ഇരുകാലുകളുമില്ലാത്ത രണ്ടരവയസ്സുകാരനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവന്‍ വീണ്ടും പിച്ചവെക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല

അജ്ഞാതനായ ഒരാൾ ഇരുകാലുകളുമില്ലാത്ത
സാലിഹിനെ വാരിയെടുത്ത് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കുമെത്തിക്കുമ്പോള്‍ അവന്‍ വീണ്ടും പിച്ചവെക്കുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍, ദൈവവും ശാസ്ത്രവും ഡോക്ടര്‍മാരും തുണച്ചപ്പോള്‍ അറ്റുപോയ കാലുകള്‍ മണ്ണിലൂന്നി ആറുമാസത്തിനുശേഷം ആ രണ്ടരവയസ്സുകാരന്‍ പിച്ചവെക്കുകയാണ് ജീവിതത്തിലേക്ക്.
അറ്റുപോയ രണ്ട് കാലുകളും മംഗളൂരു എ.ജെ ആശുപത്രിയില്‍ വിജയകരമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തതോടെയാണ് സാലിഹ് വീണ്ടും പഴയ കുസൃതിക്കാരനായി ഓടിക്കളിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 29ന് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയാണ് സാലിഹിന്റെ ഇരുകാലുകളും അറ്റത്. കൂടെയുണ്ടായിരുന്ന മാതാവ് പിലാത്തറ പീരക്കാംതടത്തില്‍ സഹീദ (29) സംഭവസ്ഥലത്ത് മരിച്ചിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയയാളാണ് അവനെയെടുത്ത് ആശുപത്രിയിലെത്തിച്ചത്. മറ്റൊരാള്‍ ഇരുകാലുകളും കൈയിലെടുത്ത് സമീപത്തെ ആശുപത്രിയിലെത്തി. അവിടെനിന്ന് ഇരുകാലുകളും വൃത്തിയുള്ള ബോക്‌സില്‍ ഐസുകൊണ്ട് പൊതിഞ്ഞ് കുഞ്ഞിനെ പയ്യന്നൂര്‍ പൊലീസിന്റെ സഹായത്തോടെ എ.ജെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലാണ് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സാമ്പത്തികസഹായവും പൊലീസ് തന്നെ തരപ്പെടുത്തിനല്‍കി. ആശുപത്രിയിലെത്തുന്നതിന് മുമ്പുതന്നെ വിവരം നല്‍കിയതിനാല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കം പൂര്‍ത്തിയാക്കിയിരുന്നു. ഒരു ലിറ്റര്‍ രക്തം നഷ്ടപ്പെട്ടിരുന്നുവെങ്കിലും ആശുപത്രിയില്‍ എത്തിക്കുമ്പോഴും കുഞ്ഞിന് ബോധമുണ്ടായിരുന്നു. തിരിച്ചറിയാത്ത കുഞ്ഞിന് പൊലീസിന്റെ അനുവാദത്തോടെ ഉടന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഏഴ് മണിക്കൂര്‍കൊണ്ട് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

തുടര്‍ന്ന് ആറുമാസം കുഞ്ഞിന് നിതാന്തജാഗ്രതയോടെ അണുബാധയൊന്നുമേല്‍ക്കാതെ സംരക്ഷിച്ചു. ഇളംപ്രായമായതിനാല്‍ ഞരമ്പുകളുടെ പുനര്‍നിര്‍മിതിയും പുതിയ ഞരമ്പുകളുടെ വളര്‍ച്ചയുമെല്ലാം വേഗത്തിലായി. പുതിയ തൊലി വെച്ചുപിടിപ്പിക്കുന്നതുള്‍പ്പെടെ ആകെ നാല് ശസ്ത്രക്രിയകള്‍ക്ക് സാലിഹ് വിധേയനായി. സാലിഹിന് ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആശുപത്രിയിലെ മൈക്രോവാസ്‌കുലാര്‍ സര്‍ജന്‍ ഡോ. ദിനേഷ് കദമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായ ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് വേര്‍പെട്ടുപോയ ഇരുകാലുകളും വിജയകരമായി തുന്നിച്ചേര്‍ക്കുന്നതെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രശാന്ത് മര്‍ള അറിയിച്ചു. ലോകത്തുതന്നെ പതിമൂന്നാമത്തെ കേസാണ് സാലിഹിന്‍േറതെന്ന് മര്‍ള പറഞ്ഞു.

പരിപൂര്‍ണമായി സുഖം പ്രാപിച്ച് സാലിഹ് ആശുപത്രി വിട്ടു. കാലുകള്‍ വേര്‍പെട്ടിരുന്നുവെങ്കിലും മരണത്തെ തോല്‍പിച്ച മുഖഭാവമായിരുന്നു അവനുണ്ടായിരുന്നതെന്ന് രക്ഷപ്പെടുത്തിയവര്‍ പറഞ്ഞിരുന്നു. നീലേശ്വരം തൈക്കടപ്പുറത്തെ സമീറാണ് സാലിഹിന്റെ പിതാവ്.

Leave a Reply

Your email address will not be published. Required fields are marked *