‘ ഇവനെ പോലെ ധിക്കാരിയായ’ മന്ത്രിയെ ഇനിയും സഹിക്കണമോ ? പരക്കെ കലിപ്പ്

തിരുവനന്തപുരം: മാർത്താണ്ഡം കായൽ കയ്യേറ്റ സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന മന്ത്രി തോമസ് ചാണ്ടി വീണ്ടും ജനങ്ങളെ വെല്ലുവിളിക്കുന്നു.

ഇടതു മുന്നണിയുടെ ജന ജാഗ്രതാ യാത്ര ‘ചാണ്ടി സംരക്ഷണ യാത്ര’യായി മാറുന്നത് ഇടതു അണികളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കെ വീണ്ടും ‘എരിതീയിൽ’ എണ്ണ ഒഴിച്ച് മന്ത്രി ചാണ്ടിയുടെ നടപടി നേതാക്കളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

മുൻപ് വഴിയുണ്ടാക്കിയത് പോലെ ഇനിയും നികത്തുമെന്നാണ് കാനം നയിക്കുന്ന തെക്കൻ മേഖലാ ജാഥയിൽ പങ്കെടുത്ത ശേഷം മന്ത്രി ചാണ്ടി പ്രതികരിച്ചത്.

42 പ്ലോട്ടുകൾ ഇനിയും ബാക്കിയുണ്ടെന്നും തോമസ് ചാണ്ടി ചുണ്ടിക്കാട്ടി.

മാർത്താണ്ഡം കായലിൽ ഇപ്പോൾ ചെയ്ത രീതിയിൽ തന്നെ അവശേഷിക്കുന്ന പ്ലോട്ടുകളിലേക്കും വഴി നിർമ്മിക്കുവാനാണ് തീരുമാനമത്രെ.

നേരത്തെ ആലപ്പുഴയിൽ ജാഥയിൽ പങ്കെടുത്ത ചാണ്ടി പ്രസംഗത്തിൽ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചിരുന്നു.

‘ തനിക്കെതിരെ ചെറുവിരലനക്കാൻ ഒരു അന്വേഷണ സംഘത്തിനും കഴിയില്ലന്നായിരുന്നു’ വെല്ലുവിളി.

മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ഉയരുന്നത്.

ഈ മന്ത്രിയെ എത്രയും പെട്ടന്ന് ‘ചവിട്ടി’പുറത്താക്കിയില്ലങ്കിൽ . . ചുമന്നവനും നാറുമെന്നാണ് പ്രതിഷേധക്കാർ തുറന്നടിക്കുന്നത്.

ഇടത് അണികൾക്ക് പോലും ഈ കോടീശ്വര മന്ത്രിയുടെ വെല്ലുവിളി ദഹിക്കാത്ത സാഹചര്യത്തിൽ സി.പി.എം ഇനി എന്ത് പ്രതികരണമാണ് നടത്തുക എന്നത് മാത്രമാണ് അറിയാനുള്ളത്.

ഒരു വാഹനത്തിൽ കയറ്റി കൊണ്ടു പോകാൻ പോലും ആളില്ലാത്ത പാർട്ടിയുടെ ആളുകളെ മന്ത്രിമാരാക്കുന്ന ഏർപ്പാട് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് സി.പി.എം അനുഭാവികൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്.

പ്രതിപക്ഷവും മന്ത്രിയുടെ വെല്ലുവിളി വലിയ ആയുധമാക്കി സർക്കാറിനെതിരെ ആഞ്ഞടിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *