ഒന്‍പത് കോടി വിറ്റുവരവുമായി ഒരു വിദ്യാര്‍ത്ഥി

അഖില്‍ നാസ്
വയസ്: 21
സ്ഥാപനം: ലാന്റേണ്‍ ഇവന്റ്‌സ്
ബിസിനസ് കുടുംബത്തിലാണ് ജനിച്ചതെങ്കിലും അഖില്‍ നാസ് എന്ന 21 കാരന്റെ എപ്പോഴത്തെയും സ്വപ്നം സ്വന്തം സംരംഭത്തെ കുറിച്ചായിരുന്നു. ആ സ്വപ്നത്തെ ജ്വലിപ്പിച്ചു കൊണ്ടാണ് ലാന്റേണ്‍ ഇവന്റ്‌സ് എന്ന പേരില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങിയത്. മഞ്ചേരി ഏറനാട് നോളജ്‌സിറ്റിയില്‍ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖില്‍ നാസ് രണ്ടു വര്‍ഷം മുമ്പാണ് ഈസംരംഭത്തിന് തുടക്കമിട്ടത്. ഇന്ന് എറണാകുളം മുതല്‍ കാസര്‍കോട് വരെ നീളുന്ന ഉപഭോക്തൃനിരയും ഒന്‍പത് കോടിരൂപയുടെ വിറ്റുവരവുമായി ഈ സ്ഥാപനം വളര്‍ന്നു കൊണ്ടിരിക്കുന്നു.

സൈപ്രസ് ബില്‍ഡേഴ്‌സ്, ഫര്‍ണിച്ചര്‍ എന്നിവയുടെ ഉടമയായ അബ്ദുല്‍ നാസറിന്റെ മകനാണ് അഖില്‍ നാസ്. ജ്യേഷ്ഠനെ പോലെ അഖിലിനെയും ഡോക്റ്ററാക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചത്. എന്നാല്‍ അഖില്‍ നാസിന് താല്‍പ്പര്യം ബിസിനസിനോടും. ഒടുവില്‍ അഖിലിന്റെ വഴിയെ തന്നെ കാര്യങ്ങള്‍ വന്നു.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തന്നെ തനിക്ക് അഭിരുചിയുണ്ടായിരുന്ന ഇവന്റ് മാനേജ്‌മെന്റ് മേഖലയിലേക്ക് അഖില്‍ കാലെടുത്തു വെച്ചു. സഹപാഠികളായ 13 പേരുടെ സഹായവും അഖിലിനുണ്ടായിരുന്നു. സ്വന്തം കുടുംബത്തിലെ ഒരു ചടങ്ങ് ഏറ്റെടുത്തു കൊണ്ടാണ് തുടക്കം. ഇതു കണ്ട് ഇഷ്ടപ്പെട്ട് മറ്റു ചിലര്‍ കൂടി ആവശ്യവുമായി വന്നു.

പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പുറത്ത് ആദ്യം ഏറ്റെടുത്തത് ഭക്ഷണം ഉണ്ടാക്കാനുള്ള ഉപകരാറാണ്. ഇപ്പോള്‍ ഭക്ഷണത്തിനു പുറമേ സ്റ്റേജ് ഡെക്കറേഷന്‍, ലൈറ്റ് & സൗണ്ട്, പന്തല്‍ തുടങ്ങി ഏതൊരു പരിപാടിക്കും ആവശ്യമായതെല്ലാം ചെയ്യുന്നു. ബിസിനസ് മീറ്റുകളും ഭംഗിയായി ഏറ്റെടുത്ത് നടത്തിയിട്ടുണ്ട് ലാന്റേണ്‍ ഇവന്റ്‌സ്. എണ്ണായിരം പേര്‍ക്ക് വരെ ഒറ്റയടിക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട് ഇവര്‍.മലപ്പുറത്തെ വേങ്ങര ആസ്ഥാനമായുള്ള സ്ഥാപനത്തിന് കോഴിക്കോട്ടും ഓഫീസുണ്ട്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെല്ലാം പരിപാടികള്‍ ചെയ്തിട്ടുണ്ട്. നാല് ഷെഫുമാര്‍ സ്ഥിരമായി സ്ഥാപനത്തിലുണ്ട്. ലെ മെറിഡിയന്‍ പോലുള്ള നക്ഷത്ര ഹോട്ടലുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍. 250 ലേറെ യുവാക്കള്‍ ഇവിടെ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേറ്ററിംഗ് ജോലികള്‍ക്കായി ഇതില്‍ നിന്ന് ആളുകളെ കണ്ടെത്തുന്നു. എപ്പോഴും അപ്റ്റുഡേറ്റ് ആയിരിക്കണമെന്നതാണ് ഈ ബിസിനസിലെ വെല്ലുവിളി. നിരന്തരമായ പഠനത്തിലൂടെയും നിരീക്ഷണത്തിലൂടെയും അത് മറികടക്കുന്നു.

ഈ സംരംഭത്തില്‍ നിന്ന് ലഭിച്ച ലാഭം കൊണ്ട് മലപ്പുറം നഗരത്തില്‍ ജ്യൂസ് മേക്കര്‍ എന്ന പേരില്‍ ജ്യൂസ് കട തുടങ്ങിയിട്ടുണ്ട്. 180 ലേറെ വ്യത്യസ്തതരം ജ്യൂസുകളാണ് ഇവിടത്തെ പ്രത്യേകത. റീറ്റെയ്ല്‍ ബിസിനസിലെ സാധ്യതകളെ കുറിച്ച് പഠിക്കാനാണ് ഇങ്ങനെ ചെയ്തത്. അത് വിജയവുമായിരുന്നു.

കടപ്പാട് ധനം മാസിക

Leave a Reply

Your email address will not be published. Required fields are marked *