ഒരു കുഞ്ഞു ജീവൻ തിരിച്ചുപിടിക്കാൻ തമീം പ്രകാശ വേഗത്തിൽ വണ്ടി പായിച്ചു

കാസര്‍ഗോഡ്: ചില യാഥാർഥ്യങ്ങൾ അവിശ്വസനീയങ്ങളാണ് അത് സിനിമാകഥകളെപ്പോലും തോൽപ്പിക്കുന്നതും ആയിരിക്കും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നാട്ടിൽ അരങ്ങേറിയത്. കേരളത്തിലെ റോഡുകളിലൂടെ 514 കിലോമീറ്റര്‍ താണ്ടാന്‍ ഒരു ആംബുലൻസ് ഡ്രൈവർക്ക് വേണ്ടിവന്നത് വെറും ഏഴുമണിക്കൂര്‍. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഫാത്വിമ ലൈബ എന്ന പിഞ്ചുകുഞ്ഞിന്റെ ജീവനായി തമീം ആംബുലന്‍സില്‍ പായുകയല്ല, പറക്കുകയായിരുന്നു. ഒപ്പം രാവെളുക്കോളം ഉറക്കമൊഴിച്ച്‌ പോലീസും സമൂഹ മാധ്യമ- ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടായ്മയും. വര്‍ഷങ്ങള്‍ക്കുമുമ്ബ് ഹിറ്റായ “ട്രാഫിക്”എന്ന സിനിമയെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളായിരുന്നു ബുധനാഴ്ച രാത്രിയില്‍ റോഡില്‍ പിറന്നത്.
റോഡില്‍ തടസങ്ങളൊന്നുമില്ലെങ്കില്‍പോലും 14 മണിക്കൂര്‍ വേണ്ടിവരുന്ന യാത്രയാണ് ആറു മണിക്കൂര്‍ 50 മിനിട്ട് കൊണ്ട് കാസര്‍ഗോഡ് സ്വദേശിയായ ഡ്രൈവര്‍ തമീം പറന്നെത്തിയത്.
കാസര്‍ഗോഡ് ബദിയടുക്ക സ്വദേശികളായ സിറാജ്-അയിശ ദമ്ബതികളുടെ 31 ദിവസം പ്രായമുള്ള കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഓക്സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ പോലുമാവാതിരുന്ന കുഞ്ഞിന്റെ സ്ഥിതി വഷളായതോടെ ഉടനടി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ആംബുലന്‍സ് അധികൃതര്‍ കുട്ടിയെ തിരുവനന്തപുരത്തെത്തിക്കുന്ന ദൗത്യം ഏറ്റെടുത്തത്. ഐ.സി.യു ആംബുലന്‍സായ സി.എം.സി.സി ആംബുലന്‍സാണ് സജ്ജമാക്കിയത്. പരിചരണത്തിനായി കാസര്‍ഗോഡ് ഷിഫാ സഅദിയ് ആശുയപത്രിയിലെ ഐ.സിയു നേഴ്സിങ് ആസിസ്റ്റന്റ് റിന്റോയെയും വിളിച്ചുവരുത്തി.
ഫാത്തിമയെ അതിവേഗം ശ്രീചിത്രയിലെത്തിക്കുന്നതിനായി “കണ്ണൂര്‍ ടു എസ്.സി.ടി” എന്ന പേരില്‍ ദൗത്യം ആരംഭിച്ച്‌ സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രചരിപ്പിച്ചു.

കുഞ്ഞുമായി ആംബുലന്‍സ് അല്‍പം മുമ്ബ് തിരിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ പോലീസ് വാഹനവും ആംബുലന്‍സിന് അകമ്ബടി വരുന്നുണ്ടെന്നും ദയവായി ആംബുലന്‍സ് കടന്നു പോകാന്‍ വേണ്ട സഹായങ്ങള്‍ എല്ലാവരും ചെയ്തു നല്‍കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം നല്‍കിയത്. സമൂഹമാധ്യമ കൂട്ടായ്മകളും ഉണര്‍ന്നതോടെ രാവേറ ചെന്നിട്ടും വിവിധ ജില്ലകളിലെ സംഘടനകള്‍ ആംബുലന്‍സിന് സുഗമ വീഥിയൊരുക്കി. ട്രാഫിക് തടസം ഒഴിവാക്കാന്‍ പോലീസും രംഗത്തിറങ്ങിയതോടെ 8.30ന് കണ്ണൂരില്‍നിന്നു തുടങ്ങിയ യാത്ര പുലര്‍ച്ചെ മൂന്നരയോടെ ശ്രീചിത്രയില്‍ അതിസാഹസികമായി എത്തിച്ചേര്‍ന്നു. ആംബുലന്‍സ് ഡ്രൈവേഴ്സ് സംഘടനയായ കെ.എ.ഡി.ടി.എ പ്രവര്‍ത്തകര്‍ രാവുമുഴുവന്‍ വിവിധ ഇടങ്ങളില്‍ നിലയുറപ്പിച്ചിരുന്നു.
ഇത്ര വേഗത്തില്‍ തിരുവനന്തപുരത്ത് എത്താന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നുംആംബുലന്‍സ് 100 കിലോമീറ്റര്‍ വേഗത്തില്‍ നിന്ന് ഒരുഘട്ടത്തില്‍പോലും താഴെപ്പോയിട്ടില്ലെന്നും ഡ്രൈവര്‍ തമീം പറയുന്നു.

വാര്‍ത്ത ഇഷ്ട്ടപെട്ടെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

വാര്‍ത്ത ഇഷ്ട്ടപെട്ടെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *