കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലവര്‍ഷം ശക്തിപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധിയായിരിക്കും. കൊല്ലം, എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധിയായിരിക്കും. ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്കും  അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

 

സംസ്ഥാനമൊട്ടാകെ കനത്ത മഴ തുടരുകയാണ്. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാര്‍ പഞ്ചായത്തിലെ പടുകയില്‍ രണ്ടു തവണ ഉരുള്‍പൊട്ടി. എന്നാല്‍ ആളപായം ഉണ്ടായിട്ടില്ല. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. തൊടുപുഴയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നു പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്ത് രണ്ടുദിവസംകൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *