ഒറ്റപ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ; കുഞ്ഞുങ്ങളുടെ മുഖംകണ്ട ഡോക്ടർമാർ ഞെട്ടി

അമ്മയാകുന്നതിന്റെ സന്തോഷത്തിനൊപ്പം മറ്റൊരു അതിശയവാർത്ത കൂടി എത്തിയാലോ. ഒറ്റ പ്രസവത്തിൽ ജനിക്കാൻ കാത്തിരിക്കുന്നതു മൂന്നു കുട്ടികൾ. ഡോക്ടർമാർ ആ വാർത്ത പറയുമ്പോൾ 23 വയസ്സുകാരി ബെക്കി ജോ അലന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞുപോയി. അത്ഭുതം ഒളിപ്പിക്കാനാവാതെ സ്തബ്ധയായി നിന്നു ഒരുനിമിഷം ബെക്കി.

അതിശയം അവിടെകൊണ്ടവസാനിച്ചില്ല. പ്രസവം കഴിഞ്ഞപ്പോൾ മറ്റൊരത്ഭുതം കൂടി കാത്തിരിപ്പുണ്ടായിരുന്നു–സാധാരണയായി ആരും കേൾക്കാൻ തയ്യാറെടുത്തിട്ടില്ലാത്ത അത്ഭുതം. മൂന്നു കുട്ടികളും അസാധാരണമായ രീതിയിൽ സാദ്യശ്യമുള്ളവർ. ലക്ഷക്കണക്കിനു കുട്ടികൾ ജനിക്കുമ്പോൾ പോലും സംഭവിക്കാത്ത അപൂർവങ്ങളിൽ അപൂർവമായ സാദൃശ്യം.

ബെക്കി ജോ അലൻ–ലിയാം ടേർണി ദമ്പതികൾക്ക് ഒരു മകൾ കൂടിയുണ്ട്–ഇന്ത്യാന. രണ്ടു വർഷം മുമ്പ് ഇന്ത്യാനയോട് ദമ്പതികൾ ആ വലിയ വാർത്ത പങ്കുവച്ചു– ഇന്ത്യാന ഒരു വലിയ സഹോദരിയാകുന്ന വലിയ വാർത്ത. ഇംഗ്ലണ്ടിൽ ലിവർപൂളിനു തൊട്ടടുത്തു താസമിക്കുന്ന ബെക്കിയും ലിയാമും കൂടുതൽ കുട്ടികൾക്കുവേണ്ടി ആഗ്രഹിച്ചിരുന്നു. പക്ഷേ ഒറ്റപ്രസവത്തിൽ മൂന്നു കുട്ടികൾ എന്നത് അവരുടെ സ്വപ്നത്തിന് അപ്പുറമായിരുന്നു. അൾട്രാ സൗണ്ട് സ്കാനിങ് റിപോർട്ട് കണ്ടപ്പോൾ മാത്രമാണ് അവർ ആ വർത്ത മനസ്സിലാക്കിയതും വിശ്വസിച്ചതും.

ഗർഭത്തിന്റെ തുടക്കത്തിൽതന്നെ അസ്വസ്ഥതകൾ അനുഭവിക്കേണ്ടിവന്നു ബെക്കിക്ക്. കൂടെക്കൂടെ വരുന്ന കടുത്ത തലവേദന. പതിവിലും നേരത്തെ സ്കാനിങ് നടത്താൻ നിർദേശിച്ചു ഡോക്ടർമാർ. പരിശോധനയിൽ ആ ഞെട്ടിക്കുന്ന വാർത്ത അവരെ കാത്തിരുന്നു: ജനിക്കാൻ തിടുക്കം കൂട്ടുന്ന മൂന്നു കുട്ടികളെക്കുറിച്ചുള്ള സന്തോഷവാർത്ത. ജീവിതത്തിൽ ഞാൻ ഇതുപോലെ ഞെട്ടിയിട്ടില്ല. ഞങ്ങളുടെ കുടുംബത്തിൽ ഇതുവരെ മൂന്നുപേരെ ഒരുമിച്ചു പ്രസവിച്ച സംഭവവും ഉണ്ടായിട്ടില്ല. ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യം – ഇപ്പോഴും അത്ഭുതത്തിന്റെ ചിറുകുകളിലാണ് അഭിമാനത്താൽ സന്തുഷ്ടയായ ബെക്കി ജോ.

റോമൻ,റോക്കോ,റോഹൻ മൂന്നു കുട്ടികളെയും സിസേറിയനിലൂടെയാണു പുറത്തെടുത്തത്. ഗർഭത്തിന്റെ 31–ാം ആഴ്ചയിൽ‌ നടന്നു പ്രസവം. മൂന്നുപേർക്കും ഒന്നരക്കിലോ വീതം തൂക്കം. ആദ്യത്തെ ആറ് ആഴ്ചകൾ അതീവ സുരക്ഷാ മുറിയിൽ ഡോക്ടർമാരുടെ പരിചരണത്തിൽ. മൂന്നു കുട്ടികളെ ഗർഭത്തിൽ വഹിക്കുന്നത് റിസ്ക്കാണ്.  മൂന്നുപേരും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതും അപൂർവം. ബെക്കി ഭാഗ്യവതിയാണ്. മൂന്നുപേർക്കും അത്ര കുറവില്ലാത്ത ശരീരഭാരമുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഭാരം കൂടിക്കൊണ്ടുമിരുന്നു. ഒന്നരമാസത്തെ ആശുപത്രി ജീവിതത്തിനുശേഷം കുടുംബം സന്തോഷത്തോടെ മടങ്ങി വീട്ടിലേക്ക്.

മൂന്നുപേരും പൂർണമായും ഒരുപോലെയല്ലെന്നു പറഞ്ഞു ഡോക്ടർമാർ. പക്ഷേ വീട്ടിൽ കാണാൻ വന്നവർക്കാർക്കും പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞില്ല കുട്ടികളെ. അത്രമാത്രം സാദൃശ്യമുണ്ടു മൂവർക്കും. ഒടുവിൽ ബെക്കി ജോ ഒരു അന്വേഷണം നടത്തി. ഒരു ഡിൻഎ ടെസ്റ്റ് തന്നെ നടത്തി. പരിശോധനാഫലം എത്തി:ജൻമനാ മൂവരും ഒരുപോലെ. ഒരു വ്യത്യാസവുമില്ല.

കൃത്രിമ ഗർഭധാരണ മാർഗങ്ങൾ സജീവമായതോടെ മൂന്നു കുട്ടികളുടെ പ്രസവം അത്ര അസാധാരണമല്ലാതായിട്ടുണ്ട്. പക്ഷേ ഒരുപോലെ ഇരിക്കുന്ന മൂന്നുപേർ തികച്ചും അസാധാരണം തന്നെ. ഡോക്ടർമാർക്കുപോലും സംഭവം കൃത്യമായി വിശദീകരിക്കാൻ ആവുന്നില്ല. മൂന്നുപേരും ഒരുപോലെയെങ്കിലും ബെക്കി കൃത്യമായി അവരെ തിരിച്ചറിയുന്നു.

ഉറങ്ങിക്കിടക്കുമ്പോൾ മാത്രമേ എനിക്കവരെ തിരിച്ചറിയാൻ കഴിയാതെയുള്ളൂ. അല്ലാത്തപ്പോൾ എനക്കു കൃത്യമായി അറിയാം ഓരോരുത്തരെയും. മൂന്നു പേരുടെയും വ്യക്തിത്വം വ്യത്യസ്തമാണ്. മൂന്നു പേരുടെയും പുരികങ്ങൾക്കിടയിൽ അടയാളങ്ങളുമുണ്ട്. റോമന്റെ ശീരരത്തിലെ അടയാളത്തിനു കറുപ്പ് കൂടുതലുമാണ്. റോഹന് കാലിലും ഒരു അടയാളം പ്രത്യേകമായുണ്ട്. ഒരാഴ്ചയിൽ 130 ഡയപറുകൾ വേണം വീട്ടിൽ. അച്ഛനും അമ്മയ്ക്കും ഒരു നിമിഷം പോലും വിശ്രമിക്കാൻ സമയവും കൊടുക്കില്ല മൂവരും.
അച്ഛന്റെയും അമ്മയുടെയും സന്തോഷം അവിടെ നിൽക്കട്ടെ. ഏറ്റവും സന്തോഷവതി ഇന്ത്യാന തന്നെ. ആറു വയസ്സുകാരി. മൂന്നു സഹോദരൻമാരുടെ ഒറ്റപെങ്ങൾ.

അസൂയ ഇന്ത്യാനയുടെ അടുത്തുപോലുമില്ല. അവൾക്കു മൂവരെയും ഇഷ്ടമാണ്. മൂന്ന് ആൺകുട്ടികളുടെ ഇടയിൽ വളരുന്ന അവളെക്കുറിച്ചോർക്കുമ്പോൾ എനിക്കു സങ്കടം തോന്നാറുണ്ട്. പക്ഷേ, ഇന്ത്യാന സന്തോഷവതിയായിരിക്കുന്നു: ബെക്കി ജോ പറയുന്നു. വീട്ടിൽ കൂടുതൽ ശ്രദ്ധയും പരിചരണവും ലഭിക്കുന്നതു മൂന്ന് ആൺകുട്ടികൾക്ക്. അവർ അത് അർഹിക്കുന്നു. കാരണം അത്ര സാധാരണമല്ലല്ലോ ഈ പിറവി.

Leave a Reply

Your email address will not be published. Required fields are marked *