കഥയല്ല ഇത് ജീവിതം… റിക്ഷക്കാരന്റെ മകന്‍ ഐഎഎസ് ഓഫിസറായി!

സിവിൽ സർവ്വീസ്‌ പരീക്ഷയെന്ന,ഇന്ത്യയിലെ
ഏറ്റവും കടുപ്പമേറിയ പരീക്ഷയുടെ കടമ്പ കടന്നെത്തുന്ന ഓരോരുത്തര്‍ക്കും പറയാന്‍ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയുമൊക്കെ ഒരുപാടു കഥകളുണ്ടാകും. എന്നാല്‍ ചിലരുടെ കഥകളില്‍ ചെറുപ്പകാലത്തെ പട്ടിണിയുടെയും ഇല്ലായ്മകളുടെയും കണ്ണീര്‍നനവു കൂടി പടര്‍ന്നിട്ടുണ്ടാകും. വാരാണസിയിലെ ഒരു സാധാരണ റിക്ഷക്കാരന്റെ മകനായ ഗോവിന്ദ് ജയ്‌സ്വാള്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ കഥ അത്തരത്തിലൊന്നാണ്. ഐഎഎസ് എന്ന മൂന്നക്ഷരം ഗോവിന്ദ് തന്റെ പേരിനൊപ്പം ചേര്‍ക്കുന്നത് 2016-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 48-ാം റാങ്ക് നേടിയാണ്.

ഈ ലക്ഷ്യത്തിലേക്കുള്ള ഗോവിന്ദിന്റെ യാത്ര പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതിക്കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനായ ചെറുപ്പക്കാരനെയും പ്രചോദിപ്പിക്കാന്‍ തക്ക ശക്തിയുള്ളതാണ്. മൂന്നു സഹോദരിമാരുടെ ഇളയ സഹോദരനായി ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനനം. 10-ാം വയസ്സില്‍ അമ്മയുടെ മരണം. പിതാവ് നാരായണ്‍ ജയ്‌സ്വാള്‍ റിക്ഷ വലിച്ചുണ്ടാക്കിയ തുച്ഛവരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം.

ഉസ്മാന്‍പുരയിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ പഠനം. 11-ാം വയസ്സില്‍, പണക്കാരനായ ഒരു കൂട്ടുകാരന്റെ വീട്ടിലെത്തിയപ്പോള്‍ നേരിട്ട അപമാനം ഗോവിന്ദിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. തന്റെ മകന് ഒരു റിക്ഷക്കാരന്റെ മകന്റെ കൂട്ടുവേണ്ടെന്നു പറഞ്ഞ് കൂട്ടുകാരന്റെ അച്ഛന്‍ ഗോവിന്ദിനെ അപമാനിച്ച് വീട്ടില്‍ നിന്നിറക്കി വിട്ടു. മറ്റുള്ളവരുടെ ബഹുമാനം നേടാന്‍ എന്താണു ചെയ്യേണ്ടതെന്ന് ചിന്തിച്ചപ്പോള്‍ രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളതെന്ന് മനസ്സിലായി.ഒന്നുകില്‍ ഗോവിന്ദിന്റെ അച്ഛന്‍ മറ്റൊരു ജോലി നേടണം, അല്ലെങ്കില്‍ ഗോവിന്ദ് പഠിച്ചൊരു ഐഎഎസുകാരനാവണം. ആദ്യത്തെ വഴി നടക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് ഗോവിന്ദ് രണ്ടാമത്തെ ലക്ഷ്യം നേടുമെന്ന് അന്നു മനസ്സിലുറപ്പിച്ചു.

14 മണിക്കൂറൊക്കെ വൈദ്യുതി തടസ്സമുണ്ടാകുന്നതിനാല്‍ ജനറേറ്ററിന്റെയും മറ്റും ശബ്ദത്താല്‍ മുഖരിതമായിരുന്നു വാരാണസി അന്ന്. ചെവിയില്‍ പഞ്ഞി തിരുകി വച്ചു ഗോവിന്ദ് വാശിയോടെ പഠിച്ചു. റിക്ഷക്കാരന്റെ മകന്‍ എത്ര പഠിച്ചാലും റിക്ഷക്കാരന്‍ തന്നെയാകുമെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തിയവര്‍ നിരവധിയായിരുന്നു. പക്ഷേ, ഒറ്റമുറി വീട്ടില്‍ നാലു പേര്‍ക്ക് നടുവിലിരുന്നു ഗോവിന്ദ് ആത്മവിശ്വാസത്തോടെ പഠിച്ചു മുന്നേറി. കണക്കില്‍ ബിരുദമെടുത്ത ശേഷം സിവില്‍ സര്‍വീസ് പരിശീലനത്തിനു ഡല്‍ഹിക്കു വണ്ടി കയറി. തനിക്ക് ആകെയുള്ള ഒരു തുണ്ടു ഭൂമി വിറ്റു കിട്ടിയ 40,000 രൂപയുമായി നാരായണ്‍ ജയ്‌സ്വാള്‍ മകനെ ഡല്‍ഹിക്കയച്ചു. പിന്നീട് മൂന്നു വര്‍ഷം മാസം 3000 രൂപ വച്ചു മകനയച്ചു നല്‍കി.

കിട്ടുന്ന പണം അധികം ചെലവഴിക്കാതെ ഗോവിന്ദ് ദിവസം 18 മണിക്കൂറൊക്കെ ഇരുന്നു പഠിച്ചു. പണം ലാഭിക്കാന്‍ ചില നേരങ്ങളില്‍ ഭക്ഷണം തന്നെ വേണ്ടെന്നു വച്ചു. ഇടയ്ക്കു കുട്ടികള്‍ക്കു കണക്കു ട്യൂഷനെടുത്തു ചെലവിനുള്ള കാശുണ്ടാക്കി. ആദ്യ ശ്രമത്തില്‍ത്തന്നെ ജയിക്കുക എന്നല്ലാതെ മറ്റൊരു വഴിയും ഗോവിന്ദിന്റെ മുന്നില്‍ ഉണ്ടായിരുന്നില്ല. കാരണം രണ്ടാമതൊരു വട്ടം പഠിപ്പിക്കാനുള്ള കഴിവു തന്റെ പിതാവിന് ഇല്ലെന്ന ബോധ്യം ഗോവിനുണ്ടായിരുന്നു. പരീക്ഷയുടെ അവസാന ഫലം വരുന്നതിനു മുന്‍പുള്ള ദിവസങ്ങള്‍ ഗോവിന്ദിനെ പോലെ പിതാവിനും ഉറക്കമുണ്ടായില്ല. ആ കടമ്പ കടന്നില്ലെങ്കില്‍ എന്തെന്ന ചോദ്യം ആ കുടുംബത്തെ ഒന്നാകെ അലട്ടി. ഒടുവില്‍ ഫലം വന്നപ്പോള്‍ അതു ഗോവിന്ദിന്റെയും കുടുംബത്തിന്റെയും കഷ്ടപ്പാടുകള്‍ക്കുള്ള അര്‍ഹിക്കുന്ന ഫലമായി. അങ്ങനെ ഗോവിന്ദ് ജയ്‌സ്വാളിന്റെ കഥ ഇന്ത്യയിലെ ഓരോ സാധാരണക്കാരനും പ്രതീക്ഷയുടെ പൊന്‍വെളിച്ചം പകര്‍ന്നു നല്‍കുന്ന ചെറുചിരാതായി.

Leave a Reply

Your email address will not be published. Required fields are marked *