഹേമചന്ദ്രൻ ഇടപെട്ടു. അങ്ങനെ ഈ കച്ചവടം പൊളിഞ്ഞു. ആനവണ്ടിയിലെ അഴിമതിയും മുക്കലും കക്കലും കണ്ട് മടുത്ത് നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തിനെ കെ.എസ്.ആർ.ടി.സി. മേധാവി സ്ഥാനത്ത് നിന്ന് നീക്കി തോമസ് ചാണ്ടി പൊളിച്ചടുക്കിയപ്പോഴായിരുന്നു കായൽ വെള്ളത്തിൽ മുങ്ങിപ്പോയത്. അഴിമതിയൊക്കെ കണ്ട് പിടിച്ച് വെളിച്ചത്തുകൊണ്ട് വന്ന് വകുപ്പ് ഒന്ന് നന്നാക്കാൻ പോയപ്പോഴായിരുന്നു അതിലെ അപകടം മണത്ത് ഇതിനൊന്നും കൂട്ട് നീക്കാത്ത രാജമാണിക്യത്തെ തോമസ് ചാണ്ടി പുറത്താക്കിയത്. ആ മുക്കലാണ് ഇപ്പോഴത്തെ മേധാവിയും മുഖ്യനും തടഞ്ഞത്.
പരമാവധി 60 എ.സി. ബസുകൾ മാത്രം ആവശ്യമുള്ളപ്പോഴാണ് വായ്പത്തുകയിൽ വമ്പൻ ഇടപാടിന് സാങ്കേതികവിഭാഗം മുതിർന്നത്. ഇതേത്തുടർന്ന് കിഫ്ബിക്ക് സമർപ്പിച്ച അപേക്ഷയിൽ മാറ്റംവരുത്തുകയും ഫാക്ടറി നിർമ്മിത 60 ഒറ്റ ആക്സിൽ എ.സി. ബസുകൾ വാങ്ങാനും തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ 250 എ.സി. ബസുകൾ ഓടിക്കാനാവശ്യമായ പെർമിറ്റുകൾ പോലും കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടായിരുന്നില്ല, ആ സമയത്താണ് ഒന്നും നോക്കാതെ കമ്മീഷൻ അടിച്ച് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി കിഫ്ബി വായ്പയിൽ 250 എ.സി. ബസുകൾ വാങ്ങാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സാധ്യതാപഠനം പോലും നടത്താതെയാണ് സാങ്കേതികവിഭാഗം ബസ് വാങ്ങാൻ ശുപാർശനൽകിയത്. അന്തർസ്സംസ്ഥാന പാതകളിൽ മൾട്ടി ആക്സിൽ ബസുകളാണ് ഉപയോഗിക്കുന്നത്.
വാടക സ്‌കാനിയ ബസുകൾ എത്തിയതോടെ ഈ റൂട്ടിലെ സ്വന്തം ബസുകൾ പിൻവലിച്ചിരുന്നു. ഡീലക്സ് ബസുകൾ ഓടിയിരുന്ന റൂട്ടുകളിലാണ് അവ ഇപ്പോൾ ഉപയോഗിക്കുന്നത്. തമിഴ്നാടുമായി പുതിയ കരാറിൽ ഒപ്പിട്ടാൽപ്പോലും 250 എ.സി. ബസുകൾ ഓടിക്കാൻ കഴിയില്ല. ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ഇന്റർസിറ്റി സർവീസുകൾ ആരംഭിച്ചാലും പരമാവധി 60 ബസുകൾ മാത്രം മതിയാകും. ഇതൊന്നും പരിഗണിക്കാതെയാണ് സാങ്കേതികവിഭാഗം ഉദ്യോഗസ്ഥരും മന്ത്രിയുമൊക്കെ ചേർന്ന് ബസുകളുടെ എണ്ണം കൂട്ടി പുറത്തറിയാത്ത നല്ലൊരു മുക്കലിന് ശ്രമിച്ചത്.കെ.സ്.ആർ.ടി.സിക്കും സംസ്ഥാനത്തിനും സ്ഥാപനത്തിനും ബാധ്യതയായി മാറിയേക്കാവുന്ന നീക്കത്തിനാണ് എം.ഡിയും മുഖ്യനും തടയിട്ടത്.
മുന്നൊരുക്കമില്ലാതെയുള്ള ബസ്, സ്പെയർപാർട്സ് വാങ്ങലുകൾ കെ.എസ്.ആർ.ടി.സി.ക്ക് നഷ്ടമുണ്ടാക്കിയ ചരിത്രമാണുള്ളത്. കഴിഞ്ഞവർഷം വാങ്ങിയ ഷാസികളിൽ കോച്ച് നിർമ്മിക്കാൻ എട്ടുമാസത്തിലേറെ താമസ്സമുണ്ടായി. പുറമേ സ്പെയർപാർട്സുകളുടെ ദൗർലഭ്യം അറ്റകുറ്റപ്പണി വൈകിക്കുന്നുണ്ട്. അതേസമയം, ആവശ്യമില്ലാത്ത വാഹനഘടകങ്ങൾ സ്റ്റോറുകളിൽ കെട്ടിക്കിടപ്പുണ്ട്. 81.46 ശതമാനമാണ് കെ.എസ്.ആർ.ടി.സി.യുടെ വാഹന ഉപയോഗം. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 92 ശതമാനത്തിന് മുകളിലാണ് വാഹന ഉപയോഗം. ആന്ധ്രയിൽ 99.67 ശതമാനം ബസുകളും ഉപയോഗിക്കുന്നുണ്ട്.
തോമസ് ചാണ്ടി കൈയേറ്റ കുരുക്കിൽപ്പെട്ട് രാജിവച്ചതോടെയാണ് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ കൈയിലെത്തിയത്. എൻസിപിക്കാർ കുറ്റവിമുക്തരാകുന്നത് വരെ മുഖ്യമന്ത്രി തന്നെ വകുപ്പ് കൈയാളും. ഇതിനെ പ്രതീക്ഷയോടെയാണ് കെ എസ് ആർ ടി സിയിലെ ജീവനക്കാർ കാണുന്നത്. എൻസിപിക്കാർക്കെതിരായ കേസ് ഉടനൊന്നും തീരരുതെന്നാണ് ജീവനക്കാരുടെ പൊതു വികാരം. മുഖ്യമന്ത്രി കാര്യങ്ങൾ നോക്കിയാൽ ആനവണ്ടി വീണ്ടും നല്ല സ്പീഡിൽ ഓടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *