ഓരോ ഭാരതീയനും ശിരസ്സ് നമിക്കുന്ന, ഒരു നക്ഷത്രത്തിന്റെ കഥ

ഓരോ ഭാരതീയനും ശിരസ്സ് നമിക്കുന്ന, ഒരിക്കലും അസ്തമിക്കാത്ത ഒരു നക്ഷത്രത്തിന്റെ കഥ

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് (NDA) അവസാനവട്ട അഭിമുഖം നടക്കുകയാണ്, പഠനത്തിലും കായിക ഇനങ്ങളിലും ഒരു പോലെ ടോപ്‌സ്കോറായിരുന്ന കൗമാരക്കാരനോട് ഇന്റര്‍വ്യുബോര്‍ഡംഗം ചോദിച്ചു. “എന്തിനാണ് താങ്കള്‍ ആര്‍മിയില്‍ ചേരുന്നത്?” .
” പരംവീരചക്ര മേടിക്കാന്‍ “
എന്ന് ഉത്തരം പറയാന്‍ മനോജ്‌ കുമാര്‍ പാണ്ഡെ എന്ന ഉദ്യോഗാര്‍ത്ഥി രണ്ടാമതൊന്നു ആലോചിച്ചില്ലായിരുന്നു.
മോഹിനി പാണ്ഡെയുടെയും ഗോപിചന്ദ് പാണ്ഡെയുടെയും മകനായി 25 ജൂണ്‍ 1975 ന് യുപിയിലെ സീതാപൂരില്‍ ജനിച്ചു. പഠനത്തിലും കായികയിനങ്ങളിലും അഗ്രണ്യനായിരുന്ന മനോജ്‌, യുപി സൈനികസ്കൂളില്‍ പ്രവേശനം നേടി. ബോക്സിങ്ങും ബോഡിബിൽഡിംഗിലും അത്ലറ്റിക്സിലും നീന്തലിലും ഹോക്കിയിലുമെല്ലാം കഴിവു തെളിയിച്ചിരുന്നു. പഠനമികവില്‍ ധാരാളം സ്കോളാര്‍ഷിപ്പുകള്‍ നേടിയിരുന്നതിനാല്‍ മനോജിന്‍റെ വിദ്യാഭ്യാസം, സാമ്പത്തിക പരാധീനതകളുള്ള കുടുംബത്തിനു ഒരു അധിക ഭാരമല്ലായിരുന്നു.
NCC യുടെ മികച്ച കേഡറ്റിനുള്ള മെഡല്‍ വാങ്ങിയിട്ടുള്ള മനോജ്‌, NDA പ്രവേശനം കിട്ടിയ ദിവസമായിരുന്നു ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചിരുന്നത്. പരിശീലന ശേഷം ഗൂര്‍ഖാ റജിമെന്റില്‍ തന്നെ നിയമനം കിട്ടിയത് സന്തോഷത്തെ ഇരട്ടിപ്പിച്ചു. ആദ്യകമ്മീഷനിംഗ് കാശ്മീര്‍ താഴ്വരയിലായിരുന്നു, പിന്നീട് സിയാച്ചിനിലേക്ക്, ലോകത്തിലെ ഏറ്റവും ഉയരെയുള്ള സൈനികക്യാമ്പിലേക്ക്.
1999 മേയ് 3 നു പാകിസ്ഥാന്റെ സാന്നിധ്യം ഇന്ത്യന്‍ മേഖലയില്‍ കണ്ടെത്തിയപ്പോഴേക്കും 200ഓളം ചതുരശ്ര കിലോമീറ്റര്‍ അവര്‍ കയ്യടക്കിയിരുന്നു. ഇരു രാജ്യങ്ങളും സൗഹൃദപാതയില്‍ നീങ്ങുന്ന സമയം തന്നെ നുഴഞ്ഞുകയറ്റത്തിനു തിരഞ്ഞെടുത്തത് വ്യക്തമായ അസൂത്രണത്തോടെയായിരുന്നു. അന്താരാഷ്ട്രഇടപെടലുകളുണ്ടായി വെടിനിർത്തലുണ്ടാവുന്നതിനു മുന്‍പേ പരമാവധി പ്രദേശം കൈക്കലാക്കാന്‍ ശ്രമിച്ച അവര്‍ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ പലതും ഇതിനകം കൈയ്യടക്കിയിരുന്നു.
സിയാച്ചിനിലായിരുന്ന ക്യാപ്ടന്‍ മനോജ്‌ കുമാറിന് ബതാലിക് സെക്ടറിലെ ഒരു പോസ്റ്റ്‌ തിരികെപിടിക്കാനായി പ്ലാറ്റൂണുമായി നീങ്ങാന്‍ നിര്‍ദേശം കിട്ടി. ദിവസങ്ങള്‍ക്കു മുന്‍പേ പോയ രണ്ടു പട്രോളിംഗ് ട്രൂപിനെയും നിരവധി സൈനികരേയും പറ്റി യാതൊരു വിവരവും പിന്നീടു കിട്ടാഞ്ഞതിനാലാണ് ഗൂര്‍ഖാ റെജിമെന്റിനെ ദൌത്യം ഏല്‍പ്പിച്ചത്. മലനിരകളിലെ ഉയരങ്ങളിലുള്ള ശത്രുവിന്‍റെ സ്ഥാനം, ഭാരത സൈനികര്‍ക്കു പോരാട്ടം ദുഷ്കരമാക്കിയിരുന്നു. ഗൂര്‍ഖാ ടീം അങ്ങോട്ടു തിരിച്ചു.
ഗൂര്‍ഖ , ആ പേരു മാത്രം മതി ശത്രുപാളയങ്ങള്‍ മരണഭീതിയില്‍ നടുങ്ങാന്‍.

” ഒരുവനു മരണത്തെ ഭയമില്ല എന്നു പറഞ്ഞാല്‍ ഒന്നുകില്‍ അയാള്‍ നുണപറയുകയാണ്‌, അല്ലെങ്കില്‍ അവന്‍ ഗൂര്‍ഖയാണ് “

ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം വളരെ ദുര്‍ഘടമായിരുന്നെന്ന് മാത്രമല്ല, മുകളിലുള്ള ശത്രുവിന്‍റെ കണ്ണുവെട്ടിക്കാനും ഒരു പരിധിവരെ അസാധ്യവുമായിരുന്നു. സംഘം കനത്ത വെടിവെയ്പ്പ് നേരിട്ടതോടെ പകല്‍ ആക്രമിക്കാതെ രാത്രിയില്‍ മുന്നേറാമെന്നു മനോജ്‌കുമാര്‍ തന്ത്രം മാറ്റി. രാത്രിയില്‍ ശത്രുവിനെ ശക്തമായി ആക്രമിച്ചു മുന്നേറി നേരം വെളുത്തപ്പോഴേക്കും മുകളിലെത്തിയ സൈനികര്‍ ഒട്ടും വിശ്രമിക്കാതെ, ശത്രുപക്ഷം സ്ഥാപിചിരുന്ന മൈനുകളുടെ ഭീഷണി വകവെയ്ക്കാതെ പോരാട്ടം തുടര്‍ന്നു. ശത്രുവിനെ തുരത്തി പോസ്റ്റു തിരിച്ചു പിടിച്ചു. ഒന്‍പതു ഭാരതപുത്രൻമാർ ഈ പോരാട്ടത്തില്‍ വീരമൃത്യു വരിച്ചു.

വിജയത്തില്‍ ത്രസ്സിച്ചുനിന്നിരുന്ന ക്യാപ്റ്റന്‍ മനോജ്‌ കുമാറിനെ കഠിനമായ ജുബാര്‍ പോസ്റ്റു തിരിച്ചു പിടിക്കാന്‍ പിന്നീടു നിയോഗിച്ചു. വളരെ തന്ത്രപ്രധാനമായിരുന്ന ഈ സ്ഥലം പിടിക്കാതെ മുന്നോട്ടുള്ള നീക്കം അസാധ്യമായിരുന്നു. വഴിയിലെ പ്രതിബന്ധങ്ങള്‍ ഓരോന്നായി ഇല്ലാതാക്കി അവര്‍ ലക്ഷ്യത്തിനരികിലെത്തി. ഇനിയുള്ള ഇടുങ്ങിയ ഒരേയൊരു പാതയിലൂടെ മുകളിലുള്ള ശത്രുവിനെ മറഞ്ഞു കയറല്‍ അപ്രാപ്യമായിരുന്നു.

“ആയോ ഗോര്‍ഖാലി….”
വിളികളുമായി യുദ്ധഘോഷങ്ങള്‍ മുഴക്കി കനത്ത ആക്രമണം നടത്തി ഗൂർഖകൾ‍ ഉയരങ്ങളിലേക്കു കുതിച്ചു. തിരിച്ചു വെടിവക്കുന്ന ശത്രുവിന്‍റെ പൊസിഷന്‍സ് നോക്കി പറയാന്‍ മനോജ്‌ കുമാര്‍ തന്നെ മുന്നിലുണ്ടായിരുന്നു. പിടിച്ചു നില്ക്കാന്‍ ശത്രു സര്‍വ്വശക്തിയുമെടുത്ത് തിരിച്ചടിച്ചു. മനോജ്‌ കുമാറിന്‍റെ തോളിനു വെടിയേറ്റു. അണുവിടെ പതറിയാല്‍ വന്‍വിലകൊടുക്കേണ്ടി വരുമെന്നറിയാവുന്ന ആ ധീര യോദ്ധാവ്, ശത്രുബങ്കറിനെ ലക്ഷ്യമാക്കി പാഞ്ഞു. അടുത്തെത്തുന്ന മുന്‍പേ അടുത്ത ബുള്ളറ്റും അരകെട്ടിനെ തുളച്ചിറങ്ങി. തീവ്രവേദനയെ തരിമ്പും വകവെയ്ക്കാതെ വർദ്ധിച്ച വീര്യത്തോടെ ബങ്കറിലേക്ക് ചാടുമ്പോള്‍ ഗൂര്‍ഖയുടെ ജീവനാഡിയായ ഖുക്രിയും അദ്ദേഹത്തിന്റെ വലംകയ്യിലെത്തിയിരുന്നു.
സ്വന്തം ശരീരത്തില്‍ നിന്നും ചീറ്റിയൊഴുകുന്ന ചോരയിൽ കുളിച്ച, പഴയ ബോക്സര്‍, ബങ്കറില്‍ അവശേഷിച്ച ശത്രുക്കള്‍ക്ക് യന്ത്രതോക്കുകള്‍ തിരിക്കാന്‍ പോലും സമയംകൊടുക്കാതെ അവരെ ഖുക്രിക്കിരയാകി. അപ്പോഴേക്കും അടുത്തെത്തിയ സഹ സൈനികരെ നൊടിയിടയില്‍ ഓരോ ബങ്കറുകളിലേക്കും തിരിച്ചു കൊടുത്തു സ്വയം അടുത്തതിലേക്ക് ഇറങ്ങിയിരുന്നു.
ആനയുടെ മസ്തകം അടിച്ചു തകർക്കുന്ന സിംഹത്തേപ്പോലെ , ആറടിക്കു മേലെ ഉയരമുള്ള പട്ടാണികളുടെ മേല്‍ അഞ്ചടിയോളം ഉയരമുള്ള ഗൂര്‍ഖകള്‍ ഘോഷം മുഴക്കി ചാടിക്കയറി അവരുടെ തലകൊയ്യുന്നത് പുറകെ കയറിയവര്‍ കണ്ടതായി പറയുന്നുണ്ട്. ശത്രുവിനു ചിന്തിക്കാന്‍ പോലും സമയംകൊടുക്കാതെ അവസാന ബങ്കറും കയറിയിറങ്ങുമ്പോള്‍ മനോജ്‌ കുമാര്‍ കയ്യിലെ ഖുക്രിയാല്‍ ഇതിനകം അനേകം ശത്രുക്കളെ കാലപുരിക്കയച്ചിരുന്നു.
വാര്‍ന്നു പോയ ചോര അദ്ധേഹത്തിന്റെ ശരീരത്തെ പൂര്‍ണമായും തളർത്തിയിരുന്നെങ്കിലും മനോവീര്യമായിരുന്നു പിടിച്ചു നിര്‍ത്തിയത്. പക്ഷെ ശരീരത്തിനു പരിധികളുണ്ടല്ലോ, അവസാന ബങ്കറും കഴിഞ്ഞപ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണു. മടിയിലേക്ക്‌ താങ്ങി കിടത്തിയ സഹപ്രവര്‍ത്തകനോട് അര്‍ദ്ധബോധാവസ്ഥയില്‍ ആ ധീരയോദ്ധാവ് നേപാളിയില്‍ പറഞ്ഞു “ന ചോട്നു…ന ചോട്നു”.(.വിടരുത് വിടരുത്) പതിയെ ആ കണ്ണുകളടഞ്ഞു. അന്നു 1999 ജൂലൈ 3, എട്ടു ദിവസങ്ങക്കു മുന്‍പേ രണഭൂമിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ 24-ാം പിറന്നാൾ.
മനോജ് കുമാറിന്റെ സ്വകാര്യ ഡയറിയിലെ ഒരു പ്രവചനാത്കമായ വരിയായിരുന്നു;

” If death strikes before I prove my blood, I swear, I will kill death. “

തുടർന്ന് 7-ാം തീയതിയോടു കൂടി ജുബാര്‍ കുന്നുകൾ പൂര്‍ണമായും തിരിച്ചു പിടിക്കുകയും, 11നു ശത്രുക്കള്‍ ഭാരതമണ്ണില്‍ നിന്നും പിൻവലിയുകയും ചെയ്തു. മനോജ്‌ കുമാറിന്‍റെ അസാമാന്യമായ ധീരത്യാഗത്തിനു രാജ്യം പരംവീരച്ചക്ര നല്‍കി ആദരിച്ചു.

കടപ്പാട് : റോഷൻ ലാൽ

Leave a Reply

Your email address will not be published. Required fields are marked *