ഇനി പ്രവാസികൾക്ക് മിന്ന് കെട്ടാനും വേണം ആധാർ, ശുപാർശയായി, നടപടി ഉടൻ

ന്യൂഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഇനി ആധാര്‍ നിര്‍ബന്ധം !

ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണ് ശുപാര്‍ശ നല്‍കിയത്. യുവതികളെ ഭര്‍ത്താവ് ഉപേക്ഷിക്കുന്ന സാഹചര്യവും ഗാര്‍ഹിക പീഡനവും അടക്കമുള്ളവ നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണിത്.

വിവിധ രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളില്‍ മാറ്റം വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെടുന്നവരെയും രാജ്യത്ത് എത്തിക്കാന്‍ കഴിയുംവിധം കരാറില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം.

ഇപ്പോള്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ആധാര്‍ എടുക്കാന്‍ അവസരമുണ്ട്. പ്രവാസികളുടെ ആധാര്‍ എന്റോള്‍മെന്റ് നീക്കവുമായി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശ.

നിലവില്‍ പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനക്കേസുകളില്‍ ഇടപെടാന്‍ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്ര വനിതാ – ശുശുക്ഷേമ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

പലപ്പോഴും നോട്ടീസ് നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇത്തരം കേസുകളില്‍ അന്വേഷണം നടത്തണമെന്നും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 2005-നും 12-നുമിടെ പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട 1300 കേസുകള്‍ എന്‍.ആര്‍.ഐ സെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *