ഇവിടെയുള്ള ആളാണോ എന്നു നോക്കണമെന്നു പറഞ്ഞു ഗൾഫിൽനിന്നായിരുന്നു ആ സന്ദേശം; അത് കണ്ടതോടെ പൂന്തുറക്കാര്‍ ആര്‍ത്തു വിളിച്ചു… ഇത് നമ്മുടെ ശ്യാമാടാ

കഴിഞ്ഞ ദിവസമാണു മഹാരാഷ്ട്രയിൽ
എവിടെയോ ഇരുട്ടിൽ നിസ്സഹായനായിരിക്കുന്ന യുവാവിന്റെ ചിത്രം പൂന്തുറക്കാർക്കു ലഭിക്കുന്നത്. ഇവിടെയുള്ള ആളാണോ എന്നു നോക്കണമെന്നു പറഞ്ഞു ഗൾഫിൽനിന്നായിരുന്നു സന്ദേശം.

പലരെയും കാണിച്ചതോടെ ചിലർ ആർത്തുവിളിച്ചു– ‘‘ഇതു നമ്മുടെ ശ്യാമാടാ.’’ ഭാഷയറിയാതെ നിസ്സഹായനായി മഹാരാഷ്ട്ര തീരത്തിരിക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. ഏതോ ട്രോളിങ് ബോട്ടിൽ പോയതാണെന്നു മാത്രമായിരുന്നു നാട്ടുകാർക്ക് ആകെയുണ്ടായിരുന്ന വിവരം. എന്നാൽ അവിടെ ആരോ എടുത്ത ചിത്രം ഇവിടെയെത്തിയതു യാദൃച്ഛികമെന്ന് ഇവർ പറയും.

മഹാരാഷ്ട്രയിൽ അകപ്പെട്ട കേരള ബോട്ടുകളിലെ ആളുകളുടെ ചിത്രം ആരോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതു കൈമറിഞ്ഞെത്തിയെന്നാണു സൂചന. ഉടൻതന്നെ ശ്യാമിന്റെ വീട്ടിൽ വിവരം അറിയിക്കാനായി ആളെ വിട്ടു. പക്ഷേ മാതാപിതാക്കൾ മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ട്രോളിങ് ബോട്ടായതിനാൽ ഒരു മാസത്തിനുള്ളിൽ തിരികെവരുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു അവർ.

വിവരമറിഞ്ഞ ഇന്നലെ രാവിലെ ശ്യാമിന്റെ അമ്മ റീത്ത പൂന്തുറ പള്ളിയിലെത്തി. മകൻ സുരക്ഷിതനായി മറ്റൊരു തീരത്ത് എത്തിയെന്നറിഞ്ഞതോടെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞു. ശ്യാമിനെ കൂടാതെ കൂടുതൽ നാട്ടുകാർ ബോട്ടുകളിൽ മഹാരാഷ്ട്ര തീരത്തുണ്ടെന്നാണു സൂചന.

Leave a Reply

Your email address will not be published. Required fields are marked *