എന്റെ വീട്ടിലെ കട്ടിലും എസിയും ഒക്കെ ദിലീപേട്ടന്‍ വാങ്ങി തന്നതാണ് അന്ന് കരഞ്ഞതിനെ കുറിച്ച് ധര്‍മജന്‍

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോള്‍ ഏറ്റവും കൂടുതല്‍ നടനെ പിന്തുണച്ച് കൂടെ നിന്നതില്‍ പ്രധാനിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായ ദിവസം ധര്‍മജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു.

അന്ന് കരഞ്ഞതിനെ തന്നെ ട്രോള്‍ ചെയ്തവര്‍ക്ക് മറുപടിയുമായി ധര്‍മജന്‍ രംഗത്ത്. കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദിലീപുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ധര്‍മജന്‍ വാചാലനായത്.അന്ന് ദിലീപേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞെന്ന് പറഞ്ഞ് ട്രോള്‍ ഒക്കെ വന്നിരുന്നല്ലോ.. എനിക്ക് ദിലീപേട്ടനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞു പോയതാണ്- ധര്‍മജന്‍ പറഞ്ഞു.

എനിക്ക് ദിലീപേട്ടനുമായുള്ളത് അത്രയും വലിയ അടുപ്പമാണ്. വെറും സൗഹൃദം മാത്രമല്ല അത്. ചേട്ടനെ പോലെ തന്നെയാണ് എനിക്ക് ദിലീപേട്ടന്‍. എന്നെ സിനിമയില്‍ കൊണ്ടു വന്നത് ദിലീപേട്ടനാണ്. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്. ആ ബന്ധം അങ്ങനെ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹം അന്വേഷിക്കും. പുതിയ വീട് വച്ചപ്പോള്‍ സമ്മാനങ്ങള്‍ വാങ്ങിത്തന്നു. എന്റെ വീട്ടിലെ കട്ടിലും എസിയുമൊക്കെ ദിലീപേട്ടന്‍ വാങ്ങിത്തന്നതാണ്- ധര്‍മജന്‍ പറഞ്ഞു.

പാപ്പി അപ്പച്ചന്‍ എന്ന ചിത്രത്തിലൂടെ ദിലീപാണ് ധര്‍മജന് അവസരം നല്‍കിയത്. തുടര്‍ന്ന് മൈ ബോസ്, സൗണ്ട് തോമ, വില്ലാളി വീരന്‍, ലൈഫ് ഓഫ് ജോസൂട്ടി, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ദിലീപിനൊപ്പം അഭിനയിച്ചു. കൂടാതെ ഒത്തിരി സ്‌റ്റേജ് ഷോകളും ഇരുവരും ഒന്നിച്ച് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *