എട്ടാം ക്ലാസില്‍ തോറ്റു, സ്വന്തം ഇഷ്ടങ്ങളുടെ പിറകേ പോയി 23 വയസിനുള്ളില്‍ കോടീശ്വരനായി

23 വയസ്സിനുള്ളിൽ കോടീശ്വരനായ തൃഷ്‌നീത് – തോൽവി വിജയത്തിന്റെ ചവിട്ടു പടികൾ ആണെന്ന് തെളിയിച്ചിരിക്കുകയാണ് തൃഷ്‌നീത് തന്റെ ജീവിതത്തിലൂടെ .എട്ടാം ക്ലാസിൽ തോറ്റു സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട തൃഷ്‌നീത് ഇന്ന് റിലയന്‍സ് പോലുള്ള കമ്പനികളേയും സ്വന്തം ഉപഭോക്താവാക്കാന്‍ സാധിച്ച ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമ ആണ് .

സ്വപ്നങ്ങൾക്ക് പിറകെ പോയി വിജയങ്ങൾ കീഴടക്കിയ തൃഷ്‌നീതിന്റെ കഥ എല്ലാവർക്കും ഒരു പ്രചോദനമാണ് .കമ്പ്യൂട്ടര്‍ സുരക്ഷാ രംഗത്ത് വിദഗ്ധനായ തൃഷ്‌നീത് എത്തിക്കൽ ഹാക്കിംങ് തിരഞ്ഞെടുത്തത് അതിനോടുള്ളഅമിതമായ താല്പര്യം കൊണ്ട് തന്നെ ആണ് .ഇന്ന് ഇന്ത്യയില്‍ നാല് ബ്രാഞ്ചുകളും ദുബൈയില്‍ ഒരു ബ്രാഞ്ചുമുള്ള സ്ഥാപനമായി വളർന്നിരിക്കുകയാണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് .

ഒരു ബില്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷാ സ്ഥാപനം ആരംഭിക്കുക എന്നതാണ് തൃഷ്‌നീതിന്റെ നിലവിലുള്ള സ്വപ്നം .തൃഷ്‌നീതിന്റെ ജീവിത വിജയ കഥയെ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ് വിവരിക്കുന്നുണ്ട് .അതിൽ കുഞ്ഞു തൃഷ്‌നീതിനെ കുറിച്ചും എഴുതിയിട്ടുണ്ട് .ചെറുതായിരിക്കുമ്പോൾ തന്നെ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുന്നതിനേക്കാൾ തൃഷ്‌നീതിന് താല്പര്യം അവ തുറന്നു എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുവാൻ ആയിരുന്നു എന്ന് ഇതിൽ കുറിച്ചിട്ടുണ്ട് .

വീട്ടിൽ കമ്പ്യൂട്ടർ വാങ്ങിയതോടെ തൃഷ്‌നീതിന്റെ ജീവിതം മാറി മറഞ്ഞു .ആവേശഭരിതനായി തൃഷ്‌നീത് .മകൻ കമ്പ്യൂട്ടറിൽ ഒരുപാട് സമയം ചിലവഴിക്കുന്നത് കണ്ടു ആശങ്കയിലായി തൃഷ്‌നീതിന്റെ രക്ഷിതാക്കൾ കമ്പ്യൂട്ടറിനു പാസ്വേഡ് സെറ്റ് ചെയ്തു .ദിവസങ്ങൾക്കകം തന്നെ തൃഷ്‌നീത് പാസ്വേഡ് കണ്ടെത്തി .

അതായിരുന്നു തൃഷ്‌നീതിന്റെ ആദ്യ ഹാക്കിങ് അനുഭവം .ഇതറിഞ്ഞ തൃഷ്‌നീതിന്റെ പിതാവ് ദേഷ്യപ്പെടുകയല്ല ഉണ്ടായത് .പകരം തൃഷ്‌നീതിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ വാങ്ങി നൽകി അദ്ദേഹം .മകന്റെ താല്പര്യം നല്ല രീതിയിൽ മനസിലാക്കിയ രക്ഷിതാക്കൾ എട്ടാം ക്ലാസ് തോറ്റപ്പോൾ പഠനം നിർത്താനുള്ള മകന്റെ തീരുമാനത്തിനെ പിന്തുണയ്ക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്തു .

ഈ പിന്തുണ ആണ് തൃഷ്‌നീതിന് വളരുവാനുള്ള വേദി തുറന്നു കൊടുത്തത് .കമ്പ്യൂട്ടറുകളിലെ സോഫ്റ്റ്വെയര്‍ കുഴപ്പങ്ങളും മറ്റും പരിഹരിച്ചിരുന്ന തൃഷ്‌നീത് മെല്ലെ എത്തിക്കല്‍ ഹാക്കിംങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിലൂടെ ലഭിച്ച ചെറിയ തുകകൾ സ്വരുക്കൂട്ടി വെച്ചാണ് തന്റെ കമ്പനി ഈ ചെറുപ്പക്കാരൻ ആരംഭിച്ചത് .പത്തൊമ്പതാം വയസിൽ ആണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് തൃഷ്‌നീത് ആരംഭിക്കുന്നത് .

പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഐടി ഉപദേഷ്ടാവാണ് തൃഷ്‌നീത് .സിബിഐയിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസുകള്‍ എടുക്കുന്നു ഈ ഇരുപത്തിമൂന്നുകാരൻ . തന്റെ ഇഷ്ടങ്ങൾക്കു പിറകെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകിയ ,തന്നിൽ വിശ്വാസം അർപ്പിച്ച മാതാപിതാക്കൾക്കാണ് തൃഷ്‌നീത് തന്റെ വിജയങ്ങൾ സമർപ്പിക്കുന്നത് .

One thought on “എട്ടാം ക്ലാസില്‍ തോറ്റു, സ്വന്തം ഇഷ്ടങ്ങളുടെ പിറകേ പോയി 23 വയസിനുള്ളില്‍ കോടീശ്വരനായി

Leave a Reply

Your email address will not be published. Required fields are marked *