ഐഎസിനെതിരെ പറയാത്തത് പേടിച്ചിട്ടല്ല, മോശമായി ഒന്നുമില്ലാത്തതിനാൽ: ഫാ. ടോം

കോഴിക്കോട്• ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിനു കോഴിക്കോട് പൗരാവലിയുടെ ആദരം. നാടിന്റെ പ്രാർഥന ദൈവ സന്നിധിയിൽ എത്തിയതിന്റെ തെളിവാണ് തന്റെ മോചനമെന്ന് ഉഴുന്നാലിൽ പറഞ്ഞു.

തടവിലാക്കിയവരെക്കുറിച്ചു മോശം പറയാത്തതിൽ പലർക്കും തന്നോടു പരിഭവമുണ്ട്. മോശമായി പറയാൻ ഒന്നുമില്ല, അത് പേടിച്ചിട്ടോ എന്തെങ്കിലും സിൻഡ്രോം ഉള്ളതു കൊണ്ടോ അല്ല. രണ്ടു കന്യാസ്ത്രീകളെ തന്റെ കൺമുന്നിലാണ് അവർ വധിച്ചത്. എന്നിട്ടും അവർ തന്നെ ഉപദ്രവിക്കാതിരുന്നെങ്കിൽ താൻ വിശ്വസിക്കുന്ന ദൈവം അവരുടെ ഉള്ളിൽ സ്പർശിച്ചു എന്നാണ് അതിന്റെ അർഥം. ഭാരത സഹോദരങ്ങളുടെയും ലോകമെങ്ങുമുള്ള വിശ്വാസികളുെടയും പ്രാ‍ർഥന ഇതിനു തുണയായി. വിഡിയോയിൽ കണ്ട ദൃശ്യങ്ങൾ ചിത്രീകരിക്കും മുൻപ് പേടിക്കേണ്ടെന്ന് അവർ പറഞ്ഞിരുന്നു. വിഡിയോയിൽ പറഞ്ഞ വാക്കുകൾ അവർ പറയിച്ചതാണ്. അല്ലാതെ, അവർ ചെയ്ത ദ്രോഹം താൻ മറച്ചു വച്ചു സംസാരിക്കുകയല്ല. പ്രമേഹമുള്ളതു കൊണ്ടാണ് ശരീരം ക്ഷീണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *